ഹിസാർ: ഇൻസ്റ്റഗ്രാം ചാറ്റിനിടെ ജാതീയ പരാമർശം നടത്തിയതിന് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റിൽ. ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലിനെതിരെ നടത്തിയ ജാതീയ പരാമർശത്തിന്‍റെ പേരിലാണ് അറസ്റ്റ്. ഹരിയാനയിലെ ഹാൻസി പൊലീസ് അറസ്റ്റു ചെയ്ത യുവരാജിനെ പിന്നീട് ഇടക്കാല ജാമ്യത്തിൽ വിട്ടു. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് താരത്തിന് ജാമ്യം അനുവദിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ എസ്‌സി/എസ്ടി ആക്ട് പ്രകാരമാണ് യുവരാജിനെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ചയാണ് യുവരാജിനെ അറസ്റ്റ് ചെയ്തതെന്ന് ഹാൻസി എസ്.പി നിതിക ഗേലോട്ട് വ്യക്തമാക്കി. താരത്തിന് പിന്നീട് ജാമ്യം അനുവദിച്ചതായും എസ്.പി അറിയിച്ചു. യുവരാജിന്‍റെ ഫോൺ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവരാജിനെതിരെ കേസെടുത്തത്.
2020 ഏപ്രിലിൽ ഇന്ത്യൻ താരം രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചെഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്. തമാശ രൂപത്തിൽ പറഞ്ഞതാണെങ്കിലും പരിഹാസത്തിന് യുവരാജ് തിരഞ്ഞെടുത്ത വാക്കാണ് ദലിത് സംഘടനകളെയും ഒരു വിഭാഗം ആരാധകരെയും കുപിതരാക്കിയത്.
യുവരാജ് മാപ്പു പറയണം എന്നാവശ്യപ്പെടുന്ന ഹാഷ്ടാഗ് പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. അർബുദത്തെപ്പോലും തോൽപ്പിച്ച യുവരാജിന് ജാതീയചിന്തകളെ തോൽപ്പിക്കാൻ ഇനിയുമായിട്ടില്ലെന്നായിരുന്നു വിമർശനം.
കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ഡൗണിലായതിനു പിന്നാലെ ടിക്ടോക്കിൽ വിഡിയോകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു യുസ്‍വേന്ദ്ര ചെഹൽ. കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചാണ് ചെഹൽ ടിക്ടോക്കിൽ വിഡിയോ ചെയ്തിരുന്നത്. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ഇക്കാര്യം ചർച്ചയായപ്പോഴാണ് ചെഹലിനെ കളിയാക്കാൻ യുവരാജ് വിവാദ പരാമർശം നടത്തിയത്.
സംഭവം വിവാദമായതോടെ യുവരാജ് പരസ്യമായി ഖേദപ്രകടനം നടത്തിയിരുന്നു. ജാതീയമായ തരംതിരിവുകളിൽ താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. യുവരാജിനെ അറസ്റ്റ് ചെയ്താലും ജാമ്യം അനുവദിക്കണമെന്ന് പഞ്ചാബ്–ഹരിയാന ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.