കോഴിക്കോട്: കാസർകോട് നിന്ന് വന്ന അടുപ്പത്തിലാണ് ഒരു അടുപ്പ് നാടകത്തിലെ നിതീന സംസ്ഥാനകലോൽസവത്തിലെ മികച്ച നടി. നാടകം കഴിഞ്ഞയുടൻ കാണികൾ വാരിക്കോരി അവൾക്ക് മാർക്കിട്ടിരുന്നു. അത്രമേൽ മികച്ച അഭിനയമാണ് നിതീന കാഴ്ചവെച്ചിരുന്നത്.
പൊള്ളുന്ന ജീവിതാനുഭവങ്ങൾ കുട്ടികളെ എത്രത്തോളം പൂർണരാക്കുന്നു എന്ന സന്ദേശമുള്ള നാടകം അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ മനോഹരമായ മനസും കണ്ണും നിറയ്ക്കുന്ന നിമിഷങ്ങൾ അവതരിപ്പിച്ചു.
പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതാനുഭവങ്ങളിലൂടെയാണ് ഓരോ വിദ്യാർത്ഥിയും പൂർണ്ണമാകുന്നത് എന്ന് നാടകം പറഞ്ഞു. അനായാസമായ അഭിനയം കൊണ്ടാണ് നിതീന ശ്രദ്ധിക്കപ്പെട്ടത്. കാസർകോട് ഇരിയണ്ണി ജി.വി.എച്ച്.എസ്.എസാണ് നാടകം അരങ്ങിലെത്തിച്ചത്. എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ച നാടകമായിരുന്നു ഇത്.
ഇരിയണ്ണി കോവിലകം കെ.എം ചന്തുക്കുട്ടിയുടെയും വി. മിനിയുടെയും മകളാണ് സി.കെ നിതീന. എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സിനിമയിൽ അവസരം കിട്ടിയാൽ അഭിനയിക്കുമെന്ന് ഈ മിടുക്കി. നിയയാണ് സഹോദരി. ഇതേ നാടകത്തിലെ അമ്മയായി അഭിനയിച്ച തൻമയയും അധ്വാനിയായ കുട്ടിയെ അവതരിപ്പിച്ച ദേവനന്ദനും കാണികളുടെ പ്രശംസ പിടിച്ചു പറ്റി.
കോഴിക്കോട്ടെ പ്രശസ്ത നാടകപ്രവർത്തകനായ അരുൺ പ്രിയദർശനാണ് ഇവരെ നാടകം പഠിപ്പിച്ചത്. നിരവധി സംസ്ഥാന കലോൽസവങ്ങളിൽ മികച്ച നാടകങ്ങൾ കൊണ്ടു വന്ന സംവിധായകനാണ് പ്രിയദർശൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.