കല്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ 2020-21ല്‍ നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രം ഈമാസം സമർപ്പിക്കും. കേസ് അന്വേഷണച്ചുമതലയില്‍നിന്ന് ഒഴിവാക്കുന്നതിന് താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി സമര്‍പ്പിച്ച അപേക്ഷ ഡി.ജി.പി നിരസിച്ചതിനെ തുടർന്നാണ് കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം വേഗത്തിലാക്കിയത്. ഇതിന് ഡി.ജി.പിയും നിര്‍ദേശം നല്‍കിയതായാണ് വിവരം. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായി ഡിവൈ.എസ്.പി വി.വി. ബെന്നി ‘മാധ്യമ’ത്തോട് പറഞ്ഞു. കേസിൽ 12 പ്രതികളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തില്‍നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന് അഭ്യർഥിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈ.എസ്.പി നൽകിയ അപേക്ഷ തള്ളിയിരുന്നു. കസ്റ്റഡിമരണത്തിന്റെ ഉത്തരവാദിത്തം ഡിവൈ.എസ്.പിക്കും ഉണ്ടെന്ന ആരോപണം ചിലർ ഉയർത്തിയ പശ്ചാത്തലത്തിലായിരുന്നു അപേക്ഷ. എന്നാൽ, അപേക്ഷ ഡി.ജി.പി തള്ളുകയും അന്വേഷണവുമായി മുന്നോട്ടുപോകാൻ നിർദേശിക്കുകയുമായിരുന്നു. കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് കുറ്റപത്രം വൈകുന്നതിനും കേസ് അനന്തമായി നീളുന്നതിനും കാരണമാവുമെന്ന ആരോപണം ഉയർന്നിരുന്നു. സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി ആയിരിക്കെയാണ് വി.വി. ബെന്നിയെ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണം ഏൽപിച്ചത്. പിന്നീട് സ്ഥലംമാറ്റിയെങ്കിലും അന്വേഷണച്ചുമതലയില്‍ നിന്നു നീക്കിയിരുന്നില്ല. അനധികൃത ഈട്ടി മുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം ഒറ്റക്കേസായാണ് അന്വേഷിക്കുന്നത്. മുറിച്ച മരങ്ങളുടെ ഫോറന്‍സിക്, ഡി.എന്‍.എ പരിശോധനകൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.
ഭൂപരിഷ്കരണ നിയമത്തിനുശേഷം പട്ടയഭൂമിയില്‍ ഉടമകള്‍ നട്ടുവളര്‍ത്തിയതും സ്വയം മുളച്ചതുമായ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ചുമാറ്റാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യൂ പട്ടയഭൂമികളില്‍ ഈട്ടി, തേക്ക് മരംമുറി നടന്നത്. 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ചുമാറ്റിയതെന്ന് വ്യക്തമാക്കുന്ന ഡി.എന്‍.എ പരിശോധനഫലം അടുത്തിടെ പുറത്തുവന്നിരുന്നു. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം അനുവദിക്കുന്നതിനും നൂറ്റാണ്ടുകള്‍ മുമ്പുള്ള മരങ്ങളാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്ന് മുറിച്ചുകടത്തിയതെന്ന് തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് തെളിഞ്ഞത്.
ഇതോടെ അനുവദനീയമായ മരങ്ങളാണ് മുറിച്ചതെന്ന പ്രതികളുടെ വാദം നുണയാണെന്ന് തെളിയുകയായിരുന്നു. വില്ലേജ് ഓഫിസിൽ ഭൂവുടമകളുടെ പേരിൽ നൽകിയ അപേക്ഷ വ്യാജമാണെന്നതും തിരുവനന്തപുരത്ത് നടത്തിയ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഡി.എന്‍.എ, ഫോറന്‍സിക് പരിശോധനഫലങ്ങള്‍ മരംമുറിക്കേസില്‍ പ്രതികള്‍ക്കെതിരായ ശക്തമായ തെളിവുകളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.