ന്യൂഡൽഹി: ശ്രീനഗർ വിമാനത്താവളത്തിനു പുറത്തുകടക്കാൻ സമ്മതിക്കാതെ ഡൽഹിയിലേക്ക് തിരിച്ചയച്ച ജമ്മു-കശ്മീർ ഭരണകൂട നടപടിയിൽ പ്രതിഷേധമറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കത്ത്. ഗവർണറെ മു ൻകൂട്ടി അറിയിച്ചശേഷം ശ്രീനഗറിലെത്തിയ ഒരു ദേശീയ പാർട്ടിയുടെ നേതാവിന്, അനാരോഗ്യം നേരിടുന്ന സ്വന്തം പാർട്ടി എം.എൽ.എയെ കാണാൻപോലും അനുവാദമില്ലാത്തവിധം ജമ്മു-കശ്മീർ സുരക്ഷാസേനയുടെ തടവിലാണെന്ന് യെച്ചൂരി കത്തിൽ ചൂണ്ടിക്കാട്ടി.
അനാരോഗ്യം നേരിടുന്ന പാർട്ടി എം.എൽ.എ യൂസുഫ് തരിഗാമിയെ കാണാനാണ് യെച്ചൂരിയും സി.പി.െഎ ജനറൽ സെക്രട്ടറി ഡി. രാജയും കഴിഞ്ഞ ദിവസം ശ്രീനഗർ വിമാനത്താവളത്തിലെത്തിയത്. മണിക്കൂറുകൾ തടഞ്ഞുവെച്ചശേഷം ഡൽഹിക്ക് ഇരുവരെയും തിരിച്ചയക്കുകയായിരുന്നു.
രാജ്യസഭയിലെ പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിനും നേരേത്ത ഇതേ അനുഭവമുണ്ടായി. ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്ന കാരണം പറഞ്ഞായിരുന്നു തിരിച്ചയക്കൽ. പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി ജമ്മു-കശ്മീരിനെ മുറിക്കുന്നതിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തിൽ യെച്ചൂരി വിശദീകരിച്ചു. മൗലികാവകാശങ്ങൾ ഉറപ്പുവരുത്താൻ രാഷ്ട്രപതിയുടെ ഇടപെടൽ അദ്ദേഹം അഭ്യർഥിച്ചു.
ചികിത്സ ആവശ്യമായ ഒരാളെ ചെന്നുകാണാൻപോലും അവസരം നിഷേധിക്കുന്നത് അടിസ്ഥാന ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. തരിഗാമിക്ക് നൽകാൻ കുറച്ചു മരുന്നുകളും തെൻറ കൈവശമുണ്ടായിരുന്നു.
ജനങ്ങളുടെ പ്രതിഷേധം അടിച്ചമർത്താൻ പൊലീസ് അതിക്രമം കാണിക്കുന്നുവെന്ന് ഇന്ത്യയിലെയും വിദേശത്തെയും ചില വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭരണഘടനയുടെ കാവലാളായ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെടുന്ന ഗുരുതര വിഷയമാണിതെന്നും കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.