കോട്ടയം: നൂറാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി ആർ.എസ്.എസ്. മാർച്ചിനുള്ളിൽ കുടുംബങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ഊർജിതമാക്കൽ അടക്കം നടപടികൾ ശക്തമാക്കും. മുൻകാല പ്രവർത്തനരീതിയിൽനിന്ന് വ്യതിചലിച്ചുള്ള പരിപാടികളും ആസൂത്രണം ചെയ്യുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി ബന്ധം വ്യാപിപ്പിക്കാനും മാധ്യമങ്ങളുമായുള്ള ഇടപെടൽ ശക്തമാക്കുന്നതിനുള്ള പരിപാടികളും ആരംഭിച്ചു. അതിന്റെ ഭാഗമായി ജില്ലകൾ കേന്ദ്രീകരിച്ച് ഓണാഘോഷ പരിപാടി എന്ന നിലക്ക് നേതാക്കളും മാധ്യമസ്ഥാപന പ്രതിനിധികളുമായുള്ള ആശയവിനിമയങ്ങളും ആരംഭിച്ചു.
പരിസ്ഥിതി ബോധവത്കരണം, ലഹരിയുൾപ്പെടെയുള്ളവക്കെതിരായ പോരാട്ടം, സംസ്കാരത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കൽ തുടങ്ങിയവയെല്ലാം പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പ് സംഘടനയെ സംശയദൃഷ്ടിയോടെ കണ്ടിരുന്ന വലിയൊരു വിഭാഗം ഇപ്പോൾ തങ്ങളുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നുണ്ടെന്നും മുസ്ലിം സമുദായത്തിൽനിന്നുൾപ്പെടെ മറ്റ് മതങ്ങളിലുള്ളവർ ശാഖകളിൽ എത്തുന്നുണ്ടെന്നുമാണ് ആർ.എസ്.എസിന്റെ അവകാശവാദം.
സംഘ്പരിവാർ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികളുടെ പ്രചാരണം ഉൾപ്പെടെ കാര്യങ്ങളിൽ ആർ.എസ്.എസ് കാര്യമായ താൽപര്യം കാട്ടിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആ രീതിയിൽ മാറ്റം വരുത്താനാണ് തീരുമാനം. ലവ് ജിഹാദ്, ഘർ വാപസി വിഷയങ്ങളിൽ പഴയ നിലപാട് തുടരുമെന്ന് ആർ.എസ്.എസ് നേതാക്കൾ വ്യക്തമാക്കുന്നു. മുമ്പ് തങ്ങൾ ഉയർത്തിയ വിഷയം പതുക്കെയാണെങ്കിലും പൊതുസമൂഹം ഏറ്റെടുത്തെന്ന് അവർ അവകാശപ്പെടുന്നു. നൂറാം വാർഷികത്തോടനുബന്ധിച്ച് ഔദ്യോഗികമായി സംസ്ഥാനത്തെ അംഗങ്ങളുടെ എണ്ണം സംബന്ധിച്ച വിവരങ്ങളും പുറത്തുവിടും. ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന ദുരാചാരങ്ങൾക്കെതിരായ പ്രവർത്തനങ്ങളും ശക്തമാക്കാൻ ഉദ്ദേശിക്കുന്നതായി ആർ.എസ്.എസ് നേതാക്കൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.