കൊച്ചി: പ്രവാസി വ്യവസായിയിൽനിന്ന് 108 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. പരാതിക്കാരന്റെ മരുമകൻ കാസർകോട് സ്വദേശി മുഹമ്മദ് ഹാഫിസ്, കൂട്ടാളി എറണാകുളം സ്വദേശി അക്ഷയ് വൈദ്യൻ എന്നിവരെയാണ് എറണാകുളം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശിയായ പ്രവാസി വ്യവസായി ലാഹിർ ഹസനിൽനിന്ന് മുഹമ്മദ് ഹാഫിസ് 108 കോടി തട്ടിയെടുത്തെന്നാണ് പരാതി. ബംഗളൂരു, എറണാകുളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലെ കെട്ടിട ഇടപാടുകളുടെ പേരിലാണ് ഭാര്യാപിതാവിൽനിന്ന് ഇയാൾ പണം കൈക്കലാക്കിയത്. തട്ടിപ്പ് മനസ്സിലാക്കിയതോടെ ലാഹിർ പൊലീസിനെ സമീപിച്ചു. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പ്രതികളുടെ പാസ്പോർട്ടും കണ്ടുകെട്ടി.
ഗോവ, കർണാടക ചുമതലയുള്ള ഇൻകം ടാക്സ് ചീഫ് കമീഷണറുടെ വ്യാജ ലെറ്റർ ഹെഡ് നിർമിച്ച് പണംതട്ടിയ കേസിൽ ഗോവ പൊലീസ് ഹാഫിസിനെ അറസ്റ്റ് ചെയ്തിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഭാര്യവീട്ടുകാരിൽനിന്ന് കൈക്കലാക്കിയ സ്വർണം തിരിച്ചുനൽകിയില്ലെന്ന പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. ആയിരത്തിലധികം പവൻ കൈക്കലാക്കിയിരുന്നുവെന്നാണ് പരാതി. പണം കൈമാറിയതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
പണം ഹാഫിസ് എന്തിനൊക്കെയാണ് ഉപയോഗിച്ചതെന്നും ആർക്കൊക്കെയാണ് നൽകിയതെന്നും അന്വേഷിക്കണമെന്നും പരാതിയുണ്ട്. പ്രതികളെ അഞ്ചുദിവസം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈകോടതി നിർദേശമുള്ളതിനാൽ ഇരുവരെയും ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.