ഡൽഹി സർവകലാശാലയിൽ പുതിയ ഭഗവദ്ഗീത കോഴ്‌സുകൾ; ബഹുസ്വര ധാർമികതയെ തുരങ്കംവെക്കുന്നതെന്ന് അക്കാദമിക് കൗൺസിൽ അംഗങ്ങൾ

ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ ഭഗവദ്ഗീതയുമായി ബന്ധപ്പെട്ട പുതിയ കോഴ്സുകൾ മതേതര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബഹുസ്വര ധാർമികതയെ തുരങ്കം വെക്കുന്നതെന്ന് വിമർശനം. വൈസ് ചാൻസലർ യോഗേഷ് സിങ് അധ്യക്ഷനായ സർവകലാശാലയുടെ അക്കാദമിക് കൗൺസിലാണ് ഭഗവദ്ഗീതയുടെ മഹത്വത്തെക്കുറിച്ചുള്ള നാല് ‘മൂല്യ വർധിത’ കോഴ്‌സുകൾക്ക് വെള്ളിയാഴ്ച അംഗീകാരം നൽകിയത്.

ഗീത ഫോർ എ ഹോളിസ്റ്റിക് ലൈഫ്, ലീഡർഷിപ്പ് എക്സലൻസ് ത്രൂ ദി ഗീത, ദി ഗീത ഫോർ എ സസ്​റ്റെയ്നബിൾ യൂനിവേഴ്സ്, ദി ഗീത: നാവിഗേറ്റിങ് ലൈഫ് ചലഞ്ചസ് ആൻഡ് എൻവിസേജിങ് വിക്ഷിത് ഭാരത് എന്നിവയാണ് പുതിയ കോഴ്‌സുകൾ.

റിസോഴ്സുകളുടെ ലഭ്യതയെ അടിസ്ഥാനമാക്കി കോളജുകൾക്ക് തെരഞ്ഞെടുക്കാൻ സർവകലാശാല ഇതിനകം തയാറാക്കിയ കോഴ്സ് പട്ടികയുടെ ഭാഗമാണ് ഇവ. നാല് വർഷത്തെ യു.ജി പ്രോഗ്രാമിലെ വിദ്യാർഥികൾ ആദ്യ രണ്ട് വർഷങ്ങളിൽ നാല് മൂല്യവർധിത കോഴ്സുകൾ പഠിക്കേണ്ടതുണ്ട്.

അക്കാദമിക് കൗൺസിൽ അംഗങ്ങളായ മായ ജോൺ, മോനാമി സിൻഹ, മിഥുരാജ് ധുസിയ, ബിശ്വജിത് മൊഹന്തി എന്നിവർ കോഴ്‌സുകളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചും വിഷയങ്ങളുടെ സ്വഭാവത്തെക്കുറിച്ചുമുള്ള വിയോജനം സർവകലാശാലയെ അറിയിച്ചു. ഗീതയിൽ മാത്രമായി നിരവധി മൂല്യവർധിത കോഴ്‌സുകൾ രൂപപ്പെടുത്തിയത് ഇന്ത്യയുടെ വൈവിധ്യമാർന്നതും വ്യത്യസ്‌തവുമായ പാരമ്പര്യങ്ങളുമായുള്ള വിദ്യാർത്ഥികളുടെ ഇടപഴകൽ തടസ്സപ്പെടുത്തുന്നതാണെന്ന് മായ ജോൺ പറഞ്ഞു.

‘തീർച്ചയായും യുവ വിദ്യാർഥികൾക്ക് അവരുടെ മത ധാർമികത തീരുമാനിക്കുന്നതിന് മുമ്പ് മൂല്യവത്തായ പാരമ്പര്യങ്ങളുമായുള്ള ഒരു ഇടപഴകൽ നിർണായകമാണ്. കൂടാതെ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ (എച്ച്) 'ശാസ്ത്രീയ മനോഭാവവും മാനവികതയും പരിഷ്കരണവും വികസിപ്പിക്കേണ്ടതിന്റെ’ ആവശ്യകതയെ അടിവരയിടുന്നു. ഭരണഘടനക്ക് വിരുദ്ധമായി, ഈ കോഴ്‌സുകൾ നിഗൂഢമായ ചിന്തയെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നുവെന്നത് വ്യക്തമാണ് -മായ ജോൺ വിയോജനക്കുറിപ്പിൽ വ്യക്തമാക്കി.

ഭരണഘടനയുടെ മതേതര തത്വങ്ങൾക്ക് കീഴിൽ സ്ഥാപിതമായ ഒരു സർവകലാശാല മതഗ്രന്ഥങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത് വിമർശനാത്മക വിശകലനത്തിനോ പുരാണ പഠനങ്ങളുടെ ഭാഗമായോ മാത്രമേ പാടുള്ളൂ. സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നതിനോ ഒരു പ്രത്യേക ജീവിതരീതി നിർദേശിക്കുന്നതിനോ വേണ്ടിയാവരുതെന്നും മോനാമി സിൻഹയുടെ കുറിപ്പിൽ പറയുന്നു.

‘ഗീത വ്യക്തിപരമായി മാർഗനിർദേശം തേടുന്ന ഒരു ഗഹനമായ ദാർശനിക ഗ്രന്ഥമാണെങ്കിലും വൈവിധ്യമാർന്ന വിശ്വാസ സമ്പ്രദായങ്ങളിൽ ഒരു മതഗ്രന്ഥം പ്രചരിപ്പിക്കുന്നത് ഒരു മതേതര വിദ്യാഭ്യാസ സ്ഥാപനത്തിന് അനിവാര്യമായ ബഹുസ്വരവും ഉൾക്കൊള്ളൽപരവുമായ ധാർമികതയെ ദുർബലപ്പെടുത്തും. അതുവഴി സമത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെയും വെല്ലുവിളിക്കപ്പെടും -സിൻഹ പറഞ്ഞു.

ഡൽഹി സർവകലാശാല കഴിഞ്ഞ വർഷം വേദ ഗണിതത്തിൽ മൂല്യവർധിത കോഴ്‌സുകൾ അവതരിപ്പിച്ചിരുന്നു.

Tags:    
News Summary - Delhi University's new courses on Bhagavad Gita draw criticism for religious bias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.