മണ്ണാർക്കാട്: ലാഭം വാഗ്ദാനം ചെയ്ത് 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എട്ടുപേർക്കെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തു. ഖത്തറിൽ ഐ.ടി മേഖലയിൽ ബിസിനസ് സാധ്യതയുണ്ടെന്ന് വിശ്വസിപ്പിച്ച് 10,26,12,850 രൂപ തട്ടിയെടുത്തെന്നാണ് പരാതി. തെങ്കര പുഞ്ചക്കോട് താവളംപറമ്പിൽ ടി.പി. ഷഫീറിന്റെ പരാതിയിൽ സുഹൃത്തും ഖത്തറിൽ ബിസിനസ് പാർട്ണറുമായിരുന്ന മണ്ണാർക്കാട് പള്ളിപ്പടി വാരിയത്തൊടി റിഷാബിനും ഏഴു ബന്ധുക്കൾക്കും എതിരെയാണ് കേസ്.
റിഷാബിന് പുറമേ മാതാവ് റഷീദ, ഭാര്യ റംസിയ, സഹോദരൻ വാരിയത്തൊടി ഷാനിൽ, ബന്ധുക്കളായ വാരിയത്തൊടി റിയാസ്, അലനല്ലൂർ ചെങ്ങളംപിരി സി.പി. ഉമ്മർ, പാണ്ടിക്കാട് ചെമ്പ്രശ്ശേരി മഞ്ഞക്കണ്ടൻ മുഹമ്മദ് ഫാസിൽ, ഭാര്യ വി.ടി. ഷമീമ എന്നിവർക്കെതിരെയാണ് കേസ്.
റിഷാബും മറ്റു മൂന്നുപേരും ചേർന്ന് ഫൈവ് ടെക് ട്രേഡിങ് ഡബ്ല്യു.എൽ.എൽ എന്ന ഐ.ടി കമ്പനി തുടങ്ങിയ ശേഷം ഐ.ടി ബിസിനസിൽ വൻ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപമായി വാങ്ങിയെന്നാണ് പരാതി. 20 ശതമാനം മുതൽ 60 ശതമാനം വരെ ലാഭമാണ് വാഗ്ദാനം ചെയ്തിരുന്നത്. 2020 ഫെബ്രുവരി 24 മുതൽ 2022 മാർച്ച് 30 വരെയാണ് ബാങ്ക് മുഖേനെയും നേരിട്ടും തുക കൈപ്പറ്റിയതെന്ന് ഷെഫീർ പരാതിയിൽ പറയുന്നു.
ഖത്തറിലെ പ്രമുഖ കമ്പനിയുടെ വ്യാജ ചെക്ക് ലീഫ്, പർച്ചേസ് ഓർഡർ, കമ്പനി അധികൃതരുമായി നടത്തിയെന്ന് അവകാശപ്പെടുന്ന ചാറ്റ് സ്ക്രീൻഷോട്ടുകൾ, കമ്പനി ക്വട്ടേഷൻ, ഡെലിവറി നോട്ടുകൾ എന്നിവ കാണിച്ചാണ് വിശ്വാസം നേടിയെടുത്തത്. സ്വന്തം നീക്കിയിരിപ്പും പലരിൽനിന്ന് കടംവാങ്ങിയ തുകയും ചേർത്താണ് നിക്ഷേപിച്ചത്. ആദ്യഘട്ടത്തിൽ ലാഭ വിഹിതം നൽകി വിശ്വസിപ്പിച്ച് കൂടുതൽ നിക്ഷേപം വാങ്ങിയതായും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.