എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യ: അന്വേഷണത്തില്‍ സര്‍ക്കാരും സി.പി.എമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെ.സുധാകരന്‍

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാരും സി.പിഎ.മ്മും വെള്ളം ചേര്‍ക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദിയായ പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സി.പി.എം നിർദേശിച്ചത് ഗത്യന്തരമില്ലാതെയാണ്. ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തിരിച്ചടി ഭയന്നുള്ള താത്കാലിക പിന്‍മാറ്റം മാത്രമാണിത്.

ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും പി.പി. ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് സി.പി.എം നേതൃത്വം സ്വീകരിക്കും. ഇതുവരെയുള്ള സി.പി.എമ്മിന്റെ പരാമ്പര്യവും ശൈലിയും പരിശോധിച്ചാലത് വ്യക്തമാണ്. എ.ഡി.എമ്മിന്റെ മരണം സംഭവിച്ച ഉടനെ അതിന് കാരണക്കാരിയായ പി.പി. ദിവ്യയെ കൈവിടാന്‍ സി.പി.എം മടികാണിച്ചതും അഴിമതിവിരുദ്ധ പോരാളിയെന്ന പ്രതിച്ഛായ അവര്‍ക്ക് ചാര്‍ത്തി കൊടുത്ത് പ്രതിരോധം തീര്‍ക്കാന്‍ ഡി.വൈ.എഫ്.ഐ മുന്നോട്ട് വന്നതും അതിന് ഉദാഹരണമാണ്.

ആത്മഹത്യ ചെയ്ത എ.ഡിഎ.മ്മിന്റെത് ഇടതനുകൂല കുടുംബമാണെന്ന പരിഗണന പോലും നല്‍കാതെ വ്യാജ അഴിമതി ആരോപണം ഉയര്‍ത്തി മരണശേഷവും നവീന്‍ ബാബുവിനെ അപമാനിക്കാനാണ് സി.പി.എം ശ്രമിച്ചത്. കേരളീയ പൊതുസമൂഹത്തിന്റെ വികാരം എതിരായപ്പോള്‍ മാത്രമാണ് പി.പി. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തത്.മുൻപ് തലശ്ശേരി കുട്ടിമാക്കൂലിലെ സഹോദരിമാരെ അധിക്ഷേപിച്ചതിലും അവരില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിലും പി.പി. ദിവ്യയെ രക്ഷപ്പെടുത്തിയ സംവിധാനം തന്നെയാണ് ഇപ്പോള്‍ കേസെടുത്തത് എന്നത് കൂടി ചേര്‍ത്ത് വായിക്കണം. 

യാത്രയയപ്പ് യോഗത്തിനിടെ എ.ഡി.എമ്മിനെ അധിക്ഷേപിക്കുന്നതിന് പി.പി. ദിവ്യക്ക് നാടകീയമായ സാഹചര്യം ഒരുക്കുന്നതില്‍ കലക്ടര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണം. ക്ഷണിക്കാത്ത യോഗത്തിലേക്ക് പി.പി. ദിവ്യ കടന്നു വന്നത് ആസൂത്രിതമായ ഇടപെടലിന്റെ ഭാഗമാണെന്ന് ആക്ഷേപമുണ്ട്. പി.പി. ദിവ്യ എ.ഡി.എമ്മിനെ അധിക്ഷേപിക്കുമ്പോള്‍ കലക്ടര്‍ ഇടപെടാതെ ഇരുന്നതും ദുരൂഹമാണ്.

എ.ഡി.എമ്മിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ച പരാതിക്കാരന്‍ ടി.വി. പ്രശാന്തന്റെ സാമ്പത്തിക സ്രോതസും ഈ ഇടപാടില്‍ പി.പി. ദിവ്യക്ക് പങ്കുണ്ടോയെന്നതും ഉള്‍പ്പെടെ അന്വേഷിക്കണം. എ.ഡി.എമ്മിനെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് പരാതിക്കാരന്റെതായി പുറത്തുവന്ന ശബ്ദസംഭാഷണത്തിലൂടെ ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ആരോപണത്തിന് കഥയും തിരക്കഥയും രചിച്ച കറുത്ത ശക്തികളെ നിമയത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു. 

Tags:    
News Summary - ADM Naveen Babu's suicide: K Sudhakaran says government and CPM should not add water to the investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.