ബൗണ്ടറി നാടകം ടീം കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി ഉമേഷിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു

സംഘ്പരിവാർ മത വിദ്വേഷത്തെ 'ബൗണ്ടറി' കടത്തി ബൗണ്ടറി നാടകം

കോഴിക്കോട്: സ്കൂൾ ജില്ലാ കലോത്സവത്തിൽ അവതരിപ്പിച്ചത് മുതൽ ഏറെ വിവാദമുണ്ടാക്കിയ നാടകമായിരുന്നു റഫീഖ് മംഗലശ്ശേരിയുടെ 'ബൗണ്ടറി' എന്ന നാടകം. ലോകകപ്പ് ഫുട്ബാൾ നടക്കുന്ന സമയത്താണ് ജില്ലാ കലോത്സവം അരങ്ങേറിയത്. നാടകത്തിലെ സംഭാഷണങ്ങൾ ഇതിനോട് അനുബന്ധിച്ചുള്ളതായിരുന്നു.

നാടകം ചർച്ചയായതിന് പിന്നാലെ സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തി. 'ബൗണ്ടറി' എന്ന നാടകം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ചാൽ പ്രശ്നമുണ്ടാക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.

സബ് ജില്ലയിൽ രണ്ടാമത്തെ സ്ഥാനം ആയിരുന്നു ഈ നാടകത്തിന് ലഭിച്ചത്. അപ്പീലിലൂടെ ആണ് ജില്ലയിൽ മത്സരിക്കാൻ എത്തിയത്. ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു.

വൻ ജനാവലിയാണ് നാടകം കാണാൻ തളി സാമൂതിരി ഗ്രൗണ്ടിലെ കൂടല്ലൂർ വേദിയിലെത്തിയത്. നാടകം അവസാനിച്ചതോടെ ജനക്കൂട്ടം എഴുന്നേറ്റ് നിന്ന് കൈയടിക്കുന്നതും കാണാനായി.

സമകാലീന ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലം വിളിച്ചോതുന്ന നാടകമാണ് 'ബൗണ്ടറി'. ഫാത്തിമ സുൽത്താന അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് ക്യാപ്ററ്റായി തെരഞ്ഞെടുക്കപ്പെടുന്നതും ഇതേതുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് നാടകത്തിന്‍റെ ഇതിവൃത്തം. നർമത്തിന്‍റെ മേമ്പൊടിയോടെയാണ് നാടകം അവതരിപ്പിക്കുന്നത്.

റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിർവഹിച്ച നാടകം മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളാണ് അവതരിപ്പിച്ചത്. യുക്ത അനില്‍, ഹേതിക ആര്‍.എസ്, ആവണി എസ്, റിയ സുധീര്‍, ദീക്ഷിത്, ദേവാഞ്ജന എസ്. മനോജ്, നേഹ സാല്‍വിയ ബി.എസ്, മിത്ര ബിന്ദ, എയ്ഞ്ചല്‍ ബി. ദീഷ്, ഗൗതം സാരംഗ് എന്നിവരാണ് നാടകം അരങ്ങിലെത്തിച്ചത്.

നാടകം വേദിയിൽ അവതരിപ്പിക്കുന്നത് മുമ്പായി പ്രത്യേക സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു. കാണികളെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. അതേസമയം, നാടകം അവതരിപ്പിക്കുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരെ വേദിയിൽ നിന്ന് നീക്കാനുള്ള പൊലീസ് ശ്രമം സംഘർഷത്തിന് വഴിവെച്ചു. നാടകം അവതരിപ്പിച്ചാൽ സംഘർഷമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തകരെ നീക്കാൻ പൊലീസ് ശ്രമിച്ചത്.

Tags:    
News Summary - Rafeeq Mangalassery's 'Boundary' drama in state school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.