'രാഹുൽ ഗാന്ധി ഇവിടെ മത്സരിക്കുന്നതിൽ ശരികേടുണ്ട്'
text_fieldsവർഗീയ രാഷ്ട്രീയത്തിനെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്താനുള്ള പ്രാരംഭ ആലോചന യോഗങ്ങൾ മുതൽ അതിന്റെ ഭാഗമാണ് ബിനോയ് വിശ്വം. കേരളത്തിലാവട്ടെ ഇൻഡ്യ സഖ്യത്തിലെ പ്രധാന കക്ഷികളായ കോൺഗ്രസും ഇടതു പാർട്ടികളും നേർക്കുനേർ പോരാട്ടത്തിലുമാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ചുമതല ഏറ്റെടുത്ത ശേഷം വരുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബിനോയ് വിശ്വം മാധ്യമവുമായി സംസാരിക്കുന്നു
⇒ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ട കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് ഇക്കുറി സാഹചര്യം എത്രത്തോളം മാറിയിട്ടുണ്ട് ?
എല്ലാ ചർച്ചകളും കണക്കെടുപ്പുകളും നടത്തി പറയുകയാണ്, കഴിഞ്ഞ പ്രാവശ്യത്തെ തിരിച്ചടിക്ക് ഞങ്ങൾ പകരം വീട്ടും. കേരളത്തിന്‍റെ മൂഡ് അതാണ്. സീറ്റ് എണ്ണം പറയുന്നില്ല. 20ൽ 20 ഉം ജയിക്കാൻ വേണ്ടിയാണ് പോരാട്ടം. അങ്ങനെ പറയാനുള്ള സംഘടനാ ശേഷിയും രാഷ്ട്രീയ സാഹചര്യവും പക്വതയും ഞങ്ങൾക്കുണ്ട്. ഇത് വെറും വാക്കല്ല.
⇒ വയനാട് രാഹുൽ ഗാന്ധി, തിരുവനന്തപുരത്തും തൃശൂരും കടുത്ത മത്സരം ഉറപ്പ്- സി.പി.ഐ സ്ഥാനാർഥികൾക്ക് ജയിച്ച് കയറാനാകുമോ?.
നാലു സീറ്റിന്‍റെ കാര്യം പറയാൻ നിൽക്കുന്ന പാർട്ടിയല്ല സി.പി.ഐ. 20 മണ്ഡലങ്ങളിലെയും ഇടത് സ്ഥാനാർഥികൾ സി.പി.ഐക്കാരാണ് എന്ന മട്ടിലാണ് ഞങ്ങൾ സമീപിക്കുന്നത്. സി. പി.ഐ. മത്സരിക്കുന്ന നാല് സീറ്റുകളുടെ രാഷ്ട്രീയ പ്രാധാന്യം അറിയാം. ആര് അപ്പുറത്ത് വന്നാലും അവരെ നേരിടാനും ഈ രാഷ്ട്രീയ സമരത്തിൽ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്ന ശരികളും ബോധ്യങ്ങളും വിജയിപ്പിക്കാനും ശേഷിയുള്ള സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്. ഞങ്ങളുടെ രാഷ്ട്രീയ ധാരണക്കൊത്ത വിധം നടത്തിയ പഠനങ്ങളും പരിശോധനകളും ഗൃഹപാഠവും കാരണമാണ് സ്ഥാനാർഥികൾ വന്നത്. ഇടത് പട്ടിക മികച്ചതാണ്. സി.പി.ഐ. സ്ഥാനാർഥികളെ കേരള സമൂഹവും ഇടത് ബന്ധുക്കളും നല്ല മതിപ്പോടെ പറയുന്നുണ്ട്.
⇒ ഇൻഡ്യ മുന്നണിയിലെ കക്ഷിക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നതിലെ അസാംഗത്യം സി.പി.ഐ. നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. കോൺഗ്രസ് ഇനിയും അത് മുഖവിലയ്ക്ക് എടുത്തതായി തോന്നിയിട്ടില്ല. അതിനെ എങ്ങനെ കാണുന്നു?.
രാഹുൽ ഗാന്ധിക്ക് ഇന്ത്യയിൽ എവിടെയും മത്സരിക്കാൻ അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ പോലെ ഒരാളെ വയനാട്ടിലേക്ക് മത്സരിക്കാൻ പറഞ്ഞു വിടുന്നതിൽ കോൺഗ്രസ് ഉത്തരം പറയാൻ ബാധ്യതപ്പെട്ട ചോദ്യങ്ങളുണ്ട്. ഈ സമരത്തിന്‍റെ കേന്ദ്ര വേദി ഏതാണ്?. സമരഭൂമി ഇന്ത്യയുടെ ഹൃദയഭൂമിയായ വടക്കേ ഇന്ത്യയാണോ, 20 എം.പിമാരെ മാത്രം ജയിപ്പിക്കാൻ കഴിയുന്ന കേരളമാണോ?. ഇത് കോൺഗ്രസ് ചിന്തിക്കണമെന്നാണ് ഞങ്ങൾ പറഞ്ഞത്. എതിർപക്ഷത്ത് ഇടത് പക്ഷമാണോ ആർ.എസ്.എസും ബി.ജെ.പിയുമാണോ എന്നതാണ് രണ്ടാമത്തെ ചോദ്യം. ആർ.എസ്.എസും ബി.ജെ.പിയുമാണെങ്കിൽ രാഹുൽ ഗാന്ധിയെ പോലെയൊരാൾ മത്സവേദി വടക്കേ ഇന്ത്യയിലോ കേരളം ഒഴിച്ച് എവിടെയെങ്കിലുമോ ആക്കണമെന്ന് കോൺഗ്രസ് ആലോചിക്കണമായിരുന്നു. അങ്ങനെ ചിന്തിക്കാൻ കോൺഗ്രസിനാകുന്നില്ല. വയനാട് സീറ്റ് നിലവിൽ വന്ന അന്നുമുതൽ ഞങ്ങൾ മത്സരിക്കുന്നു. സി.പി.ഐ. മത്സരിക്കുന്ന ഒരു മണ്ഡലത്തിലേക്ക് രാഹുൽ ഗാന്ധിയെപറഞ്ഞയക്കുന്നവർ ഇത്തരം ചില ചോദ്യങ്ങൾക്ക് ഉത്തരം പറയണം. എന്നാൽ ഉത്തരം കിട്ടിയിട്ടില്ല. അവർ മറ്റെന്തൊക്കെയോ ആണ് പറയുന്നത്. രാഹുൽ ഗാന്ധിയുമായി എനിക്ക് നല്ല വ്യക്തിബന്ധമുണ്ട്. നല്ല ബഹുമാനവുമുണ്ട്. അദ്ദേഹത്തോട് നല്ല മതിപ്പുള്ള ഇടതുപക്ഷ പ്രവർത്തകനാണ് ഞാൻ. ഇന്ത്യൻ രാഷ്ട്രീയത്തിൽ നെഹ്റു പാരമ്പര്യങ്ങളെ മറക്കാത്ത, കോൺഗ്രസിന് ദിശാബോധം നൽകാൻ പാടുപെടുന്ന നേതാവാണ് രാഹുൽ. അങ്ങനെയൊരാളെ ഇൻഡ്യ മുന്നണിയുടെ രാഷ്ട്രീയം മറന്ന് കേരളത്തിൽ മത്സരിപ്പിക്കുന്നതിന്‍റെ രാഷ്ട്രീയ ശരിയെ കുറിച്ചാണ് കോൺഗ്രസ് ചിന്തിക്കേണ്ടത്. കോൺഗ്രസിന്‍റെ രാഷ്ട്രീയ ബുദ്ധിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്. അത് ആ ഗൗരവത്തിൽ കാണാൻ കഴിയാത്തതാണ് കോൺഗ്രസിന്‍റെ പ്രശ്നം.
രാഷ്ട്രീയത്തിന്‍റെ ഗൗരവത്തെ കുറിച്ച് ചിന്തിക്കാൻ പലപ്പോഴും അവർക്ക് കഴിയാതെ പോകുന്നു. മുക്കിനപ്പുറമുള്ളത് കാണാൻ കഴിയാതെ പോകുന്നു. അതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് കൂട്ടപാലായനം ഉണ്ടാകുന്നത്. ഗാന്ധിയുടെ പാർട്ടിയിൽ നിന്ന് ഗോഡ്സെയുടെ പാർട്ടിയിലേക്ക് നേതാക്കൾ നിമിഷം കൊണ്ട് മാറുകയാണ്. അഭിഷേക് സിഘ്വി പറഞ്ഞത് ശ്രദ്ധേയമാണ്. തലേന്ന് അത്താഴം കഴിക്കുമ്പോഴും പിറ്റേന്ന് പ്രാതൽ കഴിക്കുമ്പോഴും കോൺഗ്രസായിരുന്നു. പക്ഷേ 11 മണിക്ക് വോട്ട് ചെയ്തപ്പോൾ അവർ ബി.ജെ.പിയായി എന്ന്. ഇതാണ് കോൺഗ്രസ്. ഈ ചുറ്റുപാടിൽ ഇൻഡ്യ സഖ്യ രാഷ്ട്രീയത്തിന് വേണ്ടി എവിടെയും പതറാതെ ഉറച്ചു നിൽക്കാൻ ഇടതുപക്ഷത്തുള്ളവർക്കാകും. തൂക്കുസഭ വന്നാൽ ഏറ്റവും വലിയ കക്ഷിയായി എൻ.ഡി.എ വന്നാൽ എന്തുണ്ടാകുമെന്ന് എല്ലാവർക്കുമറിയാം. കോർപറേറ്റുകൾ വലിയ പണച്ചാക്കുമായി ആ രാത്രി ഇറങ്ങും. എം.പിമാരെ വിലക്ക് വാങ്ങും. ആ പണം വാങ്ങില്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയുന്നവർ കോൺഗ്രസിൽ ഒരുപാടുപേർ ഇല്ല. എത്ര പണം കാട്ടി വിളിച്ചാലും ഇടതുപക്ഷക്കാനായ ഒരാൾ പോലും അതിൽ വീഴില്ല. ഏതെങ്കിലും ഒരു പഴയ കണക്കിന്‍റെ കാര്യം പറഞ്ഞ് രാത്രി തന്നെ ഇ.ഡിയും ഐ.ടിയും എൻ.ഐയും വീടിന്‍റെ വാതിൽ തട്ടിവിളിക്കാൻ വരും. അങ്ങനെ ഭീഷണിപ്പെടുത്തിയാൽ ഒരുപാട് നേതാക്കളുടെ മുട്ട് കൂട്ടിയിടിക്കും. അതിലൊന്നും ഞങ്ങൾ കമിഴ്ന്ന് വീഴില്ല. അത്തരം കെൽപും ആർജവവും ഉള്ള എത്ര പേരുണ്ട് കോൺഗ്രസിൽ. ഇൻഡ്യ സഖ്യത്തിന്‍റെ രാഷ്ട്രീയത്തിന് വേണ്ടി പോരടിക്കാനും പരമാവധി ആളുകൾ ഉണ്ടാകും.
⇒ പ്രധാനമന്ത്രി മോദിയും ബി.ജെ.പി. നേതാക്കളും കൂട്ടത്തോടെ കാടിളക്കി തൃശൂരിൽ ഇറങ്ങുന്നു. വലിയ അവകാശവാദങ്ങളാണ് ബി.ജെ.പിക്ക്. കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് ചില കോൺഗ്രസ് നേതാക്കളും പ്രതികരിച്ചു. തൃശൂരിൽ എന്താണ് നടക്കുന്നത്?.
തൃശൂരിലെ പൾസ് നമ്മളെല്ലാവരും കാണുന്നുണ്ട്. രണ്ടാഴ്ചക്കിടെ രണ്ട് തവണ അവിടെ മോദിയെത്തി. മണിപ്പൂരിലേക്ക് ഒരു വട്ടം പോകാൻ കൂട്ടാക്കാത്ത മോദിയാണ് ഒന്നര മാസത്തിനിടെ മുന്നുവട്ടം കേരളത്തിലേക്ക് വന്നത്. മണിപ്പൂരിനെ കുറിച്ച് ഒരു ക്ഷമാപണത്തിന്‍റെ വാക്ക് പോലും പറയാൻ തയാറായില്ല. മോദിക്കും ബി.ജെ.പിക്കും ആർ.എസ്.എസിനും എത്ര ഭയപ്പാടാണ് ഇതുപക്ഷത്തെയും കേരളത്തെയും കുറിച്ചെന്ന് ഇത് വ്യക്തമാക്കുന്നു. അർഹതപ്പെട്ട പണം തരാതെയും ആഹാരം തരാതെയും ഞെരുക്കുമ്പോഴും പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിക്കുമ്പോഴും മുട്ട് വളക്കാതെ പതറാതെ പോരാടുന്ന ഇടതിനെ കുറിച്ച ഭയപ്പാടാണ് അവർക്ക്. അതുകൊണ്ടാണ് ഈ പരക്കം പാച്ചിൽ.
അന്ധമായ ഇടതുപക്ഷ വിരോധം മൂലം കോൺഗ്രസും ബി.ജെ.പിയും കൂടി കൈകോർത്ത് ഞങ്ങളെ ചെറുക്കാൻ വരുമെന്നാണ് ഞങ്ങൾ കാണുന്നത്. മുഖം കാണിച്ച് നിൽക്കുന്ന വെറുക്കപ്പെട്ട വികൃതമായ ശക്തികളെയും അവിശുദ്ധ സഖ്യത്തെയും ഞങ്ങൾ കാണുന്നുണ്ട്. ഇവയെ പരാജയപ്പെടുത്തി ഞങ്ങൾ അവിടെ വിജയിക്കും. ഞങ്ങൾ തോൽപ്പിക്കുന്നതിൽ കോൺഗ്രസും ബി.ജ.പിയുമുണ്ട്. ആരാണ് അതിൽ കേമൻ എന്നറിയില്ല. രണ്ടാം സ്ഥാനത്തിനായി അവർ തമ്മിലാണ് മത്സരം. ഒന്നാം സ്ഥാനത്തിനായല്ല.
⇒ രാമക്ഷേത്രം വന്നശേഷം ഇൻഡ്യ മുന്നണിയിൽ വ്യത്യസ്ത അഭിപ്രായങ്ങളും ചാഞ്ചാട്ടങ്ങളും കാണുന്നുണ്ടല്ലോ
ഇൻഡ്യ സഖ്യത്തിലെ അത്തരം ദൗർബല്യങ്ങൾക്ക് മുന്നിലാണ് ഞങ്ങളുടെ പ്രസക്തി. ബാബരി മസ്ജിദ് തകർത്താണ് അയോധ്യയിൽ അമ്പലം പണിതത്. അയോധ്യയിൽ തരിശ് കിടക്കുന്ന നൂറുകണക്കിന് ഏക്കർ ഭൂമിയുണ്ട്. അവിടെ എവിടെയെങ്കിലും അമ്പലം പണിതാൽ ആർക്കും ഒരു പ്രയാസവുമില്ല. പക്ഷേ ബാബരി പള്ളിയുടെ ശ്മശാനത്തിൽ തന്നെ വേണം ഈ അമ്പലമെന്ന വാശി. ആ കടുംകൈക്ക് വെള്ള പൂശാനാണ് ഉദ്ഘാടനത്തിന് എല്ലാവരെയും ക്ഷണിച്ചത്. ഇടതുപക്ഷത്തിന് ചാഞ്ചല്യം ഉണ്ടായില്ല. ഒറ്റ ദിവസം പോലും വേണ്ടിവന്നില്ല ഞങ്ങൾക്ക് ആ ക്ഷണം തള്ളിക്കളയാൻ. കോൺഗ്രസിന് എത്ര ദിവസം വേണ്ടി വന്നു അത് പറയാൻ. പോകണമോ വേണ്ടയോ എന്ന ചാഞ്ചാട്ടമായിരുന്നു അവർക്ക്. ഞങ്ങൾ നിലപാട് എടുത്തില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ കോൺഗ്രസ് പോയേനെ. പോകില്ല എന്ന് പ്രഖ്യാപിച്ചിട്ടും അറിയപ്പെടുന്ന പല കോൺഗ്രസ് നേതാക്കളും പോയി. പോയില്ലെങ്കിലും പണം കൊടുത്തു എന്ന് ചിലർ പറഞ്ഞു. അയോധ്യയിലെ ക്ഷേത്ര വിഷയത്തിൽ കോൺഗ്രസിന്‍റെ കൈയിൽ ഇൻഡ്യ സഖ്യത്തിന്‍റെ രാഷ്ട്രീയം ഭദ്രമാകില്ല. തടയാൻ ശ്രമിക്കുന്ന കോൺഗ്രസും ആ ശ്രമം പരാജയപ്പെടുത്താൻ നിൽക്കുന്ന മറ്റൊരു കോൺഗ്രസുണ്ട്. ഇൻഡ്യ സഖ്യത്തിന്‍റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന എല്ലാവർക്കുമൊപ്പമായിരിക്കും ഈ വിഷയത്തിൽ ഞങ്ങൾ.
⇒ ഇൻഡ്യ സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രതീക്ഷകൾക്ക് ഇത്തരം ഭിന്നതകൾ പ്രതിസന്ധിയുണ്ടാക്കുമോ?.
ഇല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ അതൊക്കെ ഉണ്ടായിരുന്നു. പുതിയതല്ല. ഇന്ത്യയിൽ ബി.ജെ.പി. വിരുദ്ധ സർക്കാർ ഉണ്ടായത് പ്രീ പോൾ സഖ്യമല്ല. പോസ്റ്റ് പോൾ ആണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാണ് യു.പി.എ ഒന്നും രണ്ടുമുണ്ടായത്. പ്രശ്നവും പ്രതീക്ഷയും അതാണ്. പ്രശ്നങ്ങൾ കാണാതിരിക്കുന്നില്ല. പ്രതീക്ഷകളെ ശക്തിപ്പെടുത്തുന്നതിനാണ് സഖ്യം നിലകൊള്ളുന്നത്. പ്രതീക്ഷക്ക് ആക്കം കൂട്ടുന്നതാണ് ഞങ്ങളുടെ പോരാട്ടം. എല്ലാം തകർന്നുപോയി എന്ന് കരുതുന്നില്ല. വമ്പിച്ച മാറ്റം ഉണ്ടായികൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ പാറ്റ്ന റാലിയിൽ അഞ്ചു ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. നീതീഷ് കുമാർ പോയതോടു കൂടി തകർന്നുപോയി എന്ന പ്രചാരണത്തിന് മറുപടിയാണിത്. നീതിഷ് കുമാർ ബി.ജെ.പി. പാളയത്തിൽ പോയാൽ അദ്ദേഹം പോയി എന്നേ അർഥമുള്ളൂ. ഇൻഡ്യ സഖ്യത്തിന്‍റെ അടിത്തറ ശക്തമാണെന്നാണ് പാറ്റ്ന റാലി തെളിക്കുന്നു. ഡൽഹിയിൽ നല്ല ഫൈറ്റ് ഉണ്ടാകും. ആം ആദ്മിയും കോൺഗ്രസുമായി ഡൽഹിയിലും കോൺഗ്രസും എസ്.പിയുമായി യു.പിയിലും സഖ്യമായി. മഹാരാഷ്ട്രയിലും സമാനമാണ് സ്ഥിതി. അങ്ങനെ നോക്കിയാൽ പോസിറ്റീവ് ആയി ഒരുപാട് കാര്യങ്ങൾ ഉണ്ടായി. ഇന്ത്യയിലെ ജനങ്ങൾക്ക് മാറ്റം വേണം. ജനങ്ങളെ പട്ടിണിക്കിടുന്ന, തൊഴിൽ കൊടുക്കാത്ത, വാഗ്ദാനങ്ങൾ ലംഘിച്ച ബി.ജെ.പിക്കെതിരെ. മോദി ഭരണം പോകണമെന്ന് ജനം ആഗ്രഹിക്കുന്നു.
മോദി പറയുന്ന ഒറ്റ വാഗ്ദാനവും പാലിക്കുന്നില്ല എന്നതാണ് ഗ്യാരന്‍റി. എല്ലാ വീട്ടിലും വെള്ളം, വൈദ്യുതി, കൃഷിക്കാർക്ക് താങ്ങുവില, 60,000 ഗ്രാമങ്ങളിൽ കണക്റ്റിവിറ്റി, 15 ലക്ഷം രൂപ വീതം അക്കൗണ്ടിൽ.. ഇതെല്ലാം മോദിയുടെ ഗ്യാരന്‍റിയായിരുന്നു. ആ ഗ്യാരന്‍റിക്ക് എന്ത് പറ്റി?. ആ ഗ്യാരന്‍റികളെല്ലാം തകർന്നുകിടക്കുന്ന വഴിയിൽ വന്നുനിന്നാണ് പുതിയ ഗ്യാരന്‍റിയെ കുറിച്ച് പറയുന്നത്. ഇത് വെറും പ്രചാരവേലയാണ്. പ്രചാരവേലയിൽ ഹിറ്റ്ലറെ മോദി മറികടക്കും. നടക്കാത്ത കാര്യം ആവർത്തിച്ച് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് ഹിറ്റ്ലറുടെ പ്രോപ്പഗണ്ടാ രാഷ്ട്രീയം. വിലക്കയറ്റം, പട്ടിണി, ദാരിദ്ര്യം, ആദിവാസി, ദലിത് പ്രശ്നങ്ങൾ തുടങ്ങി ജനകീയ വിഷയങ്ങളൊന്നും ചർച്ച ചെയ്യാൻ പാടില്ല. ചർച്ചയാകേണ്ടത് അയോധ്യയിൽ അമ്പലം പണിതതാണ് എന്നാണ് നിലപാട്. വർഗീയ പ്രീണനമാണ് നടത്തുന്നത്. ആ പ്രീണനത്തിലൂടെ ഭൂരിപക്ഷ വോട്ട് കൈക്കലാക്കാൻ ശ്രമിക്കുന്നു. ജനകീയ പ്രശ്നങ്ങൾ ചർച്ചയാക്കാൻ പാടില്ല. ഞങ്ങൾ ജീവിത പ്രശ്നങ്ങളെ ചർച്ചാ വിഷയമാക്കി ജനങ്ങളെ ബോധ്യപ്പെടുത്താണ് ശ്രമിക്കുന്നു. വിനാശകരമായ രാഷ്ട്രീയമാണ് മോദിയുടേത്. അതിൽ നിന്ന് ഇന്ത്യയെ രക്ഷിക്കണം. അതിനാണ് ഞങ്ങളുടെ ശ്രമം.
⇒ പുതിയ സാഹചര്യങ്ങളിൽ ന്യൂനപക്ഷങ്ങൾ വലിയ ആശങ്ക പ്രകടിപ്പിക്കുന്നു. അവർക്ക് ആത്മവിശ്വാസം പകരുമെന്ന പ്രഖ്യാപനങ്ങൾ വരുന്നുണ്ട്. സി.പി.ഐയുടെ നിലപാട് എന്താണ്.
ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണ്. ഞങ്ങളുടെ കൂടെ നിന്നില്ലെങ്കിൽ നിങ്ങളുടെ പൊടിപോലും കാണില്ല എന്ന ഭയപ്പെടുത്തൽ. ജാതി മത പ്രശ്നമായല്ല ഞങ്ങൾ ന്യൂനപക്ഷ അവകാശങ്ങളെ കാണുന്നത്. ജനാധിപത്യ വ്യവസ്ഥയുടെ അലംഘനീയ ഭാഗമാണത്. ന്യൂനപക്ഷ അവകാശങ്ങൾ ഒരു മതത്തിന്‍റെ ഭാഗമല്ല. ജനാധിപത്യം വേണോ അവിടെ ന്യൂനപക്ഷ അവകാശവുമുണ്ട്. ന്യൂനപക്ഷ അവകാശങ്ങൾക്കൊപ്പം ഞങ്ങൾ എന്നും നിന്നിട്ടുണ്ട്. നാളെയും നിൽക്കും. അതിൽ ഞങ്ങൾ പതറിപ്പോയിട്ടില്ല. ബാബരി പള്ളി പൊളിച്ചപ്പോൾ ഞങ്ങൾ പതറിപ്പോയിട്ടില്ല. കോൺഗ്രസ് പതറിപ്പോയി. അന്ന് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ല. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം ഒറ്റ ഭാഷയിലും ഇത് മതിയാക്കാൻ പറഞ്ഞില്ല. അത് മുതൽ കോൺഗ്രസിന്‍റെ ചാഞ്ചാട്ടം കാണുന്നു. അന്നും ഇന്നും ന്യുനപക്ഷങ്ങളുടെ ഭാഷാപരവും സാംസ്കാരികവും വ്യക്തിത്വം ഉയർത്തിപ്പിടിക്കാനുള്ളതടക്കം എല്ലാ അവകാശങ്ങൾക്കും വേണ്ടി നാളെയും നിലനിൽക്കും. അത് ഞങ്ങൾക്ക് വോട്ട് വിഷയമല്ല. രാഷ്ട്രീയ ബോധ്യത്തിന്‍റെ വിഷയമാണ്.
⇒ ബി.ജെ.പിയും മോദിയും സമീപകാലത്ത് ദക്ഷിണേന്ത്യ കേന്ദ്രീകരിക്കുന്നു. മതേതര കക്ഷികൾക്ക് ഇത് ബോധ്യമുണ്ടോ?
ഞങ്ങൾക്കുണ്ട്. എല്ലാവർക്കുമുണ്ടോ എന്ന് ഉറപ്പില്ല. ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. വടക്കേ ഇന്ത്യയിൽനിന്ന് തെക്കേ ഇന്ത്യയിലേക്ക് ശ്രദ്ധ പതിപ്പിച്ച് ചുവടുറപ്പിക്കാൻ ബി.ജെ.പി. ശ്രമിക്കുന്നു. ദക്ഷിണേന്ത്യയിൽ ബി.ജെ.പി. മോഹങ്ങൾ നടപ്പാക്കാതിരിക്കാൻ മതേതര രാഷ്ട്രീയത്തിന്‍റെ പ്രതിരോധ മതിൽ കെട്ടിപ്പൊക്കണം. അതിനു മതേതര കക്ഷികൾ യോജിക്കണം. വിട്ടുവീഴ്ച ചെയ്തും അതിനായി ശ്രമിക്കും. ഞങ്ങൾ വീട്ടുവീഴ്ചക്ക് ഒരുക്കമാണ്. അമിത അവകാശവാദം ഇതിൽ ഇടതുപക്ഷത്തിനില്ല. ഞങ്ങളുടെ കൂടി പ്രാതിനിധ്യം വേണം. ഞങ്ങൾക്ക് മേൽകൈ വേണമെന്നൊന്നും പറയില്ല. പക്ഷേ ഞങ്ങളെ പാടേ ഒഴിവാക്കി പോകുന്നത് ശരിയല്ല. ഇൻഡ്യ മുന്നണിയുടെ രാഷ്ട്രീയത്തിന് വിശ്വാസ്യത വേണമെങ്കിൽ എല്ലാവരുടെയും പ്രതിനിധ്യം വേണം. പലർക്കും ഞങ്ങൾ മതി, ആരുമായും ഒന്നും പങ്കുവയ്ക്കാനാവില്ല എന്ന മനസ്സുണ്ട്. ആ ചിന്ത കൊണ്ടാണ് മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ബി.ജെ.പി. ഭരിക്കുന്നത്. കോൺഗ്രസിന്‍റെ മൂക്കിനപ്പുറം കാണാത്ത സമീപനമാണ് അവിടെയൊക്കെ ബി.ജെ.പി.യെ വിജയിപ്പിച്ചത്. രാഷ്ട്രീയ അവിവേകം മാറി കണ്ണുതുറക്കാൻ തയാറായാൽ ആ പരാജയം ആവർത്തിക്കാതെ ഇന്ത്യയെ രക്ഷിക്കാനാകും.
⇒ ജനപ്രതിനിധികളെ വിലക്കെടുത്ത് ജനവിധി അട്ടിമറിക്കുന്നത് സർവസാധാരണമായിരിക്കെ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇൻഡ്യ മുന്നണി ഈ ഭീഷണിയെ എങ്ങനെ അതിജീവിക്കും.
ഇൻഡ്യ മുന്നണിയുടെ രാഷ്ട്രീയം കാലിക പ്രസക്തമാണ്. അതിലെ എല്ലാ ശക്തികളും ഒരേപോലെ നിലനിന്നാൽ സഖ്യത്തിന് ശക്തമായി മുന്നോട്ട് പോകാനാകും.
⇒ കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിക്കുന്നുവെന്ന ആക്ഷേപം സർക്കാറിനുണ്ട്, ഗവർണറും ഏറ്റുമുട്ടൽ പാതയിലാണ്. സർക്കാർ നിലപാട് ജനങ്ങൾക്ക് ബോധ്യപ്പെടുമോ.
വലിയ അളവോളം ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വലിയ രാഷ്ട്രീയ വിദ്യാഭ്യാസ പരിപാടിയായി നവകേരള സദസും യാത്രയും മാറി. പ്രതികൂല ചുറ്റുപാടിൽ എങ്ങനെ കേരളം എത്തി, എന്തുകൊണ്ട് സാമ്പത്തിക പ്രയാസം ഉണ്ടാകുന്നു, സപ്ലൈകോയിൽ എന്തുകൊണ്ട് സാധനം ഇല്ലാതായി, ക്ഷേമ പെൻഷൻ കൊടുക്കാൻ വൈകേണ്ടി വന്നു എന്നതെല്ലാം. ഇതൊന്നും സംസ്ഥാനത്തിന്‍റെ താൽപര്യക്കുറവ് കൊണ്ടല്ല. സംസ്ഥാനത്തിന് കിട്ടേണ്ട വിഹിതം കേന്ദ്രത്തിൽ നിന്ന് കിട്ടുന്നില്ല. കേരളത്തിന്‍റെ പുരോഗതി തടയാൻ ശ്രമിക്കുന്നു. ഭക്ഷണം പോലും തരാതെ ശ്വാസം മുട്ടിക്കുന്നു. മിച്ചം വരുന്ന അരിയും ഗോതമ്പും ലേലം ചെയ്യുമ്പോൾ അതിൽ സംസ്ഥാനം പങ്കെടുക്കുന്നത് വിലക്കുന്നു. ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തി കേരളത്തെ പട്ടിണിക്ക് ഇടാൻ ശ്രമിക്കുന്നു.
⇒ തുടർഭരണം ലഭിച്ചുവെങ്കിലും രണ്ടാം സർക്കാർ മെച്ചമല്ലെന്ന ആക്ഷേപമുണ്ട്. സംഘനാ ദൗർബല്യത്തിന് തുടർഭരണം വഴിവച്ചോ
ഒന്നാം സർക്കാരിന്‍റെ കാലത്തുനിന്നു വ്യത്യസ്തമായി എത്രയോ കടുത്ത സാമ്പത്തിക നിയന്ത്രണമാണ് ഇപ്പോൾ ഉണ്ടായത്. മുമ്പ് ഒരിക്കലും ഉണ്ടാകാത്ത സാമ്പത്തിക ഉപരോധത്തിന് നടുവിലൂടെയാണ് ഓരോ ദിവസവും സർക്കാർ കടന്നുപോകുന്നത്. സപ്ലൈകോയുടെ കാര്യത്തിൽ അമർഷമുണ്ടെങ്കിലും എല്ലാ മാർഗത്തിലൂടെയും അത്തരം പ്രതിസന്ധികളെ ഞങ്ങൾ മറികടക്കും.
⇒ കാനം രാജേന്ദ്രന്‍റെ വിയോഗത്തോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. പാർട്ടിയെ പുതിയ കാലത്തേക്ക് കൊണ്ടു പോകുന്നതിൽ വലിയ വെല്ലുവിളികളുണ്ട്. എങ്ങനെ കാണുന്നു.
കമ്യൂണിസ്റ്റ് പാർട്ടിക്ക് അതിന്‍റെ മൂല്യങ്ങളുണ്ട്. ചരിത്രമുണ്ട്. പ്രവർത്തന ശൈലിയുണ്ട്. ആ നിലക്കാണ് കാനം പാർട്ടിയെ നയിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിക്ക് ജനങ്ങളോട് കണക്ക് പറയാനും അവരോട് ഉത്തരവാദിത്ത ബോധം കാണിക്കാനും ബാധ്യതയുണ്ട്. ജനങ്ങളിൽ സ്ഥാനമുള്ള പാർട്ടിയാണ് സി.പി.ഐ. അതിന്‍റെ സെക്രട്ടറി ജനങ്ങളോടും നാടിനോടും കാണിക്കേണ്ട ബാധ്യത പാലിക്കും.
⇒ സിദ്ധാർഥന്‍റെ മരണം, തുടർച്ചയായ വന്യജീവി അക്രമണം...ഒക്കെ സർക്കാറിനെതിരായി എതിർപക്ഷം ഉപയോഗപ്പെടുത്തുന്നു. ഇതിൽ സർക്കാർ ഭാഗത്ത് വീഴ്ചകളുണ്ടെന്ന ആക്ഷേപമുണ്ട്. ഇതിലൊക്കെ വിവാദങ്ങൾ ഒഴിവാക്കാൻ കഴിയാത്തത് എന്തുകൊണ്ട്
സിദ്ധർഥിന്‍റെ മരണത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകും. സംശയം വേണ്ട. മരണത്തിൽ ദുഖിക്കുന്ന എല്ലാവർക്കുമൊപ്പമാണ് സർക്കാറും ഇടത് മുന്നണിയും. അതിനെ ന്യായീകരിക്കാൻ ഇടതുമുന്നണി പോകില്ല. വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ ഭാഗത്തുനിന്ന് പാലിക്കേണ്ട ഒരുപാട് ഗൗരവതരമായ കാര്യങ്ങളുണ്ട്. അതേ കുറിച്ച് എസ്.എഫ്.ഐ. നേതാവ് കൂടിയായിരുന്ന മന്ത്രി വി. ശിവൻകുട്ടി പറഞ്ഞതാണ് എനിക്കും പറയാനുള്ളത്. എസ്.എഫ്.ഐയുടെ രാഷ്ട്രീയം തീരുമാനിക്കുന്നത് കടന്നുകൂടിയവരല്ല എന്ന് പറയാനുള്ള കെൽപും ആർജവവും ആ സംഘടനക്കുണ്ട്. അത് ചെയ്യുമെന്നാണ് പ്രതീക്ഷ. കാമ്പസുകളിൽ ആയുധമേന്തി മർദനവും സ്വയം പ്രഖ്യാപിത ശൈലികളും ആശ്വാസ്യമല്ല. കാമ്പസുകൾ സർഗാത്മക സംവാദങ്ങളുടെ വേദിയാകണം. അതിന് പകരം ഹോക്കി സ്റ്റിക്കും കഠാരകളും മർദനവും വന്ന് നിയമം കൈയിലെടുക്കുന്ന രീതി പാടില്ല.
കാട്ടാനക്ക് കടുകട്ടി രാഷ്ട്രീയമില്ല. കാട്ടാന കൃഷിയിടത്തിൽ വന്നാൽ അത് എൽ.ഡി.എഫ്. എന്ന് കാണുന്നത് ശരിയല്ല. വന്യജീവികളും മനുഷ്യരുമായി സംഘർഷമുണ്ടായാൽ ഞങ്ങൾ മനുഷ്യജീവനൊപ്പമാണ്. അതിൽ സംശയമില്ല. ആ നിലപാട് ഉൾക്കൊണ്ടാണ് പരിഹാരത്തിന് ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.