വൈവിധ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെയുള്ള പ്രതിരോധമാണ് കലാപ്രവർത്തനം -മന്ത്രി വി. ശിവൻകുട്ടി

കോഴിക്കോട്: വൈവിധ്യം എന്ന നമ്മുടെ കരുത്തിനെ ഇല്ലാതാക്കി ഏകശിലാരൂപം ആക്കാനുള്ള ശ്രമത്തിനെതിരെയുള്ള പ്രതിരോധമാണ് കലാപ്രവർത്തനമെന്ന് പൊതുവിദ്യാഭാസ മന്ത്രി വി. ശിവൻകുട്ടി. കലോത്സവ വേദികൾ സാംസ്കാരിക വിനിമയത്തിനുള്ള വേദികൾ കൂടിയാണ്. ഇവിടെ മാറ്റുരക്കുന്ന പ്രതിഭകൾക്ക് തുടർച്ച വേണം. അക്കാര്യത്തിൽ ഗൗരവതരമായ ആലോചനകൾ നടത്തും. പ്രതിഭകൾ മുന്നേറണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസംഗം:

61 -ാം സംസ്ഥാന സ്കൂൾ കലോത്സവത്തെ കോഴിക്കോട് എല്ലാതരത്തിലും വരവേറ്റിരിക്കുകയാണ്. ഇനിയങ്ങോട്ട് കലയുടെ രാപ്പകലുകളാണ്. എല്ലാതവണത്തെയും എന്നപോലെ ഈ തവണയും കോഴിക്കോട്ടുകാർ ഈ മഹാമേളയെ നെഞ്ചോട് ചേർക്കുമെന്ന് തീർച്ച. ഈ മണ്ണിൽ നിൽക്കുമ്പോൾ ചരിത്രത്തിന്റെ തിരമാലയുടെ ശബ്ദം കേൾക്കുന്നുണ്ട്.

സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, അവകാശ പോരാട്ടങ്ങളുടെ മണ്ണാണിത്. ഗസലും നാടകഗാനങ്ങളും എല്ലാം ആസ്വദിക്കുന്ന ജനസമൂഹത്തിന്റെ നാടാണിത് . ബാബുക്കയും കോഴിക്കോട് അബ്ദുൽ ഖാദറുമൊക്കെ നടന്ന് തീർത്ത വഴികൾ. എസ്.കെ പൊറ്റക്കാടും ബഷീറും എം.ടിയും ഒക്കെ നെഞ്ചോട് ചേർത്ത ഭൂമി. ഈ മണ്ണിലാണ് ഏഷ്യയിലെ ഏറ്റവും വലിയതെന്ന് പ്രശസ്തിയുള്ള കേരള സംസ്ഥാന സ്കൂൾ കലോത്സവം ഇത്തവണ നടക്കുന്നത്. ഇവിടെ ഇങ്ങിനെ നിൽക്കുമ്പോൾ ത്യാഗത്തിന്റെ പ്രതീകം സിസ്റ്റർ ലിനിയെയും സഹജീവിക്ക് വേണ്ടി ജീവന്‍ ത്യജിച്ച നൗഷാദിനേയും ഓർക്കാതെ പോകുന്നത് എങ്ങിനെ?

വലിയ ചരിത്രം സംസ്ഥാന സ്കൂൾ കലോത്സവത്തിനുണ്ടെന്ന് ഇവിടെ കൂടിയ എല്ലാവർക്കും അറിയാം. അതിനെക്കുറിച്ച് ഞാൻ പറയേണ്ടതില്ല. എന്നാൽ, ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വൈവിധ്യമാണ് നമ്മുടെ കരുത്ത്. അതിനെ ഇല്ലാതാക്കി ഏകശിലാരൂപം ആക്കാനുള്ള ശ്രമത്തിനെതിരെയുള്ള പ്രതിരോധമാണ് കലാപ്രവർത്തനം. കലോത്സവ വേദികൾ സാംസ്കാരിക വിനിമയത്തിനുള്ള വേദികൾ കൂടിയാണ്. ഇവിടെ മാറ്റുരക്കുന്ന പ്രതിഭകൾക്ക് തുടർച്ച വേണം. അക്കാര്യത്തിൽ ഗൗരവതരമായ ആലോചനകൾ നടത്തുമെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. പ്രതിഭകൾ മുന്നേറണം. അതിനുള്ള സാഹചര്യമൊരുക്കണം.

അതുപോലെതന്നെ കലോത്സവത്തിന്റെ ജനകീയത കാഴ്ചക്കാരുടെ എണ്ണത്തിൽ മാത്രമായി പരിമിതപ്പെടരുത്. കൂടുതൽ ജനകീയ പങ്കാളിത്തം അടിസ്ഥാനതലം മുതൽ ഉണ്ടാകേണ്ടതുണ്ട്. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരുടെ വാസനകൾ വളർത്താൻ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്. അതിനെന്ത് ചെയ്യാനാവും എന്ന് പരിശോധിക്കും. കാലത്തിനനുസരിച്ച് കലോത്സവ മാനുവൽ പരിഷ്കരിക്കപ്പെടണം.

ഇവിടെ അവതരിപ്പിക്കപ്പെടുന്ന എല്ലാ കലാരൂപങ്ങളും തുല്യ പരിഗണന അർഹിക്കുന്നു. എന്നാൽ ഈ കലാരൂപങ്ങളിൽ പ്രതിഫലിക്കപ്പെടാതെ പോകുന്ന ജനവിഭാഗങ്ങൾ ഉണ്ടെന്ന് പരിശോധിച്ചാൽ മനസ്സിലാകും. ഗോത്രകലകൾ അടക്കം ഇവിടെ അടയാളപ്പെടുത്താതെ പോകുന്ന കലാരൂപങ്ങളെ എങ്ങനെ കലോത്സവത്തിൽ ഉൾചേർക്കാം എന്നത് സംബന്ധിച്ച് വിശദമായ പരിശോധന ഉണ്ടാകും. അത് നിർവഹിക്കാൻ നാം ബാധ്യതപ്പെട്ടവരാണ്. ഈ ഉറപ്പ് നമ്മെ നയിക്കും എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു.

Tags:    
News Summary - v sivankutty speech in state school kalolsavam 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.