ലഖ്നോ: ഉത്തർപ്രദേശിൽ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുക യോഗി ആദിത്യനാഥിനെ തന്നെയെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ആജ് തക്കിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയായ 'പഞ്ചായത്ത് ആജ് തക്കിൽ' സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി.
'യോഗി ആദിത്യനാഥിന്‍റെ കീഴിലുള്ള ഞങ്ങളുടെ സർക്കാർ 2017 മുതൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നു. പ്രതിപക്ഷത്തിന് ഉയർത്തിക്കൊണ്ടുവരാൻ പ്രശ്നങ്ങളില്ല. മുഖ്യമന്ത്രിയുടെ നേതൃത്വം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. അദ്ദേഹംതന്നെ അടുത്ത തെരഞ്ഞെടുപ്പിൽ നേതൃത്വം ഏറ്റെടുക്കണമെന്ന് ഞങ്ങൾ ചിന്തിക്കുന്നു' -മൗര്യ പറഞ്ഞു.
ഉത്തർപ്രദേശിൽ ഞങ്ങളുടെ പാർട്ടിയുടെ പ്രധാന പേരാണ് യോഗി ആദിത്യനാഥ്. അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി പാർട്ടി അവസാന തീരുമാനമെടുക്കുമെന്ന് കരുതുന്നുവെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
'എന്‍റെ വ്യക്തിപരമായ തെരഞ്ഞെടുപ്പിനെക്കുറിച്ച് 2017ൽ ഞാൻ വ്യക്തമാക്കിയിരുന്നു. 2017ൽ ബി.ജെ.പി യു.പി അധ്യക്ഷനായിരുന്നു ഞാൻ, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയുമായി. എന്‍റെ താൽപര്യം വ്യക്തമാണ്. പാർട്ടി മുഴുവനും അദ്ദേഹത്തെ പിന്തുണക്കുന്നു' -തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി വ്യക്തിപരമായി ആരെ പരിഗണിക്കുമെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മൗര്യ.
മുഖ്യമന്ത്രി സ്ഥാനത്തെചൊല്ലി സംസ്ഥാനത്ത് അസ്വാരസ്യങ്ങൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെകളിലും ഇന്നും നാളെയും പ്രശ്നങ്ങൾ നേരിടേണ്ടിവരില്ലെന്നായിരുന്നു പ്രതികരണം.
പ്രതിപക്ഷ ക്യാമ്പിലാണ് പ്രശ്നങ്ങൾ. 2014, 2017, 2019 തെരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചതിൽ പ്രതിപക്ഷം അസ്വസ്ഥരാണ്. 2022ലും 2024ലും ഞങ്ങൾ വിജയിക്കും. ഉത്തർപ്രദേശ് കോവിഡിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത സംസ്ഥാനമാണ്. മറിച്ച് ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. യു.പി ഭരണം അഖിലേഷ് യാദവിന്‍റെ കീഴിലും കേന്ദ്രഭരണം രാഹുൽ ഗാന്ധിയുടെ കീഴിലുമായിരുന്നെങ്കിൽ ദുരന്തമാകുമായിരുന്നു -കേശവ് പ്രസാദ് മൗര്യ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.