കോഴിക്കോട്: നേരും നെറിയുമുള്ള ഓട്ടോക്കാരാണ് കോഴിക്കോട്ടുള്ളത്. അമിത ചാർജില്ല. മീറ്ററിൽ കാണുന്നത് കൊടുത്താൽ മതി. സത്യസന്ധതക്ക് പേരുകേട്ടവർ... അങ്ങനെ മറുനാട്ടുകാരും പറയാറുണ്ട് കോഴിക്കോടൻ ഓട്ടോ പെരുമ...കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് സ്കൂൾ കലോത്സവത്തിനെത്തുന്ന കലാകാരന്മാർക്കും ഇനി ആ ഓട്ടോ പെരുമകൾ നേരിട്ടറിയാം.
മത്സരത്തിനെത്തുന്ന കലാപ്രതിഭകൾക്ക് ഗതാഗത കമ്മിറ്റിയുടെ സ്റ്റിക്കർ പതിച്ച് ഓടുന്ന തിരഞ്ഞെടുക്കപ്പെട്ട ഓട്ടോകളിൽ യാത്ര ഇനത്തിൽ മീറ്റർ തുകയിൽനിന്ന് മൂന്നു രൂപ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് കോഴിക്കോട്ടെ ഓട്ടോക്കാർ. മാത്രമല്ല, രാത്രികാല സർവിസിന് നിശ്ചയിച്ച അധിക ചാർജ് ഈടാക്കുന്നത് നേരത്തേ 10 മണിക്കുശേഷമായിരുന്നു. അത് 11.30ന് ശേഷമാക്കാനും തീരുമാനിച്ചു. ഗതാഗത വകുപ്പ് വിളിച്ചുചേർത്ത ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷനായ യോഗത്തിൽ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എസ്.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് തുടങ്ങിയ യൂനിയനുകളുടെ നേതാക്കന്മാരും യോഗത്തിൽ പങ്കെടുത്തു.2020ൽ കാഞ്ഞങ്ങാട് കലോത്സവം നടന്നപ്പോൾ മത്സരാർഥികൾക്കായി ഓട്ടോറിക്ഷയിലും ഭക്ഷണശാലകളിലും കച്ചവടസ്ഥാപനങ്ങളിലും പ്രത്യേക ഡിസ്കൗണ്ട് പ്രഖ്യാപിച്ചായിരുന്നു നാട്ടുകാർ വരവേറ്റത്.
ഒരുക്കം ഒടുക്കത്തിലേക്ക്
കലോത്സവത്തിന് ഇനി നാലുനാൾ ശേഷിക്കെ പന്തൽപണി അവസാന ഘട്ടത്തിലേക്കെത്തി. മറ്റ് കലോത്സവങ്ങളിൽനിന്ന് വ്യത്യസ്തമായി സ്റ്റേജ് മാനേജർക്ക് പുറമെ സ്റ്റേജ് കോഓഡിനേറ്റർമാരെയും ഒരുക്കിയിട്ടുണ്ട്. പരാതികൾക്ക് ഇടനൽകാതിരിക്കാൻ പഴുതടച്ച സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വേദികൾ ഒരുക്കുന്ന വിദ്യാലയങ്ങൾ ഭൗതിക സൗകര്യം ഒരുക്കുന്നതിൽ ഒരു വീഴ്ചയും വരുത്തരുതെന്ന് ഡി.ഡി.ഇ നിർദേശം നൽകിയിട്ടുണ്ട്. അതത് പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർമാർ എന്നിവർക്കായിരിക്കും ചുമതല. വേദികൾ ഒരുക്കുന്ന സ്കൂളുകളിലെ പ്രിൻസിപ്പൽമാരെയും ഹെഡ്മാസ്റ്റർമാരെയും പ്രത്യേകം യോഗം വിളിച്ചാണ് ഡി.ഡി.ഇ നിർദേശം നൽകിയത്.
ഗ്രീൻ ബ്രിഗേഡുകൾ റെഡി
കോഴിക്കോട്: കലോത്സവം പൂർണമായി ഹരിതചട്ട പ്രകാരം നടത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ ഗ്രീൻ ബ്രിഗേഡുകൾ സജ്ജം. ഗ്രീൻ ബ്രിഗേഡുകളായി സേവനമനുഷ്ഠിക്കുന്നവർക്ക് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓറിയന്റേഷൻ ക്ലാസ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി സെന്റ് ജോസഫ്സ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ബി.ഇ.എം ജി.എച്ച്.എസ്.എസ്, ജി.ജി.എച്ച്.എസ്.എസ് നടക്കാവ് എന്നിവിടങ്ങളിലാണ് ക്ലാസ് സംഘടിപ്പിച്ചത്. 600 വിദ്യാർഥികളും 100 രക്ഷിതാക്കളും ക്ലാസിന്റെ ഭാഗമായി. പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ ഉദ്ഘാടനം ചെയ്തു. ഡോ. ജോഷി ആന്റണി അധ്യക്ഷതവഹിച്ചു. അഡ്വ. എം. രാജൻ, പി. സിദ്ധാർഥൻ, പ്രമോദ് കുമാർ, ഹന്ന ഫാത്തിമ ഹാഗർ, കെ. ബാബു, സി.ഇ. ദീപക്, ഗിരീഷ് കുമാർ, പി. പ്രിയ, കെ.കെ. ശ്രീജേഷ് കുമാർ, പി. അഖിലേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.