ഹയർ സെക്കൻഡറി വിഭാഗത്തിൽ മികച്ച നാടകമായ സത്യനിൽനിന്ന്

കക്കാനറിയാത്തവന്റെ ജീവിതം

പുതിയ കാലത്ത് സത്യസന്ധനായി ജീവിക്കുക അത്ര എളുപ്പമല്ല എന്നു പറയുകയാണ് കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മലയാള നാടക മത്സരത്തിൽ മികച്ച നാടകമായി തിരഞ്ഞെടുത്ത ‘സത്യൻ’. കണ്ണൂർ എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ് ആണ് അവതാരകർ. അതിഭാവുകത്വവും സങ്കീർണതകളുമില്ലാത്ത ലളിതമായ ആവിഷ്കാരം, പുതിയ കാലത്തിനു യോജിച്ച അവതരണം എന്നിവ നാടകത്തിന്റെ പ്രത്യേകത.

പെരുങ്കള്ളന്മാർ സുഭിക്ഷമായി കഴിയുന്ന കാലത്തെ പകർത്തിവെക്കുന്നതാണ് നാടകം. കക്കാത്ത സത്യനെ കള്ളനെന്ന് മുദ്രകുത്തി നാട്ടുകാർ ഓടിക്കുന്നിടത്തുനിന്നാണ് നാടകം തുടങ്ങുന്നത്. കള്ളന്മാരുടെ നാട്ടിലാണ് സത്യൻ ചെന്നെത്തിയത്. സത്യനെ കള്ളനാക്കാൻ അവർ പല ശ്രമങ്ങളും നടത്തിയെങ്കിലും അയാൾ വഴങ്ങുന്നില്ല. സത്യൻ കട്ടിട്ടില്ലെങ്കിൽ സത്യന്റെ വീട്ടിൽ കയറി കള്ളന്മാർ എങ്ങനെ കക്കുമെന്നാണ് കള്ളന്മാരുടെ ചോദ്യം.

സത്യനിലൂടെ തങ്ങളുടെ ആവാസവ്യവസ്ഥ തകരുമെന്ന് അവർ ഭയപ്പെടുന്നു. നാട്ടുകൂട്ടം ചേർന്ന് സത്യനെ ചുട്ടുകൊന്നു ബലിയിടുന്നതോടെ നാടകം അവസാനിക്കുന്നു. കള്ളന്മാരുടെ നാട്ടിൽ കള്ളനല്ലാത്ത സത്യൻ അനുഭവിക്കുന്ന വ്യഥ കൃത്യമായി അവതരിപ്പിച്ച അർജുൻ മികച്ച നടനായി. സുജിൻ മാങ്ങാടാണ് രചനയും സംവിധാനവും നിർവഹിച്ചത്. ആദിത്, അനുഗ്രഹ്, നിയ, ആദ്യ, ദേവ, മാനവ് തുടങ്ങിയവർ വേഷമിട്ടു.

Tags:    
News Summary - Malayalam Drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.