യു.എൻ രക്ഷാസമിതി താൽകാലിക അംഗത്വം: ഇറ്റലിയും നെതർലാൻഡ്സും വീതംവെക്കും

യുഎൻ: ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിൽ ലഭിച്ച താൽകാലിക അംഗത്വം ഇറ്റലിയും നെതർലാൻഡ്സും വീതംവെക്കും. അംഗത്വത്തിനുള്ള വോട്ടെടുപ്പിൽ ഇറ്റലിക്കും നെതർലാൻഡ്സിനും തുല്യ വോട്ട് ലഭിച്ച സാഹചര്യത്തിലാണ് കാലാവധി വീതംവെക്കാൻ ഇരു രാജ്യങ്ങളും ധാരണയായത്.

2017 മുതൽ ആദ്യ ഒരു വർഷം ഇറ്റലിയും രണ്ടാമത്തെ വർഷം നെതർലാൻഡ്സും രക്ഷാസമിതിയിൽ അംഗമാകും. 193 അംഗ സമിതിയിൽ 95 വീതം വോട്ടുകളാണ് ഇരു രാജ്യങ്ങൾക്ക് ലഭിച്ചത്. യൂറോപ്യൻ രാജ്യങ്ങളുടെ ഐക്യത്തിന്‍റെ സന്ദേശമാണ് അംഗത്വ കാലാവധി വീതംവെച്ചതിലൂടെ വ്യക്തമായതെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി പൗലോ ജെന്‍റിലോനി വ്യക്തമാക്കി.

ഇറ്റലിയും നെതർലാൻഡ്സും കൂടാതെ ഖസാകിസ്താൻ, എത്യോപ്യ, ബൊളീവിയ എന്നീ രാജ്യങ്ങളും താൽകാലിക അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

യു.എൻ രക്ഷാസമിതിയിൽ അഞ്ച് സ്ഥിരാംഗങ്ങളും 10 താൽകാലിക അംഗങ്ങളുമാണുള്ളത്. അമേരിക്ക, റഷ്യ, ബ്രിട്ടൺ, ഫ്രാൻസ്, ചൈന എന്നിവർ സ്ഥിരാംഗങ്ങളും ഈജിപ്ത്, ജപ്പാൻ, സെനഗൾ, യുക്രെയ്ൻ, ഉറുഗ്വെ എന്നിവർ നിലവിലെ താൽകാലിക അംഗങ്ങളുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.