കോഴിക്കോട്: ഏഴു വർഷത്തിനുശേഷം കോഴിക്കോടിന്റെ മണ്ണിൽ സ്കൂൾ കലോത്സവമെത്തുമ്പോൾ മത്സരവേദികളിൽ മാത്രമല്ല കലാവസന്തം വിടരുക. കലോത്സവം ഇക്കുറി സാംസ്കാരികോത്സവവുമാകും. കലോത്സവദിനങ്ങളിൽ പൊതുജനങ്ങൾക്കായി പ്രത്യേക സാംസ്കാരിക പരിപാടികളാണ് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ ഒരുക്കുന്നത്.
ദൃശ്യാവിഷ്കാരങ്ങളും സൂഫി സംഗീതവും ഗസലും കഥകും തോൽപ്പാവക്കൂത്തും പ്രഭാഷണങ്ങളുമൊക്കെയായി സാംസ്കാരിക പരിപാടികൾ കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
ജനുവരി മൂന്നു മുതൽ ആറുവരെ വൈകീട്ട് അഞ്ചു മുതൽ 10 വരെ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറും. വൈകീട്ട് അഞ്ചുമുതൽ 5.30വരെ കലോത്സവത്തിൽ വിജയികളാകുന്നവർക്കുള്ള സമ്മാനദാനത്തിനായി ഈ വേദി ഉപയോഗിക്കും. 5.30 മുതൽ 6.30വരെ സാംസ്കാരിക പ്രഭാഷണങ്ങൾ നടക്കും.
ചണ്ഡാലഭിക്ഷുകിയുടെ ദൃശ്യാവിഷ്കാരം, സൂഫി സംഗീതം, ഗസൽ, ഭിന്നശേഷി വിദ്യാർഥികളുടെ ഗാനമേള, ജില്ലയിലെ കലാകാരന്മാരായ അധ്യാപകരുടെ കൂട്ടായ്മ (ആക്ട്) നടത്തുന്ന പരിപാടികൾ, പഴയകാല ചലച്ചിത്ര ഗാനമേള, മയക്കുമരുന്നിന് എതിരെയുള്ള ദൃശ്യശിൽപം, മധുരം മലയാളം, തോൽപ്പാവക്കൂത്ത്, കഥക് നൃത്തം തുടങ്ങിയവ അവതരിപ്പിക്കും.
സാംസ്കാരിക പരിപാടികൾക്ക് മുന്നോടിയായി 61 ചിത്രകാരന്മാർ അണിനിരക്കുന്ന സമൂഹ ചിത്രരചനയും നടക്കും. അവസാന ദിവസം ഓപൺ ഫോറവും ഉണ്ടാകും. മൂന്നിന് വിദ്യാഭ്യാസ മന്ത്രി, ജില്ലയിലെ മന്ത്രിമാർ എന്നിവർക്കു പുറമെ എം. മുകുന്ദൻ, സുഭാഷ് ചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
തുടർന്നുള്ള ദിവസങ്ങളിൽ ആലങ്കോട് ലീലാകൃഷ്ണൻ, കൈതപ്രം, സുനിൽ പി. ഇളയിടം എന്നിവർ എത്തിച്ചേരും. ജില്ലയിലെ എം.പിമാർ എം.എൽ.എമാർ കോർപറേഷൻ ജനപ്രതിനിധികൾ എന്നിവർ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും.
കോഴിക്കോട്: പുതുവത്സരത്തെയും സ്കൂൾ കലോത്സവത്തേയും വരവേല്‍ക്കാന്‍ വെളിച്ചവിന്യാസം ഒരുങ്ങുന്നു. വിനോദസഞ്ചാരവകുപ്പ് മാനാഞ്ചിറ മൈതാനത്തെ വെളിച്ചത്താൽ സൗന്ദര്യവത്കരിക്കും. വാം വിളക്കുകളുടെ വ്യത്യസ്ത ഷേഡുകളില്‍ വിദേശരാജ്യങ്ങളിലെ പുതുവത്സര വെളിച്ചവിന്യാസങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരിക്കും സജ്ജമാക്കുക.
28ന് വൈകീട്ട് 7.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വെളിച്ചവിന്യാസം സ്വിച്ച് ഓണ്‍ ചെയ്യും. 28 മുതല്‍ സംസ്ഥാന സ്കൂള്‍ കലോത്സവം സമാപിക്കുന്നതുവരെ വെളിച്ചവിന്യാസം ആസ്വദിക്കാന്‍ അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.