കൗമാര കലോത്സവം; മുഖ്യവേദി വിക്രം മൈതാനം

കോഴിക്കോട്: ജനുവരി മൂന്നുമുതൽ ഏഴുവരെയുള്ള നടക്കുന്ന കൗമാര കലോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് സംഘാടക സമിതി രൂപവത്കരണത്തോടെ ജില്ലയിൽ തുടക്കമായി. വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്താണ് മുഖ്യവേദി ഉയരുക. എട്ടാം തവണയാണ് കോഴിക്കോടൻ മണ്ണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാവുന്നത്. അവസാനമായി 2015ലാണ് സംസ്ഥാന കലോത്സവത്തിന് ജില്ല വേദിയായത്.

അന്ന് മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടായിരുന്നു മുഖ്യവേദി. അതിനുമുമ്പ് മാനാഞ്ചിറ മൈതാനവും മുഖ്യവേദിയായി. ആദ്യമായാണ് വിക്രം മൈതാനം കലോത്സവത്തിന്റെ മുഖ്യവേദിയാകുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കോവിഡിനുശേഷമുള്ള കലോത്സവം വിപുലമായി നടത്താൻ നേരത്തേതന്നെ ധാരണയായിരുന്നു.

ഇതിന്റെയടിസ്ഥാനത്തിൽ വെസ്റ്റ്ഹിൽ വിക്രം മൈതാനവും വെള്ളിമാട്കുന്ന് ജെ.ഡി.ടി ഗ്രൗണ്ടുമാണ് മുഖ്യവേദിക്കായി പരിഗണിച്ചത്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ രണ്ടു െമെതാനങ്ങളും സന്ദർശിക്കുകയും ചെയ്തു. പിന്നാലെയാണ് പ്രതിരോധവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിക്രം മൈതാനം ജില്ല ഭരണകൂടം ഇടപെട്ട് തരപ്പെടുത്തിയത്. മലബാർ ക്രിസ്ത്യൻ കോളജ് മൈതാനത്താണ് ഭക്ഷണപ്പുര.

കോഴിക്കോട്ട് കലോത്സവമെത്തുമ്പോൾ ജനം ഏറ്റെടുക്കുക പതിവാണ്. കാണികളായി ഇത്തവണയും ജനം ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന സംഘാടക സമിതി വിപുല ഒരുക്കമാണ് നടത്തുന്നത്. സംഘാടക സമിതി രൂപവത്കരിച്ചതിനുപിന്നാലെ ഇരുപതിലേറെ സബ് കമ്മിറ്റികളും രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു.

സബ്കമ്മിറ്റികളുടെ ചെയർമാന്മാർ ജില്ലയിലെ എം.എൽ.എമാരടക്കമുള്ള ജനപ്രതിനിധികളും കൺവീനർമാർ അധ്യാപക സംഘടക നേതാക്കളടക്കമുള്ളവരുമാണ്. നഗരത്തിലെ 25 വേദികളിലായി അരങ്ങേറുന്ന മേളക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയർമാനും പൊതു വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ ജനറൽ സി.എ. സന്തോഷ് ജനറൽ കൺവീനറുമായാണ് സംഘാടക സമിതി രൂപവത്കരിച്ചത്.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ (വർക്കിങ് ചെയ.), സി.പി. മുസാഫിർ അഹമ്മദ് (വൈസ് ചെയ.), കെ. ജീവൻ ബാബു (ജന. കോഓഡിനേറ്റർ), ഡോ. എ.ആർ. സുപ്രിയ, അൻവർ സാദത്ത് (ജോയന്റ് ജനറൽ കോഓഡിനേറ്റർ), എം.കെ. ഷൈൻമോൻ, എ. അബൂബക്കർ, ആർ. സുരേഷ്കുമാർ, ടി.വി. അനിൽകുമാർ (ജോയന്റ് ജന. കൺ.), സി. മനോജ് കുമാർ, പി.എം. അനിൽ, ഉബൈദുല്ല, വി.പി. പ്രേമരാജൻ, ഡോ. അബ്ദുൽ ഹക്കീം, പ്രിയ, എ. ഷീലാകുമാരി (കൺ.) എന്നിവരാണ് സംഘാടക സമിതിയുടെ മറ്റു ഭാരവാഹികൾ.

സംസ്ഥാന സ്കൂൾ കലോത്സവ വേദികൾ

1. ക്യാപ്റ്റൻ വിക്രം മൈതാനം (മുഖ്യവേദി), 2. സാമൂതിരി എച്ച്.എസ്.എസ് ഗ്രൗണ്ട്, 3. സാമൂതിരി എച്ച്.എസ്.എസ് ഓഡിറ്റോറിയം, 4. മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ്, 5. ചാലപ്പുറം ഗവ. ഗണപത് ബോയ്സ് എച്ച്.എസ്.എസ്, 6. രാമകൃഷ്ണ മിഷൻ എച്ച്.എസ്.എസ് ഗ്രൗണ്ട്, 7. രാമകൃഷ്ണ മിഷൻ എച്ച്.എസ്.എസ് ഓഡിറ്റോറിയം, 8. പരപ്പിൽ എം.എം.വി.എച്ച്.എസ്.എസ്, 9. ഗുജറാത്തി എച്ച്.എസ് ഹാൾ, 10. സെന്റ് ജോസഫ്സ് ബോയ്സ് സ്കൂൾ.

11. സെന്റ് ആന്റണീസ് യു.പി സ്കൂൾ, 12. സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ് (രണ്ട് വേദി), 13. മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ട് (ഭക്ഷണം), 14. പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസ്, 15. സെന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്.എസ്, 16. പാരിഷ് ഹാൾ.

17. ഫിസിക്കൽ എജുക്കേഷൻ കോളജ് ഗ്രൗണ്ട്, 18. കാരപ്പറമ്പ് എച്ച്.എസ്.എസ്, 19. മർകസ് എച്ച്.എസ്, 20. എസ്.കെ. പൊറ്റെക്കാട്ട് ഹാൾ, 21. പറയഞ്ചേരി ബോയ്സ് എച്ച്.എസ്.എസ്, 22. ബി.ഇ.എം ഗേൾസ് എച്ച്.എസ്.എസ്, 23. ഗവ. മോഡൽ എച്ച്.എസ്.എസ്, 24. നടക്കാവ് ജി.വി.എച്ച്.എസ്.എസ്

Tags:    
News Summary - school Arts Festival-Vikram Maidan is the Main venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.