ന്യൂഡൽഹി: യമുന നദി ശുചീകരിക്കാനുള്ള സമയം കുറച്ച് ഡൽഹി ജല മന്ത്രി സത്യേന്ദർ ജെയിൻ. 2025ൽ അല്ല 2023ൽ തന്നെ നദി പൂർണമായി ശുചീകരിക്കുമെന്നും ഡൽഹിയിലെ എല്ലാ മലിനജലവും അടുത്ത ആറ് മാസത്തിനകം ടാപ്പുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 15 മാസത്തിനകം എല്ലാ പ്രദേശങ്ങളിലെയും അഴുക്കുചാൽ ശൃംഖല ബന്ധിപ്പിക്കുമെന്നും 'അസോചം' സംഘടിപ്പിച്ച വെർച്വൽ സെഷനിൽ സത്യേന്ദർ ജെയിൻ പറഞ്ഞു.
''2025ൽ അല്ല 2023ൽ തന്നെ യമുന ശുചീകരിക്കും. എല്ലാ അഴുക്കുചാലുകളും പൂർണ്ണമായും വൃത്തിയാക്കാനാകുമെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്. ഡൽഹിയിലെ നദിയുടെ ഏത് ഭാഗത്തും മുങ്ങിക്കുളിക്കാൻ ഞങ്ങൾ എല്ലാവരേയും ക്ഷണിക്കും. അടുത്ത അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ ഡൽഹിയുടെ ഭൂഗർഭജലവിതാനം 50 വർഷം മുമ്പുണ്ടായിരുന്നത് പോലെ മികച്ചതായിരിക്കും.'' -അദ്ദേഹം വ്യക്തമാക്കി.
നഗരത്തിലെ ജലവിതരണം വർധിപ്പിക്കാനുള്ള പദ്ധതിയിലൂടെ 25 ഏക്കർ സ്ഥലത്ത് പരീക്ഷണം നടത്തിയിട്ടുണ്ടെന്നും അത് വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നുമാണ് സത്യേന്ദർ ജെയിൻ പറയുന്നത്. കുടിവെള്ള വിതരണത്തിലെ വർധന കണക്കിലെടുത്ത്, സമീപഭാവിയിൽ പ്രതിദിനം 1,000 ദശലക്ഷം ഗാലൻ മലിനജല സംസ്കരണ ശേഷി കൈവരിക്കാനാണ് ഡൽഹി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ജൂണോടെ മലിനജല സംസ്കരണ ശേഷി 57 ശതമാനം (പ്രതിദിനം 326 ദശലക്ഷം ഗാലൻ) വർദ്ധിപ്പിക്കുമെന്നാണ് ഡൽഹി ജൽ ബോർഡ് ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.