10 വർഷത്തെ ഒളിജീവിതം; അയിലൂരിൽ സംഭവിച്ചത് സിനിമയെ വെല്ലുന്ന ത്രില്ലർ
text_fieldsനെന്മാറ (പാലക്കാട്): അയിലൂർ കാരക്കാട്ട്പറമ്പിലെ പ്രയാസങ്ങളും ദുരിതങ്ങളും ആവോളമുള്ള ആ കുഞ്ഞുവിട്ടീൽ അരങ്ങേറിയ സംഭവവികാസങ്ങൾ ഒരുത്രില്ലർ സിനിമയെ വെല്ലുന്നതായിരുന്നു. ഒടുവിൽ ക്ളൈമാക്സിൽ സസ്പെൻസ് പൊലീസ് വിവരിച്ചപ്പോൾ അവശ്വസനീയമായ കഥ കേട്ട് ഞെട്ടാത്തവരുണ്ടാവില്ല. ഒപ്പം ബാക്കിയാവുന്നത് ആ കുടുംബത്തിൽ സംഭവിച്ചതെന്താണെന്ന് അറിയാനുള്ള ആകാംക്ഷ മാത്രം.
പരിമിതികളേറെയുള്ള, അംഗങ്ങൾ തിങ്ങിക്കഴിയുന്ന കുഞ്ഞുവീട്ടിൽ പത്തുവർഷമാണ് ഒരുയുവതിയെ ഒളിച്ചുതാമസിപ്പിച്ചതെന്ന് വീട്ടിലുള്ളവർക്ക് പോലും വിശ്വസിക്കാനായിട്ടില്ല. മൂന്നുമാസം മുൻപ് അയിലൂരിലെ വീട്ടിൽ നിന്നു കാണാതായ റഹ്മാനെ ചൊവ്വാഴ്ച ബന്ധുക്കൾ നെന്മാറ ടൗണിൽ കണ്ടെത്തിയതോടെയാണ് 10 വർഷത്തെ ഒളിജീവിതം പുറത്തായത്.
2010 ഫെബ്രുവരി രണ്ട് മുതൽ സജിതയെ കാണാനില്ലെന്നു ബന്ധുക്കൾ നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് സംശയമുള്ളവരെ ചോദ്യം ചെയ്തതിൽ റഹ്മാനുമുണ്ടായിരുന്നെങ്കിലും യുവതിയെ പൊലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.
സംഭവത്തെ കുറിച്ച് ബന്ധുക്കൾ പറയുന്നത് ഇങ്ങനെ; - മൂന്ന് മാസം മുൻപാണ് റഹ്മാനെ കാണാതായത്. ഇതിനിടെ ചൊവ്വാഴ്ച സഹോദരൻ ബഷീർ നെൻമാറയിൽ വെച്ച് ഇയാളെ കണ്ടതോടെയാണ് നാടകീയമായ സംഭവങ്ങൾ ചുരുളഴിയുന്നത്. ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന റഹ്മാൻ ടിപ്പർ ലോറി ഡ്രൈവറായ ബഷീറിനെ കണ്ടതും വേഗത കൂട്ടി. പിന്നാലെ ബഷീറും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നെൻമാറയിൽ പരിശോധന നടക്കുന്നുണ്ടായിരുന്നു. പരിശോധനയ്ക്കു നിന്ന പൊലീസുകാരോട് ആ ബൈക്ക് യാത്രികൻ കുഴപ്പക്കാരാണെന്നും പിടിക്കണമെന്നും ബഷീർ ആവശ്യപ്പെട്ടു. തുടർന്ന് വിവരങ്ങൾ ആരാഞ്ഞപ്പോൾ തെൻറ ഭാര്യയുമായി വിത്തനശേരിയില്‍ വാടയ്ക്കു താമസിക്കുകയാണെന്ന മറുപടിയാണ് നൽകിയത്. പിന്നീടാണ് ആർക്കും വിശ്വസിക്കാനാവാത്ത ആ 10 വർഷങ്ങളെക്കുറിച്ച് റഹ്മാൻ പറഞ്ഞത്.
(സജിതയെ താമസിച്ച റൂമിന് റഹ്മാൻ നിർമിച്ച പ്രത്യേക ഇലക്ട്രിക് പൂട്ട്)
അയൽവാസി കൂടെയായ സജിതയെ താലി കെട്ടി വീട്ടിൽ ആരുമറിയാതെ എത്തിച്ച റഹ്മാൻ സ്വന്തം മുറിയിൽ താമസിപ്പിച്ചു. കൗതുകം നിറഞ്ഞതും ത്രില്ലർ സിനിമകളെ വെല്ലുന്നതുമായിരുന്നു പിന്നീടുള്ള സംഭവങ്ങൾ. ഇലക്ട്രിക് ജോലികൾ അറിയാമായിരുന്ന റഹിമാൻ ഒരു സ്വിച്ചിട്ടാൽ താഴുവീഴുന്ന രീതിയിൽ വാതിലുകൾ സജ്ജീകരിച്ചു. പിന്നീട് മാനസിക വിഭ്രാന്തിയുള്ളപോലെ വീട്ടുകാരോട് പെരുമാറി. ആരോടും അടുപ്പമില്ലാതെ പെരുമാറിയ റഹ്മാൻ ഭക്ഷണം മുറിയിൽ കൊണ്ടുപോയാണ് കഴിച്ചിരുന്നതെന്ന് വീട്ടുകാർ പറയുന്നു.
മുറി തുറക്കാൻ ശ്രമിച്ചവർക്ക് ഷോക്കടിച്ചതോടെ പിന്നീടാരും അതിന് ശ്രമിച്ചില്ല. ജനലഴികൾ മുറിച്ച് മരത്തടി ഘടിപ്പിച്ചു. ഒരു ഗ്ലാസ് ചായയല്ല, ഒരു ജഗ്ഗ് ചായ കുടിക്കുന്നവനാണ് താനെന്ന് പറഞ്ഞ് ജഗ്ഗിൽ ചായഎടുത്തു കൊണ്ടു പോകും. മാനസിക നില തെറ്റിയ മകനെന്ന പരിഗണന ബാപ്പയും ഉമ്മയും നൽകി. ഇത് റഹ്മാൻ കൃത്യമായി ചൂഷണം ചെയ്തു.
ഇതിനിടെ റഹ്മാൻ അപ്രത്യക്ഷനായതോടെ 2021 മാർച്ച് മൂന്നിന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ വിവരമൊന്നും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. ഓട്ടോ ഡ്രൈവറായും മറ്റു തൊഴിലുകളുമായി ഉപജീവനം കഴിയുന്നതിനിടെ തൊഴിൽ കുറഞ്ഞതോടെയാണ് റഹ്മാൻ സജിതയെയും കൂട്ടി വാടക വീട്ടിലേക്ക് മാറിയതെനന് റഹ്മാൻ പറയുന്നു.
പൊലീസ് വീട്ടിലെത്തിയതോടെ പ്രായപൂർത്തിയായ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഒരുമിച്ച് താമസിക്കുന്നതെന്ന് മൊഴി നൽകി. പൊലീസ് ഇരുവരെയും ആലത്തൂർ കോടതിയില്‍ ഹാജരാക്കിയ ശേഷം വിട്ടയക്കുകയായിരുന്നു. വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിൽ നടപടിയാവുന്ന കേസല്ലേ ഉണ്ടായിരുന്നുള്ളൂ റഹിമാനേ എന്ന് അറിയുന്നവരെല്ലാം ചോദിക്കുന്നു. ഒപ്പം, ഇത്രയും കാലം ഒരാൾക്ക് എങ്ങനെ ഒളിജീവിതം കഴിക്കാനാകുമെന്ന ആശ്ചര്യവും ആർക്കും വിട്ടുമാറിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.