കോഴിക്കോട്: കലക്കാറ്റ് വീശും മുമ്പെ കലോത്സവം തലക്ക് പിടിച്ച് നാട്. വേദികളുണരും മുമ്പെ അവിടെയൊന്ന് പോയ് വരട്ടെയെന്ന് പറഞ്ഞ് കുട്ടികളുടെ കൈപിടിച്ച് നാട്ടുകാർ മുഖ്യവേദിയായ അതിരാണിപ്പാടത്തേക്കിറങ്ങി. കല്യാണത്തലേന്നത്തെ ഒരുക്കം പോലുണ്ടിവിടെ. കാര്യങ്ങളൊക്കെ ജോറാണ്. എല്ലാർക്കും കുത്തിരിക്കാൻ ഇഷ്ടംപോലെ കസേര. പന്തെലിനെന്താ നീളം.... പതിനയ്യായിരം കസേര നിരത്താൻ പറ്റിയ പന്തൽ. അതും ടാറിട്ട ഹെലിപ്പാടിൽ. മേള പൊടിപൊടിച്ചാലും പൊടിപാറില്ലെന്ന് ആശ്വാസം. സംഭവം കലക്കുമെന്ന് കണ്ടോരൊക്കെ പറയുന്നു.
ഉത്സവപ്പറമ്പ് ഇന്നേ കളറാണല്ലോ... അങ്കം തുടങ്ങും മുമ്പെ അങ്കത്തട്ട് കാണാൻ വന്ന ആലപ്പുഴ ടീമിന് കൗതുകം. എല്ലാ മുഖത്തും ചിരിയാണല്ലോ എന്ന് പറഞ്ഞ് സംഘ നൃത്തമാടാനെത്തിയ മാളവികയും ടീമും കോഴിക്കോട്ടുകാർക്ക് മാർക്കിട്ടു. കലോത്സവ വണ്ടിയിലേറി നഗരം കണ്ട കുട്ടികൾക്ക് മനം നിറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ മൂന്നരക്ക് എത്തിയതാണ് ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ടീം. വന്നിറങ്ങിയതുമുതൽ ‘എക്സൈറ്റഡാ’ണെന്ന് ടീമിലെ അലീന. സന്ധ്യക്ക് മിഠായിത്തെരുവിലും ബീച്ചിലുമൊക്കെ കറങ്ങാനുള്ള പുറപ്പാടിലായിരുന്നു. നേരമിരുട്ടും മുമ്പ് വേദി കാണാനിറങ്ങിയതാണ്. ‘‘ഇവിടെ വന്നപ്പോ സന്തോഷം ഡബിളായി. വന്ന പാടെ സ്റ്റേജിൽ കേറി സെൽഫി കാച്ചി.’’ ഉച്ചക്ക് കഴിച്ചത് കോഴിക്കോടൻ ബിരിയാണി. അതിൽതന്നെ വീണുപോയെന്ന് ടീമിലെ നയൻ എൽസ. ഇനി ബീച്ചിൽ പോയി സുർക്കയൊഴിച്ച ഐസൊരതി കഴിക്കണം, ഉപ്പിലിട്ട എലന്തപ്പഴം തിന്നണം.
മിഠായിത്തെരുവിൽ പോയി ഹൽവ വാങ്ങണം... ഇവിടെ വിട്ടുപോകും മുമ്പ് റഹ്മത്തിലെ ബിരിയാണി കഴിക്കണം അങ്ങനെ പലതുണ്ട് പ്ലാനെന്ന് ടീം ആലപ്പുഴ. കോഴിക്കോടിന്റെ ഭക്ഷണപ്പെരുമയെപ്പറ്റി ഏറെ കേട്ടിട്ടുണ്ടെന്ന് കുട്ടികൾ. അവർക്ക് കുറ്റിച്ചിറയെ പറ്റിയറിയണം. കണ്ണുവെച്ച പത്തിരിയും കോഴി വരട്ടിയതുമൊക്കെ ഒന്ന് ‘ട്രൈ’ ചെയ്യണം. മുട്ടസുർക്കയും മുട്ടമാലയും രുചിക്കണം. രേവതി പട്ടത്താനം നടക്കുന്ന തളിയിൽ പോകണം. വല്യങ്ങാടിയിലെ തട്ടിൻ മുകളിലെ പാട്ടുകൂട്ടങ്ങളെയൊന്ന് നേരിൽ കാണണം.
അങ്ങനെ ഒരുപാട് കോഴിക്കോടിനെ കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ടത്രെ ഇവർ. എന്നും ഒപ്പന പാടുന്ന കല്ലായിക്കടവത്തുകാർ കോയിക്കോട്ടങ്ങാടി കുട്ടികൾക്കായി വിട്ടുകൊടുത്ത മാതിരിയുണ്ട്. ആകെ കലോത്സവമയം. ‘‘എന്താ ഷ്ടാ മാനഞ്ചിറയുടെ ഒര് മൊഞ്ച്....’ ലൈറ്റിട്ട് പൊളിയാക്കിട്ട്ണ്ടിവിടെ. തളീലെ പന്തലും ഒന്നൊന്നര വലിപ്പത്തിലാണേ.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.