കോഴിക്കോട്: കലോത്സവം തന്ന സൗഹൃദമാണ് അവരുടേത്. 2015 മുതൽ ’19 വരെയുള്ള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയലിനിലും ഫ്ലൂട്ടിലും കഴിവ് തെളിയിച്ച് വിജയ പീഠത്തിലെത്തിയവർ. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനി ഗോപികയും ഉള്ള്യേരി സ്വദേശി നിഹാൽ ആസാദും. തുടർച്ചയായുള്ള കണ്ടുമുട്ടലുകൾക്ക് കലോത്സവം വേദിയാകുമ്പോൾ അവരുടെ സംസാരം സംഗീതം ഒന്ന് മാത്രമായിരുന്നു. ഇപ്പോഴിതാ ആ സൗഹൃദം ഒന്നിച്ചൊരു സംഗീതപരിപാടിയിലേക്ക് എത്തുന്നതിന്‍റെ സന്തോഷത്തിൽ കൂടിയായിരുന്നു ഇരുവരും അതിരാണിപ്പാടത്തെ കലോത്സവ നഗരിയിലെത്തിയത്.
നിഹാൽ ആസാദ് ഇപ്പോൾ തിരക്കുള്ള ഓടക്കുഴൽ വാദകനാണ്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സംഗീതപരിപാടികളിലെ സ്ഥിരസാന്നിധ്യം. മലയാളത്തിലെ പ്രമുഖ ഗായകരൊത്ത് ഇതിനകം പരിപാടികൾ അവതരിപ്പിച്ച് കഴിഞ്ഞു. ഹിന്ദുസ്ഥാനിയാണ് പ്രിയം. ഗോപിക ഡൽഹി യൂനിവേഴ്സിറ്റിയിൽ കണക്കിൽ ബിരുദം പൂർത്തിയാക്കി. വയലിനിൽ ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിൽ എട്ടാം ഗ്രേഡ് പൂർത്തിയാക്കി. ഇതിനകം ഒരുപാട് വേദികളിൽ വയലിനിൽ കഴിവ് തെളിയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.
തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ അമ്മയോടൊപ്പം നാലാം ക്ലാസിൽ കലോത്സവത്തിന് പോയതാണ് ഗോപിക വയലിനെ ഇഷ്ടപ്പെടാൻ കാരണമായത്. തുടർന്ന് അഞ്ചാംക്ലാസ് മുതൽ വയലിൻ പഠനം. എട്ടാംക്ലാസ് മുതൽ 12 വർഷം തുടർച്ചയായി ജില്ലയിൽ ആദ്യസ്ഥാനം.
അതിരപ്പിള്ളി യാത്രയാണ് ഓടക്കുഴലിലേക്ക് നിഹാലിനെ എത്തിച്ചത്. അതിരപ്പിള്ളിയിൽ നിന്ന് വാങ്ങിയ ഓടക്കുഴൽ ഊതിപ്പരിശീലിച്ചു. ആ താൽപര്യം ഹരമായി. ഏഴാംക്ലാസ് മുതൽ വടകര സുധീർബാബുവിന്‍റെ കീഴിൽ പരിശീലനം. നാടൻ പാട്ട് മത്സരങ്ങളിലും കഴിവ് തെളിയിച്ചു .സബ് ജില്ലയിൽ മത്സരിച്ചുകൊണ്ടിരിക്കവേ ഒരു വിധികർത്താവ് വന്ന് ഗാനമേളയിലേക്ക് ക്ഷണിച്ചത് വഴിത്തിരിവായി. പലയിടത്തുമായി അനേകം വേദികളുടെ ഭാഗമായി.
മ്യൂസിക്കിൽ തുടർപഠനം വേണമെന്ന് വീട്ടിൽ പറഞ്ഞപ്പോൾ ഡ്രോയിങ് ആർടിസ്റ്റ് കൂടിയായ പിതാവ് ആസാദ് മറുത്തുപറഞ്ഞില്ല. സൂരജ് സന്തോഷ് ലൈവ് എന്ന ബാൻഡിന്‍റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമായി ഇപ്പോൾ നിരവധി വേദികൾ. മുംബൈയിലെത്തി ഹരിപ്രസാദ് ചൗരസ്യയുടെ കീഴിൽ തുടർപഠനം നടത്തണം- നിഹാൽ പറഞ്ഞു.‘‘ സംസ്ഥാന കലോത്സവമാണ് ഞങ്ങളെ സംഗീതത്തിന്‍റെ വഴിയിലേക്ക് നയിച്ചത്.ഇപ്പോഴിതാ ഒന്നിച്ചൊരു സംഗീതം പിറവിയെടുക്കാൻ പോകുന്നു. അതിന്‍റെ സന്തോഷമുണ്ട്’’- ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.