കോഴിക്കോട്: കലോത്സവത്തിനെത്തുന്ന പ്രതിഭകൾക്കും ഒപ്പമുള്ളവർക്കും വേദികളിൽനിന്ന് വേദികളിലേക്കു പോകാൻ ഇത്തവണ നട്ടംതിരിയണ്ട. പ്രത്യേകം ഒരുക്കിയ കലോത്സവ വണ്ടികൾ നിങ്ങളെ യഥാസ്ഥാനത്തെത്തിക്കും. ഗതാഗത കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കലോത്സവ വണ്ടികൾ സജ്ജീകരിച്ചത്. ബസുകളും ഇന്നോവ കാറുകളും ഉൾപ്പെടെ 30 വാഹനങ്ങളാണ് ‘കലോത്സവ വണ്ടികൾ’ എന്ന പേരിൽ സർവിസ് ആരംഭിച്ചത്.
കലാപ്രതിഭകളെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നു സ്വീകരിച്ച് താമസസ്ഥലത്ത് എത്തിക്കുന്നതിനും വേദികളിലേക്ക് കൊണ്ടുപോകുന്നതിനും വാഹനത്തിന്റെ സേവനമുണ്ടാകും. യാത്ര പൂർണമായും സൗജന്യമാണ്. കലോത്സവ ചരിത്രത്തിലാദ്യമായാണ് വേദികളിലേക്കെത്താൻ ഗതാഗത സൗകര്യം ഏർപ്പെടുത്തിയത്. കലോത്സവ വണ്ടികളുടെ ഫ്ലാഗ് ഓഫ് മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും ചേർന്ന് നിർവഹിച്ചു.
നിരക്ക് കുറച്ച് 130 ഓട്ടോറിക്ഷകളും സർവിസ് നടത്തുന്നുണ്ട്. മീറ്റർ ചാർജിൽനിന്ന് മൂന്നു രൂപ കുറച്ചാണ് ഈ ഓട്ടോകൾ ഈടാക്കുക. കൂടാതെ, രാത്രി 11.30നുശേഷം മാത്രമേ അധിക ചാർജ് ഈടാക്കുകയുള്ളൂ എന്നും കമ്മിറ്റി കൺവീനർ അബ്ദുൽ ജലീൽ പാണക്കാട് അറിയിച്ചു.
വാഹനസൗകര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്സ്ആപ് ഗ്രൂപ്പുണ്ട്. വിവരങ്ങൾക്കായി 8075029425, 9846506364 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഫ്ലാഗ്ഓഫ് ചടങ്ങിൽ പി.ടി.എ. റഹീം എം.എൽ.എ, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, കമ്മിറ്റി ജോയന്റ് കൺവീനർ അബ്ദുൽ ഗഫൂർ, സലാം കല്ലായി, ഷാഫി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.