കോഴിക്കോട്ട്: കലോത്സവം തീരുന്നതിന്റെ തലേന്ന് നാടൊന്നായി മേള കാണാൻ ഒഴുകിയെത്തി. കലയും കലാകാരന്മാരും ജീവിതഭാഗമായ കോഴിക്കോട്ടുകാർ എല്ലാത്തവണയും മേളയെത്തുമ്പോഴെന്നപോലെ ഈ മേളയും വർണാഭമാക്കി. വെള്ളിയാഴ്ച മാപ്പിളപ്പാട്ട് ഒഴുകിയ ടൗൺഹാളിലും നാടകം തിമിർത്താടിയ തളി സ്കൂളിനുമൊപ്പം മുഖ്യവേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനത്തും നിന്നുതിരിയാനിടമില്ലാത്ത അവസ്ഥയായിരുന്നു.
ധനുമാസത്തിലെ തിരുവാതിര നാളിൽ വീടുകളിൽ പൊറാട്ട് നാടകവും നരികളിയും നൃത്തങ്ങളുമൊക്കെ എത്തുന്നതുകാത്ത് ഉറക്കിളക്കാറുള്ള കോഴിക്കോട്ടുകാർ ഒന്നായി രാവിലെ മുതൽ വേദികളിലെത്തി കലാ പരിപാടികൾ ആസ്വദിച്ചു. ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതും ആളൊഴുക്കിന് ആക്കംകൂട്ടി. അയൽ ജില്ലകളിൽനിന്നും ഏറെപേർ കലോത്സവം കാണാനെത്തി. മത്സരാർഥികളും രക്ഷിതാക്കളുമെല്ലാം ഒഴുകിയെത്തിയതോടെ നഗരം ഉത്സവത്തിമിർപ്പിലായി. ബീച്ചിലും മിഠായി തെരുവിലും മാവൂർ റോഡിലും വിവിധ മാളുകളിലുമെല്ലാം കാഴ്ചകൾ കാണാനും ഷോപ്പിങ് നടത്താനും ജനമെത്തിയതോടെ നഗരം ഗതാഗതക്കുരുക്കിലായി.
പതിനായിരങ്ങളാണ് മത്സരം കാണാനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വേദികളിൽ എത്തുന്നത്. കലോത്സവത്തിന്റെ നാലാംദിനം മുഴുവൻ വേദികളും കാലുകുത്താൻ ഇടമില്ലാത്തവിധം നിറഞ്ഞുകവിഞ്ഞു. രണ്ടാംവേദിയായ സാമൂതിരി സ്കൂളിലെ ‘ഭൂമി’യിൽ നാടകം കാണാൻ ഒഴുകിയെത്തിയത് വൻ ജനക്കൂട്ടമാണ്. തടിച്ചുകൂടിയവരെ കുട്ടികൾ നിരാശരാക്കിയില്ല. വിദ്യാർഥികൾ തന്മയത്വത്തോടെ ഓരോ നാടകങ്ങളും കാണികൾക്ക് മുന്നിലെത്തിച്ചു. സാമൂതിരി സ്കൂൾ ഗ്രൗണ്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
പ്രധാനവേദിയായ വിക്രം മൈതാനിയിലെ അതിരാണിപ്പാടത്ത് ഇരിപ്പിടങ്ങൾ നിറഞ്ഞുകവിഞ്ഞു. വേദിക്ക് പുറത്തേക്കും നിറഞ്ഞുകവിഞ്ഞ ജനലക്ഷങ്ങൾക്ക് മുന്നിൽ മിടുക്കികൾ സംഘനൃത്തവും തിരുവാതിരകളിയും അവതരിപ്പിച്ചു. നിറഞ്ഞ കൈയടികളാണ് ഓരോ ടീമിനും മത്സരശേഷം വേദിയിൽനിന്ന് കിട്ടിയത്.
ഇതുപോലൊരു പ്രോത്സാഹനം സ്വപ്നതുല്യമെന്നായിരുന്നു പലരുടെയും പ്രതികരണം. വിവിധ യൂനിഫോം സേനകളും വളന്റിയർമാരും മത്സരാർഥികൾക്കും കാണികൾക്കും ആവശ്യമായ സഹായങ്ങളുമായി 24 വേദികളിലും നിറഞ്ഞൊഴുകി. കുടിവെള്ളം നിറച്ചുവെക്കുന്ന കൂജകൾ ഒഴിഞ്ഞുകിടക്കാതിരിക്കാൻ വളന്റിയർമാർ കൃത്യമായ ജാഗ്രത പുലർത്തി.
ശബ്ദവും വെളിച്ചവും മുടക്കമില്ലാതെ നിലനിർത്തി. തിരക്ക് നിയന്ത്രിച്ചും എല്ലാവരെയും ഉത്സവത്തിന്റെ ഭാഗമാക്കിയും പരാതികൾക്ക് ഇടവരാതെ ചുമതലപ്പെട്ടവർ കടമകൾ മനോഹരമാക്കി. സന്നദ്ധസേവകരുടെ വൻ സാന്നിധ്യം വിദ്യാഭ്യാസമന്ത്രി തന്നെ പലതവണ പുകഴ്ത്തി. കലോത്സവത്തിന് ശനിയാഴ്ച തിരശ്ശീല വീഴുമ്പോൾ അഞ്ചുനാൾ മാമാങ്കം കോഴിക്കോട്ടുകാരുടെ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മനസ്സിൽ മികച്ച കലോത്സവമായി നിലനിൽക്കുമെന്നുറപ്പായി.
രാവിലെ ആദായ നികുതി ഓഫിസിന് മുന്നിൽ നടന്ന സി.ഐ.ടി.യു സ്കീം വർക്കേഴ്സിന്റെ മാർച്ച് കൂടിയായപ്പോൾ പകൽ മുഴുവൻ നഗരം ഗതാഗതക്കുരുക്കിലായിരുന്നു. പൊലീസിന്റെ സജീവ ഇടപെടലാണ് പലപ്പോഴും യാത്രക്കാർക്ക് സഹായകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.