തൃശൂർ അതിരൂപതാ ആസ്ഥാനത്തെത്തി ബിഷപ്പിനെ കണ്ട് കെ. സുരേന്ദ്രൻ; സന്ദർശനം കുട്ടികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞതിനിടെ

തൃശൂർ: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തൃശൂർ ബിഷപ്പ് ഹൗസിലെത്തി തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. ഡിസംബർ 20 മുതൽ 30 വരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ സ്നേഹയാത്ര നടത്തുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് സന്ദർശനമെന്നും സുരേന്ദ്രൻ പറഞ്ഞു.

സാമുദായിക സൗഹാർദം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം ബിഷപ്പിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. കേക്ക് മുറിച്ച് ഇരുവരും മധുരം പങ്കിട്ടു. 20 മിനിറ്റോളം ചർച്ച നടത്തുകയും ചെയ്തു. യാത്രയുടെ ഭാഗമായി തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസുമായും സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. വർഗീസിന്റെ മണ്ണുത്തിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

പരസ്പര വിശ്വാസത്തിന്റേയും മനസിലാക്കലിന്റേയുമെല്ലാം ആഘോഷവും ഉത്സവമാണ് ക്രിസ്മസ്. മലയാളികളെല്ലാം ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുന്നു. നാലുവര്‍ഷമായി ബി.ജെ.പി സ്‌നേഹസന്ദേശം കൈമാറുന്നതിനായി ഇത്തരം സന്ദര്‍ശനങ്ങള്‍ ക്രിസ്മസിനും ന്യൂയറിനും നടത്തിവരുന്നുണ്ടെന്നും സുരേന്ദ്രൻ വിശദീകരിച്ചു. പാലക്കാട് കുട്ടികളുടെ ക്രിസ്മസ് ആഘോഷം വി.എച്ച്.പി തടഞ്ഞതിന്റേയും പുല്‍ക്കൂട് തകര്‍ത്തതിന്റേയും വിവാദങ്ങള്‍ക്കിടെയാണ് സുരേന്ദ്രന്റെ സന്ദര്‍ശനമെന്നത് ഏറെ ശ്രദ്ധേയമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഭാഗത്ത് ക്രൈസ്തവരെ ചേർത്തുനിർത്തുന്നതായി നടിക്കുകയും അദ്ദേഹത്തെ അധികാരത്തിലെത്തിച്ച ആർ.എസ്.എസ് മറുവശത്ത് ക്രൈസ്തവർക്കുനേരെ ആക്രമണം അഴിച്ചുവിടുകയുമാണെന്ന് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് വിമർശിച്ചിരുന്നു. പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച് സി.ബി.സി.ഐ ഡൽഹിയിൽ നടത്തിയ ക്രിസ്മസ് ആഘോഷത്തിന്‍റെയും പാലക്കാട് ജില്ലയിൽ രണ്ടിടത്ത് ക്രിസ്മസ് ആഘോഷത്തിനുനേരെ സംഘ്പരിവാർ സംഘടനകൾ നടത്തിയ ആക്രമണത്തിന്‍റെയും പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവതയെ ആദരിക്കുന്നു, ക്രൈസ്തവ നേതൃത്വത്തെ ബഹുമാനിക്കുന്നു, പുൽക്കൂടിനെ വണങ്ങുന്നു എന്നെല്ലാം പ്രധാനമന്ത്രി നടിക്കുമ്പോഴാണ് ആർ.എസ്.എസ് സംഘടനകൾ കേരളത്തിൽ ക്രിസ്മസ് പുൽക്കൂടും അലങ്കാരങ്ങളും നശിപ്പിച്ചത്. ഇത് ഇവിടെ മാത്രമുള്ള കാര്യമല്ല. അക്രമങ്ങൾക്കെതിരെ പ്രതിഷേധം ഉയർത്താതിരിക്കാനാണ് സഭാനേതാക്കളെ പ്രധാനമന്ത്രി പ്രീതിപ്പെടുത്തുന്നതെന്നും കൂട്ടിച്ചേർത്തു.

അതേസമയം, ഡൽഹിയിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിന് പ്രധാനമന്ത്രി വന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രിയുടെ അംഗീകാരം സി.ബി.സി.ഐ സ്വീകരിക്കുന്നെന്നുമാണ് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചത്.

Tags:    
News Summary - K. Surendran reached the Thrissur Bishop's House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.