ഭരണപരിഷ്കാര കമീഷനായി ചെലവിട്ടത് 10.79 കോടി, സമർപ്പിച്ചത് 13 റിപ്പോർട്ടുകൾ; ഒന്നു പോലും നടപ്പാക്കിയില്ല

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍റെ അധ്യക്ഷതയിൽ ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് നിലവിൽ വന്ന ഭരണപരിഷ്കാര കമീഷൻ സമർപ്പിച്ച 13 റിപ്പോർട്ടുകളിൽ ഒന്നു പോലും നടപ്പാക്കിയില്ല. നിയമസഭയിൽ പി.സി. വിഷ്ണുനാഥിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് കണക്കുകൾ.

കമീഷന്‍റെ ആകെ ചിലവ് 10,79,29,050 രൂപയാണെന്ന് മറുപടിയില്‍ പറയുന്നു. കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി സമയബന്ധിതമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ സമിതി രൂപീകരിച്ചതായും സമിതി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു വരികയാണെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

വിജിലന്‍സ് പരിഷ്‌കാരം സംബന്ധിച്ച് 2017ലാണ് കമീഷന്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2018ല്‍ രണ്ട് റിപ്പോര്‍ട്ടുകളും 2019ല്‍ ഒരു റിപ്പോര്‍ട്ടും 2020ല്‍ നാല് റിപ്പോര്‍ട്ടുകളും 2021ല്‍ അഞ്ച് റിപ്പോര്‍ട്ടുകളുമാണ് കമീഷന്‍ സമര്‍പ്പിച്ചത്. 2021 ഏപ്രില്‍ 21നാണ് കമീഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷനായി വി.എസ്. ചുമതലയേറ്റത്. അനാരോഗ്യത്തെ തുടർന്ന് കാലാവധി തീരും മുമ്പ് കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം രാജിവെച്ചിരുന്നു. 

Tags:    
News Summary - 10.79 crore was spent on the Administrative Reforms Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.