മീററ്റ്: സഹോദരിയുടെ ഫീസ് അടയ്ക്കാൻ കോളേജിൽ പോയ യുവാവിനെ തൊപ്പി ധരിച്ചതിന് ചിലർ സംഘം ചേർന്ന് മർദിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഉത്തർ പ്രദേശ് മീററ്റിലെ ലിസാരി ഗേറ്റ് പ്രദേശത്തെ താമസക്കാരനായ മുഹമ്മദ് സാഹിൽ ഫീസ് കൗണ്ടറിലെ ക്യൂവിൽ നിൽക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
അക്രമികളിലൊരാൾ ഇടിക്കാൻ ഇഷ്ടിക എടുക്കുന്നതും തൊപ്പി അഴിച്ചുമാറ്റുന്നതും വീഡിയോയിൽ കാണാം. കോളേജിൽ പഠിക്കുന്ന സഹോദരിയും സാഹിലിനൊപ്പം ഉണ്ടായിരുന്നു. അക്രമികൾ വർഗീയ അധിക്ഷേപങ്ങൾ നടത്തിയതായും പരാതിയുണ്ട്. യുവാക്കൾ തൊപ്പി നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും മർദിക്കുകയുമായിരുന്നു.
മുഹമ്മദ് സാഹിലിന്റെ സഹോദരി തടയാൻ ശ്രമിക്കുന്നതും സഹായത്തിനായി അപേക്ഷിക്കുന്നതും കാണാം. പ്രതികൾക്കെതിരെ മുറിവേൽപ്പിക്കുക, സമാധാനം തകർക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും എസ്.പി. പിയൂഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.