തിരുവനന്തപുരം: വെള്ളായണി ജംഗ്ഷൻ പറക്കോട് കുളത്തിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ നേമം പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം തൃപ്തികരമല്ലെങ്കിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ക്ക് കൈമാറണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
നേമം പൊലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 842/24 നമ്പർ കേസിന്റെ സി.ഡി ഫയൽ ജില്ലാ പൊലീസ് മേധാവി വിളിച്ചു വരുത്തിയശേഷം അന്വേഷണം കൈമാറാനാണ് ഉത്തരവ്. ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഉദാസീനത, അപകട സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തത്, കുളത്തിനുള്ളിലെ തുറന്ന ചെറുകുളം തുടങ്ങിയ കാര്യങ്ങളാണ് അപകടത്തിലേക്ക് നയിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട കക്ഷികൾക്ക് മുൻകൂട്ടി നോട്ടീസ് നൽകണം.
അതിനുശേഷം വസ്തുനിഷ്ഠവുംസത്യസന്ധമായും അന്വേഷണം നടത്തി ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കുട്ടികളുടെ മരണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയുണ്ടോ എന്നും പരിശോധിക്കണം. മുങ്ങി മരിച്ച കുട്ടികളുടെ പൂർണവിലാസവും റിപ്പോർട്ടിലുണ്ടാവണം.
ക്രൈംബ്രാഞ്ച് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പറക്കോട് കുളത്തിന്റെ നവീകരണം നടക്കുന്നതിനിടയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളാണ് മുങ്ങി മരിച്ചത്. കുളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മൂടിയില്ലാത്ത ചെറുകുളത്തിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പരാതിക്കാരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.