കോഴിക്കോട്: സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ചിത്രരചന കൈയൊപ്പിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പ്രത്യേകം ഒരുക്കിയ കാൻവാസിൽ കൈയൊപ്പ് ചാർത്തിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. സർക്കാറിന്റെ ലഹരിവിരുദ്ധ കാമ്പയിൻ ഏറ്റെടുത്താണ് കലോത്സവ നഗരിയിലും സർഗാത്മകമായി ലഹരിവിരുദ്ധ ആശയം എത്തിക്കാൻ പരിപാടി സംഘടിപ്പിച്ചത്.
മന്ത്രിയോടൊപ്പം എം.കെ. രാഘവൻ എം.പി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ എന്നിവരും ഒപ്പുചാർത്തി. കലാപ്രതിഭകൾക്കും പൊതുജനങ്ങൾക്കും ലഹരിക്കെതിരെ ഒപ്പിടാം. അതോടൊപ്പം ചിത്രകലാകാരന്മാരുടെ കലാസൃഷ്ടികൾ വരക്കാനും കഴിയുംവിധമാണ് കാൻവാസ് ഒരുക്കിയത്.
കലോത്സവം കഴിയുംവരെ ലഹരിക്കെതിരെയുള്ള കൈയൊപ്പ് കാൻവാസ് പ്രദർശിപ്പിക്കും. കലോത്സവ പോഗ്രാം കമ്മിറ്റി ബി.ഇ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആർട്സ് ആൻഡ് ലിറ്ററേച്ചർ താമരശ്ശേരിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.കെ. അരവിന്ദൻ, ആർട്സ് ആൻഡ് ലിറ്ററേച്ചർ താമരശ്ശേരി അംഗങ്ങളും ചിത്രകലാകാരന്‍മാരുമായ മജീദ് ഭവനം, രാജൻ ചെമ്പ്ര, നാസർ താമരശ്ശേരി, രാധിക രഞ്ജിത്ത്, സുനിത കിളവൂർ, ദിലീപ് ബാലൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.