അട്ടപ്പാടിയിൽ 2020 ജൂലൈ മുതൽ 2022 ഏപ്രിൽ വരെ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടത് 10 ആദിവാസികൾ

കോഴിക്കോട്: അട്ടപ്പാടിയിൽ 2020 ജൂലൈ മുതൽ 2022 ഏപ്രിൽ വരെ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടത് 10 ആദിവാസികളെന്ന് റിപ്പോർട്ട്. ഈ കാലയളവിൽ അട്ടപ്പാടിയിൽ ആകെ മരണപ്പെട്ടത് 13 പേരാണ്. സർക്കാർ അനുവദിച്ച വേലി കെട്ടൽ പദ്ധതികൾ പോലും വനം വകുപ്പ് നടപ്പാക്കിയില്ലെന്ന് സി.എ.ജി റിപ്പോർട്ട് .

വന്യജീവി ആക്രമണ കേസുകളുടെ എണ്ണം വർഷംതോറും വർധിക്കുകയാണ്. നഷ്ടങ്ങൾ ലഘൂകരിക്കുന്നതിന് മനുഷ്യജീവി സഘർഷ പ്രതിരോധ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കേണ്ടത് വനംവകുപ്പാണ്. അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവെങ്കിലും നടപ്പാക്കുന്നതിൽ വനംവകുപ്പിന്റെ കെടകാര്യസ്ഥത തടസമായെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അട്ടപ്പാടി ആദിവാസി മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കുറക്കുന്നതിനായി മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനിൽ നാലിടങ്ങളിലായി 18.7 കിലോമീറ്റർ ആനയെ പ്രതിരോധിക്കുന്ന കിടങ്ങും, അട്ടപ്പാടി, അഗളി എന്നീ റേഞ്ചുകളിലായി 2.3 കിലോമീറ്റർ ആനയെ പ്രതിരോധിക്കുന്ന ഭിത്തിയും നിർമിക്കുന്നതിന് 2016 ഡിസംബറിൽ അഡിഷണൽ ട്രൈബൽ സബ് പ്ലാൻ (ടി.എസ്.പി) പ്രകാരം 2.66 കോടി രൂപ അനുവദിച്ചു.

രണ്ടിടങ്ങളിലായി 41 ലക്ഷം രൂപ പെലവിൽ ആനയെ പ്രതിരോധിക്കുന്ന കിടങ്ങുകൾ നിർമിച്ചു. എന്നാൽ. നിർമാണത്തിലെ ജനകീയ പ്രതിഷേധവും സാങ്കേതിക പ്രശ്നങ്ങളാൽ അവ നടപ്പിലാക്കുന്ന ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി വനംവകുപ്പ് പദ്ധതി ഉപേക്ഷിച്ചു. ബാക്കി തുകയായ 2.20 കോടി രൂപ (പലിശ ഉൾപ്പെടെ) 2020 ജനുവരിയിൽ തിരികെ നൽകി. പ്രവർത്തികൾ ക്രമീകരിക്കുന്നതിന് മുമ്പ് ശരിയായ പഠനങ്ങളുടെ അഭാവവും പൊതുജന പിന്തുണ ഉറപ്പാക്കുന്നതിലുള്ള പിഴവും ലഭിച്ച ഫണ്ട് നഷ്ടപ്പെടുന്നതിന് കാരണമായി. അട്ടപ്പാടിയിൽ 13 പേരെ കാട്ടാനയുടെ ആക്രമണത്തിൽ മരപ്പെട്ടു.

വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് കാർഷികവിളകളുടെ സംരക്ഷണത്തിനായി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണ് കൃഷി രക്ഷാ പദ്ധതി. മനുഷ്യ-വന്യജീവി സംഘർഷത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ 692 കിലോമീറ്റർ പ്രതിരോധ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. സൗരോർജ വേലി -106 കി.മീ, ആന പ്രതിരോധന കിടങ്ങ്-340 കി.മീ, ആനമതിൽ- 139 കി.മീ, അവിവേലി- 61 കി.മീ, ജൈവവേലി- 46 കി.മീ എന്നിങ്ങനെയാണ് നിർമിക്കാൻ തീരുമാനിച്ചത്.

ഈ നടപടികളിലൂടെ കാർഷിക വിളകളെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി കർഷകർക്ക് പ്രയോജനപ്പെടുന്ന കൃഷി രക്ഷാ പദ്ധതിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി (2014 ഓഗസ്‌റ്റ് ). 259.81 കോടി രൂപയായിരുന്നു മൊത്തം പദ്ധതിച്ചെലവ്. 2014-16 കാലയളവിലാണ് ഇത് നടപ്പിലാക്കാൻ പദ്ധതിയിട്ടത്. പദ്ധതിക്കായി 3.20 കോടി രൂപ (0.01 ശതമാനം) മാത്രമാണ് വിനിയോഗിച്ചത്. പൂർത്തീകരിച്ച പ്രവൃത്തിയുടെ വിശദാംശങ്ങളും പദ്ധതി നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണവും വനം വകുപ്പിന് നൽകാൻ കഴിഞ്ഞില്ല.

മനുഷ്യ-വന്യജീവി സംഘർഷം കുറക്കുന്നതിനായി കൽപ്പറ്റ, സൗത്ത് വയനാട് ഡിവിഷനിലെ, പുൽപ്പള്ളി, മേപ്പാടി റേഞ്ചിനു കീഴിലുള്ള നാലിടങ്ങളിലായി ആകെ 25.7 കിലോമീറ്റർ ദൈർഘ്യത്തിൽ 13.90 കോടി രൂപക്ക് ക്രാഷ് ഗാർഡ് ഹെൻസിങ് നിർമിക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകി (2018 നവംമ്പർ). 2019 ഒക്ടോബറിൽ പ്രവർത്തിക്ക് സാങ്കേതിക അനുമതി ലഭിച്ചു.

പ്രവർത്തിയുടെ ആകെ ദൈർഘ്യം നാല് റീച്ചുകളായി തിരിച്ച് നാല് പ്രത്യേക പ്രവർത്തികളായി ടെൻഡർ ക്ഷണിച്ചു. ടെൻഡർ അന്തിമമാക്കുന്നതിലെ കാലതാമസം കാരണം നാല് പ്രവർത്തികളിൽ രണ്ടെണ്ണത്തിന്റെ കരാർ നൽകിയില്ല. മറ്റ് രണ്ട് പ്രവർത്തികളുടെ കാര്യത്തിൽ, അവ അനുവദിച്ചെങ്കിലും (2021 ഫെബ്രുവരി) നിർദിഷ്ട സ്‌ഥലത്തിൻറെ അവസ്ഥ പരിഗണിക്കാ തെ രണ്ട് പ്രവർത്തികളുടെയും എസ്‌റ്റിമേറ്റ് തയാറാക്കുകയും പരിഷ്‌കരിക്കുകയും ചെയ്യേണ്ടി വന്നതിനാൽ പ്രവർത്തി ആരംഭിക്കാൻ കഴിഞ്ഞില്ല. ആത്യന്തികമായി ഒരു പ്രവർത്തിയും ആരംഭിച്ചില്ല. പ്രതിരോധ ഘടന നിർമിച്ച് മനുഷ്യ-വന്യജീവി സംഘർഷം കുറക്കുക എന്ന ലക്ഷ്യം കൈവരിക്കാനുമായില്ലെന്നാണ് റിപ്പോർട്ട്.

മനുഷ്യജീവി സംഘർഷങ്ങൾ കുറക്കുന്നതിന് സംയോജിത ആദിവാസി വികസന പദ്ധതിക്ക് കീഴിൽ രണ്ടു പദ്ധതികൾ മണ്ണാർക്കാട് ഡിവിഷനിലെ അട്ടപ്പാടി, അഗളി റേഞ്ചുകളിൽ കാട്ടാനയെ പ്രതിരോധിക്കുന്ന കിടങ്ങുകൾ, പ്രതിരോധിക്കുന്ന ഭിത്തികൾ എന്നിവയുടെ നിർമാണ പദ്ധതി നടപ്പാക്കുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടു. സൗത്ത് വയനാട് ഡിവിഷനിൽ ചെതലം, കൽപ്പറ്റ, മേപ്പാടി എന്നീ റേഞ്ചുകളിൽ ക്രാഷ് ഗാർഡ് നിർമാണത്തിലും വനംവകുപ്പിന് വീഴ്ചയുണ്ടായി.

വേണ്ടത്ര ആസൂത്രണം ഇല്ലായ്മ, ശരിയായ പഠനങ്ങളുടെ അഭാവം, നടപടിക്രമങ്ങളുടെ കാലതാമസം എന്നീ കാരണങ്ങളാൽ പദ്ധതി നടപ്പായില്ല. 2017-22 കാലയളവിൽ ആകെ ലഭിച്ച 34,814 വിളനാശ നഷ്ടപരിഹാര അപേക്ഷകളിൽ, 2022 ഡിസംബർ 23 വരെ 27,133 അപേക്ഷകൾ അംഗീകരിക്കുകയും 19.16 കോടി രൂപ നഷ്ടപരിഹാരമായി നൽകുകയും ചെയ്തു. കൃഷി രക്ഷാ പദ്ധതി സമയബന്ധിതമായി നടപ്പാക്കിയായിരുന്നെങ്കിൽ മനുഷ്യ -വന്യജീവി സംഘർഷം മൂലമുള്ള വിളനാശവും നഷ്ടപരിഹാര അപേക്ഷകളും കുറക്കാമായിരുന്നുവെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

Tags:    
News Summary - 10 tribals killed in Katana attack in Attapadi from July 2020 to April 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.