കൊച്ചി: സ്കൂൾ കലോത്സവവേദിയിൽ ആദ്യമെത്തുന്ന മത്സരാർഥികളിൽനിന്ന് വീണുപോകുന്ന വസ്തുക്കൾ തുടർന്നെത്തുന്ന മത്സരാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് ഹൈകോടതി. സംസ്ഥാന കലോത്സവത്തിലെ വേദികൾ മത്സരാർഥികൾക്ക് തടസ്സമില്ലാത്ത വിധം സുരക്ഷിതമായിരിക്കണമെന്നും ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടു.
മുമ്പ് മത്സരിച്ചവരുടെ പക്കൽനിന്ന് വേദിയിൽ വീണുപോയ സേഫ്റ്റി പിൻ, ആഭരണങ്ങൾ, തുണിക്കഷണങ്ങൾ അടക്കമുള്ളവ പിന്നാലെയെത്തുന്ന മത്സരാർഥികൾക്ക് തടസ്സമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി നിരവധി പരാതികളുണ്ടാകുന്നതായി വിലയിരുത്തിയാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. ജില്ല കലോത്സവത്തിൽനിന്ന് സംസ്ഥാന മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടാതിരുന്നത് ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശിനിയായ കൃഷ്ണപ്രിയയെന്ന വിദ്യാർഥിനി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ജില്ല കലോത്സവത്തിൽ പങ്കെടുത്തപ്പോൾ ആദ്യം മത്സരിച്ചവരിൽനിന്ന് വേദിയിൽ വീണുപോയ തുണിക്കഷണം നൃത്തത്തിനിടെ കാലിൽ ചുറ്റിയത് മത്സരത്തെ ബാധിച്ചതായി ചൂണ്ടിക്കാട്ടി അപ്പീൽ നൽകിയിരുന്നു. എന്നാൽ, നിലവിൽ ടീമിന് എ ഗ്രേഡ് കിട്ടിയതടക്കം ചൂണ്ടിക്കാട്ടി അപ്പീൽ കമ്മിറ്റി അപ്പീൽ തള്ളി. തുടർന്നാണ് മത്സരത്തിന്‍റെ ദൃശ്യങ്ങളുമായി വിദ്യാർഥിനി ഹൈകോടതിയെ സമീപിച്ചത്. ദൃശ്യം കണ്ട് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ നിരീക്ഷണം.
ജില്ല കലോത്സവങ്ങളിൽ ഇത്തരത്തിൽ നിരവധി പരാതികളുണ്ടായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ മത്സരാർഥികൾ പിന്തള്ളിപ്പോകുന്ന സാഹചര്യം കാണാതിരിക്കാനാവില്ല. അതിനാൽ സ്റ്റേജ് മാനേജർമാർ വേദിയിലെ തടസ്സം ഒഴിവാക്കിയെന്ന് ഉറപ്പ് വരുത്തണമെന്ന് കോടതി നിർദേശിച്ചു. തുടർന്ന് ഹരജിക്കാരിയുടെ അപ്പീൽ വീണ്ടും പരിഗണിക്കാൻ അപ്പീൽ കമ്മിറ്റിക്ക് നിർദേശം നൽകിയ കോടതി ഹരജി തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.