ഹൈദരാബാദ്: നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ആന്ധ്ര പ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ ‘സമ്മാനപ്പെട്ടി’യെച്ചൊല്ലി വിവാദം. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി, തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർമാരെ പാട്ടിലാക്കാൻ നൽകിയതായി ആരോപിക്കപ്പെടുന്ന ‘ഇൻസെന്റീവ് ബോക്സ്’ ആണ് ഏറെ വാഗ്വാദങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയത്.
വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ ലോഗോ പതിച്ച ‘സമ്മാനപ്പെട്ടി’യിലെ ഇനങ്ങളാണ് വിവാദങ്ങൾക്കും ചർച്ചകൾക്കും കൂടുതൽ എരിവു പകർന്നത്. ബോക്സിനുള്ളിലെ ഒരു കവറിൽ അടക്കം ചെയ്തിരിക്കുന്ന 10000 രൂപയാണ് ഏറ്റവും വലിയ ‘ആകർഷണം’. ഒരു മദ്യക്കുപ്പി, മിക്സ്ചറിന്റെ രണ്ടു ചെറിയ പാക്കറ്റുകൾ, ഒരു കെട്ട് ബീഡി, പാൻ മസാല, ചീട്ടുപെട്ടി, ഗർഭനിരോധന ഉറകൾ എന്നിവയാണ് വിവാദ പെട്ടിയിലെ ഇനങ്ങൾ. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സമ്മാനപ്പൊതിയുമായി വോട്ടർമാരെ സ്വാധീനിക്കാനാണ് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നു. എന്നാൽ, പാർട്ടി ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്താൻ മറ്റാരെങ്കിലും തയാറാക്കിയതാണോ സമ്മാനപ്പെട്ടിയെന്നതും വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.