സജിതയും റഹ്മാനും

നെന്മാറ (പാലക്കാട്): അയിലൂർ കാരക്കാട്ട്പറമ്പിലെ പ്രയാസങ്ങളും ദുരിതങ്ങളും ആവോളമുള്ള ആ കുഞ്ഞുവിട്ടീൽ അരങ്ങേറിയ സംഭവവികാസങ്ങൾ ഒരുത്രില്ലർ സിനി​മയെ വെല്ലുന്നതായിരുന്നു. ഒടുവിൽ ​ക്​ളൈമാക്​സിൽ സസ്​പെൻസ് പൊലീസ്​ വിവരിച്ചപ്പോൾ അവശ്വസനീയമായ കഥ കേട്ട്​ ഞെട്ടാത്തവരുണ്ടാവില്ല. ഒപ്പം ബാക്കിയാവുന്നത്​ ആ കുടുംബത്തിൽ സംഭവിച്ചതെന്താണെന്ന് അറിയാനുള്ള ആകാംക്ഷ മാത്രം.

പരിമിതികളേറെയുള്ള, അംഗങ്ങൾ തിങ്ങിക്കഴിയുന്ന കുഞ്ഞുവീട്ടിൽ പത്തുവർഷമാണ്​ ഒരുയുവതിയെ ഒളിച്ചുതാമസിപ്പിച്ചതെന്ന്​ വീട്ടിലുള്ളവർക്ക്​ പോലും വിശ്വസിക്കാനായിട്ടില്ല. മൂന്നുമാസം മുൻപ് അയിലൂരിലെ വീട്ടിൽ നിന്നു കാണാതായ റഹ്​മാനെ ചൊവ്വാഴ്ച ബന്ധുക്കൾ നെന്മാറ ടൗണിൽ കണ്ടെത്തിയതോടെയാണ് 10 വർഷത്തെ ഒളിജീവിതം പുറത്തായത്.  


2010 ഫെബ്രുവരി രണ്ട് മുതൽ സജിതയെ കാണാനില്ലെന്നു ബന്ധുക്കൾ നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് സംശയമുള്ളവരെ ചോദ്യം ചെയ്തതിൽ റഹ്​മാനുമുണ്ടായിരുന്നെങ്കിലും യുവതിയെ പൊലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

സംഭവത്തെ കുറിച്ച്​ ബന്ധുക്കൾ പറയുന്നത്​ ഇങ്ങനെ; - മൂന്ന്​ മാസം മുൻപാണ്​ റഹ്​മാനെ കാണാതായത്​. ഇതിനിടെ ചൊവ്വാഴ്ച സഹോദരൻ ബഷീർ നെൻമാറയിൽ വെച്ച് ഇയാളെ കണ്ടതോടെയാണ്​ നാടകീയമായ സംഭവങ്ങൾ ചുരുളഴിയുന്നത്​. ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന റഹ്​മാൻ ടിപ്പർ ലോറി ഡ്രൈവറായ ബഷീറിനെ കണ്ടതും വേഗത കൂട്ടി. പിന്നാലെ ബഷീറും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നെൻമാറയിൽ പരിശോധന നടക്കുന്നുണ്ടായിരുന്നു. പരിശോധനയ്ക്കു നിന്ന പൊലീസുകാരോട് ആ ബൈക്ക് യാത്രികൻ കുഴപ്പക്കാരാണെന്നും പിടിക്കണമെന്നും ബഷീർ ആവശ്യപ്പെട്ടു. തുടർന്ന്​ വിവരങ്ങൾ ആരാഞ്ഞപ്പോൾ ത​െൻറ ഭാര്യയുമായി വിത്തനശേരിയില്‍ വാടയ്ക്കു താമസിക്കുകയാണെന്ന മറുപടിയാണ്​ നൽകിയത്​. പിന്നീടാണ് ആർക്കും വിശ്വസിക്കാനാവാത്ത ആ 10 വർഷങ്ങളെക്കുറിച്ച് റഹ്​മാൻ പറഞ്ഞത്.



(സജിതയെ താമസിച്ച റൂമിന്​ റഹ്​മാൻ നിർമിച്ച പ്രത്യേക ഇലക്​ട്രിക്​ പൂട്ട്​)

 


അയൽവാസി കൂടെയായ സജിതയെ താലി കെട്ടി വീട്ടിൽ ആരുമറിയാതെ എത്തിച്ച റഹ്​മാൻ സ്വന്തം മുറിയിൽ താമസിപ്പിച്ചു. കൗതുകം നിറഞ്ഞതും ത്രില്ലർ സിനിമകളെ വെല്ലുന്നതുമായിരുന്നു പിന്നീടുള്ള സംഭവങ്ങൾ. ഇലക്ട്രിക് ജോലികൾ അറിയാമായിരുന്ന റഹിമാൻ ഒരു സ്വിച്ചിട്ടാൽ താഴുവീഴുന്ന രീതിയിൽ വാതിലുകൾ സജ്ജീകരിച്ചു. പിന്നീട്​ മാനസിക വിഭ്രാന്തിയുള്ളപോലെ വീട്ടുകാരോട് പെരുമാറി. ആരോടും അടുപ്പമില്ലാതെ പെരുമാറിയ റഹ്​മാൻ ഭക്ഷണം മുറിയിൽ കൊണ്ടുപോയാണ്​ കഴിച്ചിരുന്നതെന്ന്​ വീട്ടുകാർ പറയുന്നു.

മുറി തുറക്കാൻ ശ്രമിച്ചവർക്ക്​ ഷോക്കടിച്ചതോടെ പിന്നീടാരും അതിന്​ ശ്രമിച്ചില്ല. ജനലഴികൾ മുറിച്ച്​ മരത്തടി ഘടിപ്പിച്ചു. ഒരു ഗ്ലാസ് ചായയല്ല, ഒരു ജഗ്ഗ് ചായ കുടിക്കുന്നവനാണ് താനെന്ന് പറഞ്ഞ് ജഗ്ഗിൽ ചായഎടുത്തു കൊണ്ടു പോകും. മാനസിക നില തെറ്റിയ മകനെന്ന പരിഗണന ബാപ്പയും ഉമ്മയും നൽകി. ഇത്​ റഹ്​മാൻ കൃത്യമായി ചൂഷണം ചെയ്​തു.

ഇതിനിടെ റഹ്​മാൻ അപ്രത്യക്ഷനായതോടെ 2021 മാർച്ച് മൂന്നിന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ വിവരമൊന്നും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. ഓട്ടോ ഡ്രൈവറായും മറ്റു തൊഴിലുകളുമായി ഉപജീവനം കഴിയുന്നതിനിടെ തൊഴിൽ കുറഞ്ഞതോടെയാണ് റഹ്മാൻ സജിതയെയും കൂട്ടി വാടക വീട്ടിലേക്ക് മാറിയതെനന്​ റഹ്​മാൻ പറയുന്നു.

പൊലീസ്​ വീട്ടിലെത്തിയതോടെ പ്രായപൂർത്തിയായ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഒരുമിച്ച് താമസിക്കുന്നതെന്ന്​ മൊഴി നൽകി. പൊലീസ് ഇരുവരെയും ആലത്തൂർ കോടതിയില്‍ ഹാജരാക്കിയ ശേഷം വിട്ടയക്കുകയായിരുന്നു. വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിൽ നടപടിയാവുന്ന കേസല്ലേ ഉണ്ടായിരുന്നുള്ളൂ റഹിമാനേ എന്ന് അറിയുന്നവരെല്ലാം ചോദിക്കുന്നു. ഒപ്പം, ഇത്രയും കാലം ഒരാൾക്ക് എങ്ങനെ ഒളിജീവിതം കഴിക്കാനാകുമെന്ന ആശ്ചര്യവും ആർക്കും വിട്ടുമാറിയിട്ടില്ല. 

Tags:    
News Summary - 10 years in hiding; movie like thriller in ayilur couples life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.