തുർക്കിക്ക് കേരളത്തിന്‍റെ സഹായമായി 10 കോടി അനുവദിച്ചു

തിരുവനന്തപുരം: ഭൂകമ്പം നാശംവിതച്ച തുർക്കിയിലെ ജനങ്ങൾക്കുള്ള കേരളത്തിന്റെ സഹായമായി 10 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഭൂകമ്പബാധിതരായ തുർക്കി ജനതയെ സഹായിക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണ് ഈ തുക. തുക കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നൽകിയിരുന്നു.

ലോക മനസ്സാക്ഷിയെ ഞെട്ടിച്ച തുർക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിന് പേരെ നിരാലംബരാക്കുകയും ചെയ്തുവെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. ഭൂകമ്പ ബാധിതരെ സഹായിക്കാൻ ലോകമെമ്പാടുമുള്ളവർ മുന്നോട്ടു വരികയുണ്ടായി. പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തിൽ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നീണ്ടു വന്ന സഹായങ്ങളെ ഈ ഘട്ടത്തിൽ നന്ദിയോടെ ഓർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ആറിന് തുർക്കി-സിറിയ അതിർത്തി മേഖലയിലുണ്ടായ കനത്ത ഭൂകമ്പത്തിൽ 55,700 പേർ മരിച്ചതായാണ് കണക്ക്. ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും വീടുകളും കെട്ടിടങ്ങളും തകർന്നടിയുകയും ചെയ്തിരുന്നു. 

Tags:    
News Summary - 10 crores have been allocated to Turkey as aid to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.