കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ നാലാം ദിനം അരങ്ങേറിയ ഹൈസ്കൂൾ വിഭാഗം നാടകത്തിനിടെ സംഘർഷം. നാടകം അവതരിപ്പിക്കുന്നതിന് മുന്നോടിയായി സദസിലെ മാധ്യമപ്രവർത്തകരെ നീക്കാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
സബ് ജില്ലയിൽ രണ്ടാമത്തെ സ്ഥാനം ആയിരുന്നു ഈ നാടകത്തിന്. അവിടുന്ന് അപ്പീലിലൂടെ ആണ് ജില്ലയിൽ മത്സരിക്കാൻ എത്തിയത്. ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. തുടർന്ന് സംസ്ഥാന കലോത്സവത്തിന് എത്തിയ ‘ബൗണ്ടറി’ എന്ന നാടകം അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സംഘർഷമുണ്ടായത്. തളി സാമൂതിരി ഗ്രൗണ്ടിലെ കൂടല്ലൂർ വേദിയിലായിരുന്നു സംഭവം.
നാടകത്തിനെതിരെ നേരത്തെ സംഘ്പരിവാർ രംഗത്തെത്തിയിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ചാൽ പ്രശ്നമുണ്ടാക്കുമെന്ന് സംഘ്പരിവാർ ഭീഷണിയുയർത്തിയിരുന്നു. അതിനാൽ നാടകം അവതരിപ്പിക്കുമ്പോൾ സംഘർഷ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകരെ നീക്കുകയായിരുന്നു.
നടന്മാരായ വിജിലേഷ്, വിനോദ് കോവൂർ, പുഴു സിനിമയിലൂടെ ശ്രദ്ധേയനായ അപ്പുണ്ണി ശശി എന്നിവർ നാടകം കാണാൻ വേദിയിൽ ഉണ്ട്. റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിർവഹിച്ച നാടകം മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളാണ് അവതരിപ്പിക്കുന്നത്.
ഫാത്തിമ സുൽത്താന അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് ക്യാപ്ററ്റായി തെരഞ്ഞെടുക്കപ്പെടുന്നതും ഇതേതുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് നാടകത്തിന്‍റെ ഇതിവൃത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.