കോഴിക്കോട്: കേരള സ്കൂൾ കലോൽസവത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിമുക്തി മിഷനുമായി ചേർന്ന് സാമൂതിരി സ്കൂൾ ഗ്രൗണ്ടിൽ സജ്ജീകരിച്ച സ്റ്റാൾ ശ്രദ്ധേയമാകുന്നു. സർക്കാറിന്റെ ലഹരി വിരുദ്ധ കാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശവുമായി ഗോൾ ചലഞ്ച് വേദിക്ക് പുറത്ത് ആളുകൾ വലിയ ആവേശത്തോടെ ഏറ്റെടുത്തു. 3 ഗോളുകൾ തുടർച്ചയായി പോസ്റ്റിലെത്തിക്കുന്നവർക്ക് സമ്മാനമുണ്ട്.
ലഹരി പദാർത്ഥങ്ങൾ സൃഷ്ടിക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ വിശദീകരിക്കുന്ന പോസ്റ്ററുകൾ, രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, എക്സൈസ് വകുപ്പിന്റെ സേവനങ്ങൾ സംബന്ധിച്ച നമ്പറുകൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. കുട്ടികളിലെ ലഹരി ഉപയോഗത്തെയും ഇത് സംബന്ധിച്ച കൗൺസിലിങിനെയും സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്കും മാർഗനിർദേശങ്ങൾക്കുമായുള്ള ഹെൽപ് ഡസ്കിൽ സിംഹാൻസിന്റെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാണ്.
കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി. രാജേന്ദ്രനാണ് സ്റ്റാൾ ഉദ്ഘാടനം ചെയ്തത്. വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെയും 14 ജില്ലകളിലെ പ്രവൃത്തിപരിചയ മേളയിൽ വിജയിച്ച കുട്ടികളുടെ കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനവും സാമൂതിരി ഗ്രൗണ്ടിൽ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.