ന്യൂഡൽഹി: സ്ഥലം ലഭ്യമാവുന്ന മുറക്ക് പെരുമ്പാവൂരിൽ 100 കിടക്കകളുള്ള ആശുപത്രി നിർമിക്കാൻ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ. യു.പിയിൽ 350 കിടക്കകളുടെയും കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ 100 കിടക്കകളുടെയും ആശുപത്രി സ്ഥാപിക്കാനും തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയിൽ ചണ്ഡിഗഢിൽ നടന്ന ഇ.എസ്.ഐ കോർപറേഷൻ ബോർഡ് യോഗം തീരുമാനിച്ചു.
ഇ.എസ്.ഐ പരിരക്ഷ കിട്ടാനുള്ള 21,000 രൂപയെന്ന നിലവിലെ ശമ്പളപരിധി ഉയർത്തി നിശ്ചയിക്കണമെന്നും തത്ത്വത്തിൽ തീരുമാനിച്ചു. ഇ.എസ്.ഐ അംഗത്വം ജീവിതാവസാനംവരെ നിലനിർത്തുന്നതിന് വ്യവസ്ഥ കൊണ്ടുവരും. സാമൂഹികസുരക്ഷ പദ്ധതി ഇ.എസ്.ഐ കോർപറേഷൻ നടപ്പാക്കും. തൊഴിൽരഹിതരാകുന്ന ഇ.എസ്.ഐ ഗുണഭോക്താക്കൾക്ക് 90 ദിവസത്തെ വരെ വേതനം നഷ്ടപരിഹാരമായി നൽകുന്ന അടൽ ബീമിത് വ്യക്തി കല്യാൺ യോജന രണ്ടു വർഷത്തേക്കുകൂടി നീട്ടി. തൊഴിലാളികൾക്ക് ഇ.എസ്.ഐ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ഓൺലൈൻ സൗകര്യങ്ങൾ വർധിപ്പിക്കും. വാട്സ്ആപ്പിലൂടെ ബന്ധപ്പെട്ട വിവരങ്ങൾ തൊഴിലാളിക്കു നൽകുന്ന സംവിധാനം കൊണ്ടുവരും. ടെലി കൺസൽട്ടൻസി സേവനം ലഭ്യമാക്കാനും ധാരണയുണ്ട്. ഗുരുതര അസുഖങ്ങൾക്ക് കൂടുതൽ ചികിത്സച്ചെലവ് വന്നാൽ ഇ.എസ്.ഐ ഗുണഭോക്താക്കൾക്ക് 10 ലക്ഷം രൂപ വരെ സഹായം ഇപ്പോൾ നൽകുന്നുണ്ട്. ചെലവ് 50 ലക്ഷം വരെയെങ്കിൽ ലേബർ സെക്രട്ടറിക്കും അതിനു മുകളിലെങ്കിൽ തൊഴിൽ മന്ത്രിക്കും ഫയൽ പോകണം. നഴ്സുമാർ അടക്കം ഗ്രൂപ്-ബിയിൽപെടുന്ന നോൺ-ഗസറ്റഡ്ജീവനക്കാർക്ക് ബോണസ് നൽകുന്ന കാര്യം പിന്നീട് പരിഗണിക്കും.
അഞ്ചു വർഷത്തിലേറെയായി ഇ.എസ്.ഐ കോർപറേഷൻ യോഗങ്ങളിൽ കേരള സർക്കാർ പ്രതിനിധി പങ്കെടുക്കുന്നില്ല. തൊഴിൽ സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റൊരാളോ ആണ് പങ്കെടുക്കേണ്ടത്. എന്നാൽ, തൊഴിലാളികളുമായി ബന്ധപ്പെട്ട സുപ്രധാന യോഗത്തിൽനിന്ന് തുടർച്ചയായി വിട്ടുനിൽക്കുന്നതിന്റെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.