കൊച്ചി: ഫോർട്ട് കൊച്ചിയിലെ പപ്പാഞ്ഞി വിവാദത്തിൽ പൊലീസിനെതിരെ ഹൈകോടതി. ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് പപ്പാഞ്ഞിയെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് കോടതി ചോദിച്ചു. പൊലീസ് നടപടിക്ക് ആധാരമായ രേഖകൾ ഈ മാസം 27ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. പരിപാടിയുടെ സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്.
കാർണിവൽ കമ്മിറ്റിയുടെ പേരിൽ അല്ലാതെ ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന ചെറിയ പപ്പാഞ്ഞിയെ ഉടൻ നീക്കണമെന്നായിരുന്നു പൊലീസ് നൽകിയ നിർദേശം. പപ്പാഞ്ഞിയെ കത്തിക്കാൻ മറ്റ് വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് ഹരജിക്കാരോട് ഹൈകോടതി ചോദിച്ചു. ഉണ്ടെങ്കിൽ അതിൻ്റെ രേഖകൾ ഹാജരാക്കാൻ ഹരജിക്കാർക്കും ഹൈകോടതിയുടെ നിർദേശം നൽകിയിട്ടുണ്ട്.
വിവാദത്തിൽ പൊലീസിനെ വെല്ലുവിളിച്ച് ഗാലാ ഡി കൊച്ചി പപ്പാഞ്ഞിയെ ഉദ്ഘാടനം ചെയ്തിരുന്നു. വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ മാറ്റില്ലെന്നാണ് ഗാലാ ഡി കൊച്ചിയുടെ നിലപാട്. പൊലീസിന് നൽകിയ മറുപടിയിൽ മറ്റ് നടപടികൾ ഇല്ലാത്ത സാഹചര്യത്തിലാണ് സംഘാടകരുടെ തീരുമാനം. പൊലീസ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നെന്നും ആക്ഷേപമുണ്ട്.
പ്രദേശവാസികളുടെ പേരിൽ ഗാല ഡി ഫോർട്ട് കൊച്ചി നിർമിക്കുന്ന ചെറിയ പപ്പാഞ്ഞിയാണ് കാർണിവൽ കമ്മിറ്റിക്ക് ഇപ്പോൾ തലവേദനയാകുന്നത്. ഇതിന് കാർണിവൽ കമ്മിറ്റിയുടെ അനുമതിയില്ലെന്നും നീക്കണമെന്നും ആവശ്യപ്പെട്ട് സംഘാടകർ തന്നെയാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ തവണയും ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞിയെ സ്ഥാപിച്ചത് വലിയ തർക്കങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. 2023 അവസാനം വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കുന്നതിനുള്ള നടപടികൾ നിർത്തിവെക്കണമെന്നും, അത് അവിടെ നിന്ന് പൊളിച്ചു നീക്കണമെന്നും സബ് കളക്ടർ കെ. മീര നിർദേശിച്ചിരുന്നു. സുരക്ഷയൊരുക്കാനുള്ള പൊലീസിന്റെ ബുദ്ധിമുട്ടും, ജനങ്ങളുടെ സുരക്ഷയും അപകടസാധ്യതയും കണക്കിലെടുത്തായിരുന്നു പപ്പാഞ്ഞിയെ നീക്കണമെന്ന് ഫോർട്ട് കൊച്ചി ഇൻസ്പെക്ടർ സബ് കളക്ടർക്ക് കത്ത് നൽകിയത്. ഗാല ഡി ഫോർട്ട് കൊച്ചി നിർമിച്ച വിരൂപമായ പപ്പാഞ്ഞി കഴിഞ്ഞ തവണ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ട്രോളുകളേറ്റു വാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.