സംസ്ഥാന സ്കൂൾ കലോത്സവം: മാന്വൽ പ്രകാരം നടക്കുന്നില്ലെങ്കിൽ ഗൗരവതരം- ലോകായുക്ത

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീൽ വിവാദത്തിൽ നിലപാട് കടുപ്പിച്ച് ലോകായുക്ത. കലോത്സവ മാന്വലിന് വിരുദ്ധമായ നടത്തിപ്പ്, വിധി നിർണയം, അപ്പീൽ തീരുമാനം എന്നിവ സംബന്ധിച്ച് കൂട്ടത്തോടെയുള്ള പരാതികൾ പരിഗണിച്ചാണ് ലോകായുക്തയുടെ ഇടപെടൽ.

അപ്പീൽ ഇനത്തിൽ ഫീസ് സർക്കാറിലേക്ക് മുതൽ കൂട്ടിയതു കൊണ്ട് കാര്യമില്ലെന്നും മാന്വൽ പ്രകാരം നടക്കുന്നില്ലെങ്കിൽ ഗൗരവതരമാണെന്നും ലോകായുക്ത വ്യക്തമാക്കി. കൊടകര ഗവ. ഹയർസെക്കൻഡറി സ്കൂൾ, ഹോളി ഫാമിലി, ബ്രഹ്മകുളം വി.ആർ.എം ഹയർസെക്കൻഡറി, കുന്നംകുളം ബഥനി, ഗുരുവായൂർ ലിറ്റിൽ ഫ്ലവർ, തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളുകളിലെ വിദ്യാർഥികളാണ് ലോകായുക്തയെ സമീപിച്ചത്. ഹൈകോടതി കഴിഞ്ഞ ദിവസം അപ്പീലുകൾ കൂട്ടത്തോടെ തള്ളിയിരുന്നു.

ബാലാവകാശ കമീഷൻ ഇത്തവണ അപ്പീലുകൾ പരിഗണിച്ചില്ല. പകരം അതത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദേശം മാത്രമാണ് നൽകിയത്.

ലോകായുക്ത ഒരു പരാതിയിലാണ് ഇടക്കാല അനുമതി നൽകിയത്. തൃശൂർ, കോഴിക്കോട് ജില്ലകളിൽ സിവിൽ കോടതികളിൽ ലഭിച്ച ചില പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി അനുമതി നൽകി. തൃശൂർ ജില്ലയിൽ അപ്പീൽ കമ്മിറ്റി മുമ്പാകെയെത്തിയ 188 എണ്ണത്തിൽ നാലെണ്ണം മാത്രമാണ് അനുവദിച്ചത്. സംസ്ഥാന തലത്തിൽ 10 ശതമാനം മാത്രം അനുവദിച്ചാൽ മതിയെന്ന് പൊതു നിർദേശം അനൗദ്യോഗികമായി വിദ്യാഭ്യാസ വകുപ്പ് നൽകിയിരുന്നു. 2018ൽ വ്യാജ അപ്പീലുകൾ വന്നതാണ് ഇത്തവണ ബാലവകാശ കമീഷൻ നിലപാട് കടുപ്പിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, സംസ്ഥാന സ്കൂൾ കലോത്സവ ജനറൽ കൺവീനർ കൂടിയായ അഡീഷനൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, തൃശൂർ റവന്യു ജില്ല അപ്പീൽ കമ്മിറ്റി ചെയർമാൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ, സ്റ്റേജ് കൺവീനർ എന്നിവരോടാണ് ഫെബ്രുവരി 15നകം വിശദമായ വസ്തുത വിവരണ റിപ്പോർട്ട് നൽകാൻ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

പരാതിക്കാർക്ക് വേണ്ടി അഡ്വ. പി.കെ. സുരേഷ് ബാബു, കെ.ആർ. രശ്മി, സോന ബാലൻ എന്നിവർ ഹാജരായി.

Tags:    
News Summary - State School Arts Festival: If not held according to manual, it will be serious -Lokayukta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.