കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവ വേദിയായ അതിരാണിപ്പാടത്ത് ചായയും മധുരവും പത്രവുമേന്തി റോന്തുചുറ്റുന്ന കുഞ്ഞൻ സാന്റാക്ലോസ് റോബോട്ടിനെ കണ്ട് ഞെട്ടിയവർ ഏറെ. ഇതെന്തൂട്ട് സാധനമെന്ന് തൃശൂർ മാർഗംകളി സംഘം ചോദിച്ചപ്പോൾ റോബോട്ട് മൊതലാളി എട്ടാം ക്ലാസുകാരൻ മുഹമ്മദ് ബാദുഷ വിശദീകരണവുമായെത്തി. സംഭവം ലിറ്റിൽ കൈറ്റ്സിന്റെ കുഞ്ഞൻ റോബോട്ടാണ്.
പുല്ലൂരാംപാറ സ്വദേശിയായ മുഹമ്മദ് ബാദുഷയാണ് നിർമിച്ചത്. 15 മീറ്ററോളം ദൂരം മൊബൈൽ വഴി നിയന്ത്രിക്കാം. അഞ്ച് ഗ്ലാസ് ചായ വരെ താങ്ങി ആവശ്യക്കാർക്ക് എത്തിക്കാൻ ഈ കുഞ്ഞന് സാധിക്കും. ബാദുഷ വീട്ടിലിരിക്കുമ്പോൾ കൗതുകത്തിന് വേണ്ടി നിർമിച്ച ക്രിസ്മസ് അപ്പൂപ്പനാണ് ഇപ്പോൾ കലോത്സവ വേദിയിൽ കൗതുകം നിറച്ച് പായുന്നത്.
നാല് ചക്രങ്ങളുള്ള പ്ലാറ്റ്ഫോമിലാണ് റോബോട്ടിനെ ഉറപ്പിച്ചത്. 7,500 എം.എ.എച്ച് ബാറ്ററിയിലാണ് പ്രവർത്തനം. തുണിക്കടയിലെ ഡമ്മിയും കാർഡ് ബോർഡും ഉപയോഗിച്ചാണ് രൂപമൊരുക്കിയത്. റോബോട്ടിനെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ അധ്യാപകനാണ് കലോത്സവ പവലിയനിൽ പ്രദർശിപ്പിക്കാമെന്ന് അറിയിച്ചത്. അങ്ങനെയാണ് കുഞ്ഞൻ റോബോട്ട് കലോത്സവത്തിന് എത്തിയത്.
പുല്ലൂരാംപാറ സ്വദേശികളായ കുഞ്ഞിമുഹമ്മദിന്റെയും ആശിയാബിയുടെയും അഞ്ചു മക്കളിൽ ഇളയവനായ ബാദുഷക്ക് ചെറുപ്പം മുതൽ റോബോട്ട് കമ്പമുണ്ട്. കളിപ്പാട്ടങ്ങളിലും മറ്റും ബാറ്ററിയും മോട്ടോറും ഘടിപ്പിച്ച് പ്രവർത്തിച്ചായിരുന്നു തുടക്കം. ഏതായാലും ബാദുഷയും റോബോട്ടും കലോത്സവത്തിൽ താരങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.