സംഘനൃത്തം നാല് ലക്ഷം, ഭരതനാട്യം രണ്ട് ലക്ഷം, കഥകളി 50,000; ഹോ ഈ കലോത്സവത്തിന് എന്താലേ ചെലവ്

1965ൽ ഷൊർണൂരിൽ സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറുമ്പോൾ കേവലം 10,250 രൂപ മാത്രമായിരുന്നു ആകെ ബജറ്റ്. ഇന്ന് ഒരു ഇനത്തിന് ഒരു മത്സരാർത്ഥി അതിന്റെ പതിൻമടങ്ങ് ചെലവാക്കിയെങ്കിൽ മാത്രമേ വേദിയിൽ കയറാനാകൂ.

കാലം പോയ പോക്കേ. ലക്ഷങ്ങൾ മുടക്കിയാണ് നൃത്തയിനങ്ങളിൽ ഓരോ മത്സരാർത്ഥികളും എത്തുന്നത്. വ്യക്തിഗത നൃത്തയിനങ്ങൾക്ക് രണ്ട് ലക്ഷം രൂപവരെയാണ് ചെലവ്.

പാക്കേജുകൾ പ്രഖ്യാപിച്ച ഗുരുക്കൻമാരുമുണ്ട്. കുട്ടിയെ നൃത്തം പരിശീലിപ്പിച്ച് സബ് ജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളിൽ പ​ങ്കെടുപ്പിച്ച് സമ്മാനം വാങ്ങി കൊടുക്കുന്നതിന് ഒരു ഇനത്തിന് അഞ്ച് ലക്ഷം രൂപ വരെ പാക്കേജ് പ്രഖ്യാപിച്ച ഗുരുക്കൻമാരുണ്ട്.

ഏറ്റവും ചെലവേറിയ ഇനം സംഘ നൃത്തമാണ്. കലോത്സവത്തിലെ തന്നെ ഏറ്റവും കളർഫുൾ ഐറ്റം സംഘനൃത്തമാണ്. ഏറ്റവും കൂടുതൽ കാണികൾ എത്തുന്നതും ഇതിനാണ്. ഏഴുപേരാണ് ഒരു ഗ്രൂപ്പിൽ മത്സരത്തിന് ഇറങ്ങുന്നത്. നാല് ലക്ഷം രൂപ മുതൽ മുകളിലേക്കാണ് ഒരു നൃത്ത ശിൽപം അണിയിച്ചൊരുക്കുന്നതിന് ചെലവ്.

കഥകളിക്ക് 50000 രൂപ മുതൽ മുകളി​ലേക്കും. പാട്ട് ചിട്ടപ്പെടുത്തി സംഗീതം നൽകി റെക്കോർഡ് ചെയ്യുന്നതുമുതൽ തുടങ്ങുന്നു പണം മുടക്കിന്റെ കണക്കുകൾ. ഗുരുദക്ഷിണ, മേക്കപ്പ്, വസ്ത്രം, ആഭരണങ്ങൾ എന്നിവക്കുള്ള ചെലവ് വേറെ. ഉദാഹരണത്തിന് തുള്ളലിന്റെ ആടയാഭരണങ്ങൾക്ക് 60000 രൂപയാണ് ചെലവ്. ഇനി വേഷം വാടകക്ക് എടുക്കുകയാണെങ്കിൽ കുറഞ്ഞത് 18,000 രൂപ വേണം.

ചവിട്ടുനാടകത്തിനും ചെലവിൽ കുറവൊന്നുമില്ല. സെറ്റിന് അടക്കം അര ലക്ഷത്തിൽപരം രൂപ ഇതിനായി വേണം. പിന്നീട് ഏറ്റവും കൂടുതൽ പണച്ചെലവുള്ളത് നാടകത്തിനാണ്. സെറ്റ് ഒരുക്കുന്നതടക്കം ലക്ഷങ്ങൾ ഇതിന് വേണ്ടിവരും.

Tags:    
News Summary - state school kalolsavam kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.