കലോത്സവം കാണാൻ ലിറ്റിൽ കൈറ്റ്സിന്റെ കുഞ്ഞൻ റോബോട്ടും. പുല്ലൂരാംപാറ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ബാദുഷയാണ് റോബോട്ടിനെ നിർമിച്ചത്. ബാദുഷ വീട്ടിലിരിക്കുമ്പോൾ കൗതുകത്തിന് വേണ്ടി നിർമിച്ച ക്രിസ്മസ് അപ്പൂപ്പനാണ് ഇപ്പോൾ കലോത്സവ വേദിയിൽ കൗതുകം തീർക്കുന്നത്.
ക്രിസ്മസ് അപ്പൂപ്പനെ മൊബൈൽ വഴി നിയന്ത്രിക്കാം. അഞ്ച് ഗ്ലാസ് ചായ വരെ താങ്ങി ആവശ്യക്കാർക്ക് എത്തിക്കാൻ ഈ കുഞ്ഞൻ റോബോട്ടിന് സാധിക്കും. നാല് ചക്രങ്ങളുള്ള പ്ലാറ്റ്ഫോമിലാണ് ക്രിസ്മസ് അപ്പൂപ്പന്റെ രൂപത്തിലുള്ള റോബോട്ടിനെ ഉറപ്പിച്ച് നിർത്തിയിരിക്കുന്നത്.
7500 എം.എ. എച്ച് ബാറ്ററിയിലാണ് റോബോട്ട് പ്രവർത്തിക്കുന്നത്. ടെക്സ്റ്റൈൽസിൽ നിന്ന് ഒഴിവാക്കിയ ബോഡിയും കാർഡ് ബോർഡും ഉപയോഗിച്ചാണ് ക്രിസ്മസ് അപ്പൂപ്പന്റെ രൂപം തയാറാക്കിയതെന്ന് ബാദുഷ പറഞ്ഞു.
റോബോട്ടിനെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ അധ്യാപകനാണ് കലോത്സവ പവലിയനിൽ പ്രദർശിപ്പിക്കാമെന്ന് അറിയിച്ചത്. അങ്ങനെയാണ് കുഞ്ഞൻ റോബോട്ട് കലോത്സവ വേദിയിൽ എത്തിയതെന്ന് ബാദുഷ പറയുന്നു. ഇവിടെ കലോത്സവ വേദികളിലെ പരിപാടികളുടെ ഷെഡ്യൂളുകളും മിഠായികളും ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാനാണ് ഉപയോഗിക്കുന്നത്.
പുല്ലൂരാംപാറ സ്വദേശികളായ കുഞ്ഞിമുഹമ്മദിന്റെയും ആശിയാബിയുടെയും അഞ്ചുമക്കളിൽ ഇളയവനായ ബാദുഷക്ക് റോബോട്ടുകൾ നിർമിക്കാൻ താത്പര്യം കൂടുതലാണ്. നേരത്തെയും ചെറിയ കളിപ്പാട്ടങ്ങളിലും മറ്റും ബാറ്ററിയും മോട്ടോറും ഘടിപ്പിച്ച് പ്രവർത്തിപ്പിച്ചും പ്ലാസ്റ്റിക് തോക്ക്, സ്കേറ്റിങ് ബോർഡ്, ഫാൻ തുടങ്ങിയവയും ബാദുഷ സ്വന്തമായി നിർമിച്ചിട്ടുണ്ട്. നിർമിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനാണ് തനിക്ക് താത്പര്യമെന്നും ബാദുഷ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.