കോഴിക്കോട്: ‘കലോത്സവം’കേട്ടനുഭവിക്കാൻ ആ ദമ്പതികൾ പരസ്പരം കൈകോർത്ത് പാലക്കാട് കൊല്ലങ്കോട് പടിഞ്ഞാറങ്ങാടിയിലെ വീട്ടിൽനിന്നിറങ്ങി. ചൊവ്വാഴ്ച വീട്ടുപടിക്കലെ ബസ്സ്റ്റോപ്പിൽനിന്ന് തുടങ്ങിയ വഴിതേടൽ അവസാനിച്ചത് കോഴിക്കോട്ടെ സ്കൂൾ കലോത്സവം മോണോ ആക്ട് വേദിയിലാണ്.
തുടർന്ന് മിമിക്രി വേദിയിലേക്ക്... കാഴ്ചപരിമിതരായ കീഴിച്ചിറ വീട്ടിൽ സിദ്ദീഖും ഭാര്യ റംലയുമായിരുന്നു കലോത്സവ സദസ്സിലെ അപൂർവാതിഥികൾ. ആദ്യമായായിരുന്നു ഇവർ കലോത്സവം കാണാനെത്തിയത്. ചെറുപ്പം മുതലുള്ള വലിയ ആഗ്രഹമാണ് കലോത്സവം അറിയുക എന്നത്. അതു സാധിച്ച സന്തോഷത്തിലാണ് ഇരുവരും.
പള്ളികളിലെത്തി അത്തറ് കച്ചവടം നടത്തിവരുകയാണ് സിദ്ദീഖ്. റംല ഗവ.ബീമാപള്ളി യു.പി സ്കൂളിൽ അറബിക് ടീച്ചറാണ്. വിവാഹം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞതേ ഉള്ളൂ. മാപ്പിളപ്പാട്ടിന്റെ ഇഷ്ടക്കാരിയാണ് റംല. പാട്ടുപാടാറുമുണ്ട്. സിദ്ദീഖ് നാടൻപാട്ടും പാടും.
ഒപ്പന പോലുള്ള വേദികളേക്കാൾ കഥാപ്രസംഗം, മിമിക്രി, മോണോ ആക്ട് പേലുള്ള പൊലിമ കുറഞ്ഞ കേൾവി സുഖമുള്ള വേദികളിലാണ് താൽപര്യം. അതിനാൽ അത്തരം ഇനങ്ങളും വേദികളും ഹൃദിസ്ഥം. മലപ്പുറം പുറത്തൂരുള്ള സുഹൃത്തിന്റെ വീട്ടിലാണ് രാത്രി തങ്ങുന്നത്. കലോത്സവം കഴിഞ്ഞേ ഇരുവരും മടങ്ങൂ. കാഴ്ചപരിമിതനായ മലപ്പുറം സ്വദേശി അബ്ദുൽ കരീമും മിമിക്രി സദസ്സിലെ സാന്നിധ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.