സംസ്ഥാന സ്കൂൾ കലോത്സവം: ഒരുക്കങ്ങൾ പൂർത്തിയാവുന്നു; അതിരാണിപ്പാടം കാൽച്ചിലമ്പണിയും

കോഴിക്കോട്: ‘അതിരാണിപ്പാട’ത്ത് മോഹിനിമാരുടെ കാൽചിലമ്പൊലിയുണരും. ‘കൂടല്ലൂരി’ൽ ഭരതനാട്യച്ചുവടുകളും. ‘തസ്രാക്കി’ൽ ചവിട്ടുനാടകവും ‘ബേപ്പൂരി’ൽ കോൽക്കളിയും ‘പാണ്ഡവപുര’ത്ത് കുഞ്ചന്റെ കച്ചമണിക്കിലുക്കവും നിറയും. 61ാമത് കേരള സ്കൂൾ കലോത്സവത്തിന് മലയാള സാഹിത്യത്തിലെ അവിസ്മരണീയ പേരുകൾ പതിഞ്ഞ വേദികളിൽ ജനുവരി മൂന്നിന് തുടക്കമാവും. ഏഴിനാണ് സമാപനം.

പ്രധാന വേദിയായ വിക്രം മൈതാനിക്ക് എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’യിലെ അതിരാണിപ്പാടം എന്ന പേരാണ് നൽകിയത്. ‘അതിരാണിപ്പാട’ത്ത് മൂന്നിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കെ.ടി. മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്’ എന്ന നാടകത്തെ ആസ്പദമാക്കി തളി സാമൂതിരി സ്കൂളിലെ നാടക വേദിക്ക് ‘ഭൂമി’ എന്നും നാമകരണം ചെയ്തിട്ടുണ്ട്.

എം.ടിയുടെ ജന്മനാടായ ‘കൂടല്ലൂർ’ ആകുന്നത് തളി സാമൂതിരി സ്കൂൾ ഗ്രൗണ്ടാണ്. ഒ.വി. വിജയന്റെ ‘തസ്രാക്കാ’ണ് പ്രോവിഡൻസ് സ്കൂളിലെ വേദി. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബേപ്പൂർ’ ആകുന്നത് ബീച്ചിലെ ഗുജറാത്തി ഹാളാണ്. പാണ്ഡവപുരവും തൃക്കോട്ടൂരും തിക്കോടിയും പുന്നയൂർക്കുളവും ഉജ്ജയിനിയും മയ്യഴിയും കക്കട്ടിലും ലന്തൻബത്തേരിയും മാവേലിമൺറവുമെല്ലാം വേദികളുടെ പേരുകളാണ്.

24 വേദികളിൽ 14,000ത്തോളം വിദ്യാർഥികൾ പങ്കെടുക്കുമെന്ന് മാനാഞ്ചിറയിലെ സ്വാഗതസംഘം ഓഫിസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 105ഉം ഹൈസ്കൂൾ വിഭാഗത്തിൽ 96ഉം അറബിക് കലോത്സവത്തിലും സംസ്കൃതോത്സവത്തിലും 19 വീതവും ഉൾപ്പെടെ 239 വിഭാഗങ്ങളിലാണ് മത്സരം. വിക്രം മൈതാനിയിൽ ഉദ്ഘാടന ദിവസം രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പതാക ഉയർത്തും. ജനുവരി ഏഴിന് വൈകീട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പായി 1,000 രൂപ നൽകും. ഇത് വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. കേരളത്തിനകത്തും പുറത്തുംനിന്നുള്ള പ്രഗത്ഭരായ വ്യക്തികൾ മത്സരങ്ങളുടെ വിധി നിർണയിക്കും. കലോത്സവത്തിന് സ്വാഗതഗാനവും നൃത്താവിഷ്കാരവും റെഡി.

വിശിഷ്ടാതിഥികൾക്ക് നൽകാനുള്ള ബൊക്കെകൾ ക്രാഫ്റ്റ് അധ്യാപകർ തയാറാക്കിയിട്ടുണ്ട്. കലോത്സവത്തിനെത്തുന്ന വിദ്യാർഥികളെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും 30 ‘കലോത്സവ വണ്ടി’കൾ ഏർപ്പെടുത്തി. അതിഥികൾക്ക് കോഴിക്കോട്ടെ പ്രസിദ്ധരായ എഴുത്തുകാരുടെ കൈയൊപ്പിട്ട പുസ്തകങ്ങൾ ഉപഹാരമായി നൽകും. അതിഥികൾക്ക് നൽകുന്നത് പരിസ്ഥിതി സൗഹൃദമായ ബാഡ്ജുകൾ. മാനാഞ്ചിറ ഗവ. മോഡൽ സ്കൂളിലാണ് രജിസ്ട്രേഷൻ കൗണ്ടർ. ജനുവരി രണ്ടിന് രാവിലെ 10.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഓരോ ജില്ലക്കും പ്രത്യേക കൗണ്ടറുകൾ. മത്സരാർഥികൾ ഓൺലൈനായി രജിസ്‌റ്റർ ചെയ്യുമ്പോൾ തന്നെ താമസസൗകര്യം രേഖപ്പെടുത്താം.

20 സ്കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക താമസസൗകര്യം. താമസ കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷ. ഭക്ഷണപ്പന്തൽ ഇക്കുറിയും മലബാർ ക്രിസ്റ്റ്യൻ കോളജ് ഗ്രൗണ്ടിൽ. ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്കാണ് പാചകത്തിന്റെ ചുമതല. 17,000 പേർക്ക് ഭക്ഷണമൊരുക്കും. ഒരേ സമയം 2000 പേർക്ക് ഭക്ഷണം കഴിക്കാം. ഭക്ഷണം വിളമ്പുന്നത് മൂന്നു ഷിഫ്റ്റുകളിലായി 1200 അധ്യാപകർ. മത്സരവേദികളിലെല്ലാം വിഡിയോ റെക്കോഡിങ്ങുണ്ട്.

മത്സരഫലങ്ങൾ വേദികൾക്കരികിലെ ഡിജിറ്റൽ ബോർഡിൽ പ്രദർശിപ്പിക്കും. വേദികൾ, ഭക്ഷണപ്പന്തൽ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവ അറിയാൻ ക്യു.ആർ കോഡ് സിസ്റ്റം സിറ്റി പൊലീസിന്റെ സഹകരണത്തോടെ നൽകും.മേളക്കെത്തുന്ന വാഹനങ്ങളിൽ പ്രത്യേക തിരിച്ചറിയൽ കോഡുകളോടുകൂടിയ സ്റ്റിക്കറുകൾ പതിക്കും. ഗ്രീൻ പ്രോട്ടോകോൾ നിർബന്ധം. അടിയന്തര ചികിത്സക്ക് ആംബുലൻസും ഡോക്ടർമാരുടെ സേവനവും. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. കൂജ, മൺ ഗ്ലാസ്, മൺ ജഗ് എന്നിവ ഉപയോഗിച്ചാണ് കുടിവെള്ളം കൊടുക്കുക.

സിറ്റിയിലെ പ്രധാന കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് ഉൾപ്പെടെയുള്ള പരിപാടികൾ. പൊലീസ് വകുപ്പുമായി ചേർന്ന് കോഴിക്കോട് ജില്ലയിലെ 11 സ്‌കൂളുകളിലെ എൻ.സി.സി, എസ്.പി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജെ.ആർ.സി കുട്ടികളുടെ സേവനം എല്ലാ വേദികളിലും ലഭിക്കും. മുഖ്യ വേദിയിലെ വാഹന പാർക്കിങ് ഗവൺമെന്റ് പോളിടെക്‌നിക് കോളജിലാണ് ക്രമീകരണം. സുരക്ഷ ക്കായിനായി നിരീക്ഷണ കാമറകൾ സജ്ജം. പ്രധാന വേദിക്കരികിൽ കൺട്രോൾ റൂമും മറ്റ് വേദികളുടെ സമീപത്ത് ഔട്ട് പോസ്റ്റുകളുമുണ്ടാകും.

Tags:    
News Summary - State School Arts Festival: Preparations are complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.