കണ്ണൂർ: കോൺഗ്രസ് മതേതരത്വത്തോട് ഉത്തരവാദിത്തമുള്ള പാർട്ടിയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് ഒരു മഹത്തായ പാർട്ടിയാണ്. മതേതരത്വത്തോട് ഉത്തരവാദിത്തമുണ്ട്. അവർ ഒരിക്കലും ബി.ജെ.പിയോടൊപ്പം ചേർന്നിട്ടില്ല. പക്ഷേ എന്തുകൊണ്ടാണ് ബി.ജെ.പിയിൽ ഇത്രയധികം അവരുടെ നേതാക്കൾ ചേരുന്നത്. അത് സംഭവിക്കണമെന്ന് സി.പി.എമ്മും രാജ്യവും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പിയിലേക്ക് കോൺഗ്രസിൽ നിന്ന് ആളുകൾ പോകാതിരിക്കണമെങ്കിൽ കോൺഗ്രസ് അവരുടെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കണം. മതേതര നിലപാടിലെ വിട്ടുവീഴ്ച ഹിന്ദുത്വ ശക്തികളേയെ സഹായിക്കൂ. അത്തരം വിട്ടുവീഴ്ച സമീപനം സ്വീകരിക്കുന്ന കക്ഷികളെ സംബന്ധിച്ചും അത് അപകടകരമായി തീരും. അവരുടെ തന്നെ സ്വന്തം അണികൾ ബി.ജെ.പിയിലേക്കു പോകും. അതാണ് മുൻകാല അനുഭവങ്ങൾ കാണിക്കുന്നത്. ഞങ്ങളുടെ നിലപാട് മതേതര ശക്തികളെ വിശാലമായി അണിനിരത്തുകയാണ് വേണ്ടതെന്നാണ്. പക്ഷേ ഞങ്ങൾ കേരളത്തിൽ കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചിട്ടും അവർ പങ്കെടുക്കാൻ തയാറാവുന്നില്ല. ശശി തരൂരിനെ ക്ഷണിച്ചു. അദ്ദേഹത്തെ വിലക്കി. മണിശങ്കർ അയ്യരെ ക്ഷണിച്ചപ്പോൾ അദ്ദേഹത്തോടും പോകരുതെന്ന് പറഞ്ഞു. ഞങ്ങൾ ക്ഷണിക്കുകയും അവർ അതിന് തയാറാവാതിരിക്കുകയും ചെയ്യുമ്പോൾ സി.പി.എമ്മിനെ പഴിക്കരുത്. പാർട്ടി കോൺഗ്രസ് സെമിനാർ മതേതരത്വത്തെ സംബന്ധിച്ചാണ്, ഈ മുന്നണി അതിനു വേണ്ടിയുള്ള പോരാട്ടത്തിനാണ്. മതേതരത്വത്തെ കുറിച്ചുള്ള സെമിനാറിൽ പെങ്കടുക്കാൻ അവർ തയാറാകാതിരുന്നാൽ അതിന്റെ അർഥം എന്താണ്. അത് മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി.
സി.പി.എം ഒരിക്കലും ഈ വർഗീയ ശക്തികളുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടില്ല. അടിയന്തരാവസ്ഥക്ക് എതിരായ പോരാട്ടത്തിൽ ഞങ്ങളും പോരാടി അവരും പോരാടി. വി.പി. സിങ് സർക്കാർ രൂപവത്കരിച്ചപ്പോൾ ദേശീയ മുന്നണി- ഇടത് മുന്നണി കൂട്ടുകെട്ടാണ് രൂപവത്കരിച്ചത്. ബി.ജെ.പിയുള്ളതിനാൽ സി.പി.എം ദേശീയ മുന്നണിയുടെ ഭാഗമായില്ല. ബി.ജെ.പി സർക്കാറിന്റെ ഭാഗമായാൽ പിന്തുണക്കില്ലെന്ന് ഇടത് കക്ഷികൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഴ്ചതോറുമുള്ള യോഗം ബി.ജെ.പി, ഇടത് നേതാക്കളുമായി പ്രത്യേകമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.