മലപ്പുറം: നിയമപരമായി അർഹതയുണ്ടായിട്ടും 1330 ക്ഷേമസ്ഥാപനങ്ങൾക്ക് ഗ്രാന്റ് നൽകാൻ തയാറാവാതെ സംസ്ഥാന സർക്കാർ. ഓർഫനേജ് കൺേട്രാൾ ബോർഡിൽ രജിസ്റ്റർ ചെയ്ത 1798 ക്ഷേമസ്ഥാപനങ്ങളിൽ 468 എണ്ണത്തിനു മാത്രമാണ് സർക്കാർ ഗ്രാന്റുള്ളത്. ബാക്കി സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് അന്തേവാസികൾക്കാണ് ആനുകൂല്യം നിഷേധിക്കപ്പെടുന്നത്.
ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിൽ 646 അനാഥാലയങ്ങൾ, 67 അമ്മയും കുഞ്ഞും സംരക്ഷണകേന്ദ്രങ്ങൾ, 26 ദത്തെടുക്കൽ കേന്ദ്രങ്ങൾ, 19 ബെഗർ ഹോമുകൾ, 306 ഭിന്നശേഷി-മാനസികരോഗ പുനരധിവാസ കേന്ദ്രങ്ങൾ, 44 പാലിയേറ്റിവ് സെന്ററുകൾ എന്നിവയുണ്ട്. ഇത്തരം സ്ഥാപനങ്ങളിലധികവും മത-സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ട ട്രസ്റ്റുകൾക്കു കീഴിലുള്ളതാണ്. വർഷങ്ങളോളമായി സർക്കാർ സഹായമില്ലാതെയാണ് ഇവ പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങളിൽ ആകെ 87,000ത്തോളം അന്തേവാസികളുണ്ട്.
ക്ഷേമസ്ഥാപനങ്ങളുടെ ഗ്രാന്റിനുള്ള അപേക്ഷ വർഷങ്ങളായി സാമൂഹികനീതി വകുപ്പിൽ കെട്ടിക്കിടക്കുകയാണ്. ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടാത്തതിന്റെ പേരിൽ സമസ്തക്കു കീഴിലെ 136 മുസ്ലിം ഓർഫനേജുകൾക്ക് ആറു വർഷത്തിലേറെയായി ഗ്രാന്റ് ലഭിക്കുന്നില്ല.
ബാലനീതി നിയമത്തിൽ പറയുന്ന കുട്ടിയും ഓർഫനേജിലെ കുട്ടിയും തമ്മിൽ നിർവചനത്തിൽ വ്യത്യാസമുണ്ടെന്നും ഈ നിയമത്തിന്റെ പരിധിയിൽനിന്ന് മുസ്ലിം ഓർഫനേജുകളെ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് 2018ൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ സുപ്രീംകോടതിെയ സമീപിച്ചതോടെയാണിത്. ഈ കേസിന്റെ ഇടക്കാലവിധിയിൽ സമസ്തക്കു കീഴിലുള്ള ഓർഫനേജുകൾക്കെതിരെ ബാലനീതി നിയമപ്രകാരം നടപടി എടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്തിമ വിധി വന്നിട്ടില്ല.
സമസ്തയുടെ പല അനാഥാലയങ്ങളും വഖഫ് സ്ഥാപനങ്ങളായതിനാൽ വഖഫ് ബോർഡ് നിയന്ത്രണത്തിലുള്ളതുകൂടിയാണ്. ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്തതും നേരത്തേ, ഗ്രാന്റ് ലഭിച്ചിരുന്നതുമായ അനാഥാലയങ്ങൾക്കാണ് ബാലനീതി നിയമത്തിൽ രജിസ്റ്റർ ചെയ്തില്ലെന്ന കാരണത്താൽ സാമൂഹിക നീതി വകുപ്പ് ഗ്രാന്റ് നിഷേധിക്കുന്നത്.
വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങൾ പൂട്ടണമെന്ന ഉത്തരവ് നൂറുകണക്കിന് അന്തേവാസികളെ പെരുവഴിയിലാക്കും. ഇത്തരം സ്ഥാപനങ്ങൾ മേയ് 31നകം പൂട്ടണമെന്നാണ് സാമൂഹികനീതി വകുപ്പിന്റെ നിർദേശം. വാടകകെട്ടിടത്തിലാണ് എന്ന കാരണത്താൽ, നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ശരിയെല്ലന്ന് അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബ്ൾ ഇൻസ്റ്റിറ്റ്യൂഷൻസ് ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
ഓർഫനേജ് ഫെസ്റ്റുകൾക്ക് ഫണ്ട് അനുവദിക്കാതായിട്ട് വർഷങ്ങളായി. നേരത്തേ, ജില്ല ഫെസ്റ്റിന് 50,000 രൂപയും സംസ്ഥാന ഫെസ്റ്റിന് ഒരു ലക്ഷം രൂപയും അനുവദിച്ചിരുന്നു. 2017 മുതൽ കാരണമൊന്നും പറയാതെ, സഹായം നിർത്തി. ഭിന്നശേഷി-മാനസികരോഗ പുനരധിവാസകേന്ദ്രങ്ങൾക്ക് രജിസ്ട്രേഷൻ ഫീസായി സർക്കാർ 7800 രൂപ ഇൗടാക്കുന്നത് അന്യായമാണ്. വിവിധ ആവശ്യങ്ങളുന്നയിച്ച് മന്ത്രി ഡോ. ആർ. ബിന്ദുവിന് നിവേദനം നൽകിയതായി അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബ്ൾ ഇൻസ്റ്റിറ്റ്യൂഷൻസ് പ്രസിഡന്റ് ലിജോ ചിറ്റിലപ്പള്ളിയും ജന. സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.