തിരുവനന്തപുരം: മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണാവശ്യം ഹൈകോടതി തള്ളിയതിന്റെ ആശ്വാസം തീരുംമുമ്പാണ് മുന്നണിക്കും സർക്കാറിനും പ്രഹരമായി എസ്.എഫ്.ഐ.ഒയുടെ നിർണായകനീക്കം. സേവനം നൽകാതെ, പണം കൈപ്പറ്റിയെന്ന കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര ഏജൻസി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയമായി അസാധാരണ സാഹചര്യം മാത്രമല്ല, ധാർമികവും രാഷ്ട്രീയവുമായ ചോദ്യങ്ങളാണ് തെരഞ്ഞെടുപ്പ് വർഷത്തിൽ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും നേരെ ഉയർത്തുന്നത്. വിഷയമുയർന്ന ആദ്യഘട്ടങ്ങളിൽ കാര്യമായ പ്രതിരോധങ്ങളില്ലാതെ സി.പി.എം നേതൃത്വം ഏറക്കുറെ നിശ്ശബ്ദമായിരുന്നു. ‘മുഖ്യമന്ത്രിയുടെ മകൾ’ എന്നതിനപ്പുറം ‘ഒരു സംരംഭക’ എന്ന നിലയിൽ കേസിനെ അവതരിപ്പിക്കാനാണ് നേതൃത്വം ആദ്യം ശ്രമിച്ചത്.
മുഖ്യമന്ത്രി നിയമസഭയിൽ നിലപാട് വ്യക്തമാക്കിയതും ഈ സ്വഭാവത്തിലായിരുന്നു. പിന്നീടാണ് മകൾക്കെതിരെ കേസെടുത്തതിലൂടെ മുഖ്യമന്ത്രിയെ രാഷ്ട്രീയമായി വേട്ടയാടാനുള്ള കേന്ദ്ര ഏജൻസികളുടെ നീക്കമെന്ന പ്രതിരോധത്തിലേക്കും പ്രചാരണത്തിലേക്കും പാർട്ടി കടന്നത്. പിന്നാലെ, പാർട്ടി സംവിധാനങ്ങൾ ഒന്നടങ്കം വീണക്കുവേണ്ടി അണിനിരക്കുകയും ചെയ്തിരുന്നു. പൊതുതെരഞ്ഞെടുപ്പുകൾക്കും ഉപതെരഞ്ഞെടുപ്പുകൾക്കും തൊട്ടുമുമ്പ് കേസ് ഉയർന്നുവരുന്ന പ്രവണതയും ഈ ഘട്ടങ്ങളിൽ മാത്രമുള്ള കേന്ദ്ര ഏജൻസികളുടെ മൊഴിയെടുക്കൽ നീക്കങ്ങളും ‘രാഷ്ട്രീയ വേട്ടയാടൽ’ എന്ന സി.പി.എം വാദങ്ങൾക്ക് പരോക്ഷമായെങ്കിലും അടിവരയിടുകയും ചെയ്തു. ഏറ്റവും ഒടുവിൽ വിജിലൻസ് അന്വേഷണാവശ്യം നിരസിച്ചുള്ള ഹൈകോടതി വിധി പിടിവള്ളിയാക്കി, ക്രമക്കേടിന് തെളിവുണ്ടെന്ന് നിയമസഭയിലും പുറത്തും നിരന്തരം അവകാശവാദമുന്നയിച്ച പ്രതിപക്ഷത്തിന് നേരെ ആയുധമാക്കാനുള്ള പുറപ്പാടിലായിരുന്നു പാർട്ടി. മഴവിൽ സഖ്യത്തിന്റെ നീക്കങ്ങൾ കോടതിയിൽ തകർന്നെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അന്ന് പ്രതികരിച്ചതും.
അനുകൂല വിധി ആയുധമാക്കിയതിനാൽ അതേ കേസിൽ തന്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതോടെ, രൂപപ്പെട്ട പ്രതികൂല സാഹചര്യത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനോ ‘സംരംഭകക്കെതിരെയുള്ള കേസ്’ എന്ന പഴയവാദത്തിലേക്ക് തിരികെപ്പോകാനോ പാർട്ടിക്ക് കഴിയില്ല. മുഖ്യമന്ത്രിയുടെ മകൾ എന്ന പരിഗണനയിലാണ് വീണക്ക് പണം നൽകിയതെന്ന ആരോപണമാണ് മാസപ്പടിക്കേസിലെ കാതൽ. സ്വാഭാവികമായും മുഖ്യമന്ത്രിയിലേക്ക് കൂടിയാണ് ചോദ്യമുന നീളുന്നത്. മകൾക്കെതിരെ പ്രോസിക്യൂഷൻ നടപടി തുടരുമ്പോൾ മുഖ്യമന്ത്രിക്ക് എങ്ങനെ ആ കസേരയിൽ തുടരാനാകുമെന്ന ചോദ്യമുയർത്തി പ്രതിപക്ഷവും ഇതിനകം രംഗത്ത് എത്തിക്കഴിഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാസപ്പടി വിവാദം ഉയർന്ന ഘട്ടത്തിൽ, ‘കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ വേട്ടയാടുന്നെന്ന പുകമറ സൃഷ്ടിക്കാനും ഇതുവഴി തെരഞ്ഞെടുപ്പിൽ അനുകൂല സാഹചര്യമുണ്ടാക്കാനുമുള്ള ഒത്തുകളി’ എന്നായിരുന്നു പ്രതിപക്ഷ നിലപാട്. എന്നാൽ, മകളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ‘മുഖ്യമന്ത്രിയുടെ രാജി’ എന്ന നിലപാടിലേക്ക് പ്രതിപക്ഷവും മാറി. മുഖ്യമന്ത്രിയെ മുൻനിർത്തി മൂന്നാം ഇടതുസർക്കാർ എന്ന കാമ്പയിനിന് സി.പി.എമ്മും മുന്നണിയും തയാറെടുക്കുമ്പോഴാണ് എസ്.എഫ്.ഐ.ഒ യുടെ നീക്കം. സംസ്ഥാന സമ്മേളനത്തിൽ നവ കേരളത്തിനായി പ്രത്യേക നയരേഖ അടക്കം അവതരിപ്പിച്ച് മുഖ്യമന്ത്രിയും അതിനുള്ള ഒരുക്കത്തിലാണ്.
മാസപ്പടിക്കേസിൽ കഴിഞ്ഞ ജനുവരിയിലാണ് ബംഗളൂരുവിലെയും കൊച്ചിയിലെയും രജിസ്ട്രാർ ഓഫ് കമ്പനീസ് ഓഫിസുകൾ ആദ്യം പ്രാഥമികാന്വേഷണം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് ഇ.ഡിയും അഴിമതി നിരോധന നിയമം അനുസരിച്ച് സി.ബി.ഐയും അന്വേഷിക്കാവുന്ന ഇടപാടുകൾ കണ്ടെത്തിയെന്നായിരുന്നു അവരുടെ അന്വേഷണ റിപ്പോർട്ട്. അതേസമയം രജിസ്ട്രാർ ഓഫ് കമ്പനീസിലെ മൂന്ന് ഇൻസ്പെക്ടർമാരുടെ അന്വേഷണമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. പിന്നീടാണ് എസ്.എഫ്.ഐ.ഒ അന്വേഷണം തുടങ്ങിയതും കുറ്റപത്രം സമർപ്പിച്ചതും.
മധുര (തമിഴ്നാട്): മാസപ്പടി കേസിൽ മകൾ വീണ വിജയൻ പ്രതിയാക്കപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടി. മധുരയിൽ സി.പി.എമ്മിന്റെ 24 മത് പാർട്ടി കോൺഗ്രസ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പിണറായിയെയും പാർട്ടിയെയും ഒരുപോലെ വെട്ടിലാക്കി കോഴ വിവരങ്ങൾ തെളിവ് സഹിതം പുറത്തുവന്നതെന്നത് പ്രഹരം ഇരട്ടിയാക്കി. സി.പി.എമ്മിന്റെ രാജ്യത്തെ ഏറ്റവും പ്രബലമായ കേരള ഘടകത്തെ നിയന്ത്രിക്കുന്ന നേതാവും പാർട്ടിയുടെ ഏക മുഖ്യമന്ത്രിയും എന്ന നിലയിൽ പിണറായി വിജയനാണ് പാർട്ടി കോൺഗ്രസ് വേദിയിലെ താരം. മകൾ വീണയും ഭാര്യ കമലയും പിണറായിക്കൊപ്പം മധുരയിൽ ഉണ്ട്. പാർട്ടി കോൺഗ്രസ് പ്രതിനിധിയായി മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസും ഒപ്പം ഉണ്ട്.
പിണറായി സർക്കാറിന്റെ തുടർഭരണവും കേരള മോഡലും ദേശീയതലത്തിൽ ഇടത് ബദലായി ഉയർത്തിക്കാട്ടാനുള്ള നീക്കത്തിലാണ് സി.പി.എം നേതൃത്വം. പാർട്ടി കോൺഗ്രസിലെ ചർച്ചയിൽ രണ്ടാം ദിനം ഉയർന്നുവന്ന വിഷയങ്ങളിലൊന്ന് പിണറായി സർക്കാറിന്റെ ഭരണ നേട്ടങ്ങൾ ദേശീയതലത്തിൽ ഉയർത്തി കാട്ടാനുള്ള കാമ്പയിൻ സംബന്ധിച്ചായിരുന്നു. ഒമ്പതു വർഷത്തെ പിണറായിയുടെ സദ്ഭരണ നേട്ടങ്ങൾ കേരളത്തിന്റെ പ്രതിനിധി സവിസ്തരം വിവരിച്ചു. ഇതു കേട്ട ഉത്തരേന്ത്യൻ പ്രതിനിധികൾ കേരളത്തിന്റെ നേട്ടങ്ങൾ ഉത്തരേന്ത്യയിൽ അറിയിക്കുന്നതിൽ കേന്ദ്രം നേതൃത്വം പരാജയപ്പെട്ടുവെന്നു പോലും പ്രതികരിച്ചു. പിണറായിയുടെ കേരള ബദൽ കാമ്പയിൻ നടത്താനുള്ള തീരുമാനം പട്ടി കോൺഗ്രസ് എടുത്തിരിക്കവെയാണ് കരിമണൽ കോഴയുടെ വരവ്. കേരളത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ രംഗത്തെത്തിയതോടെ പിണറായി വിജയൻ ഒരു നിമിഷം കൊണ്ട് താരപ്പകിട്ടിൽനിന്ന് സംശയത്തിന്റെ കരിനിഴലിലായി.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ മാത്രമാണ് വീണ വിജയന്റെ കമ്പനിക്ക് ഒരു സേവനവും നൽകാതെ 2.7 കോടി രൂപ ലഭിച്ചതെന്നും ഈ സാഹചര്യത്തിൽ അഴിമതി നടത്തിയതിന്റെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരുനിമിഷം പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല.
മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് മകൾ പ്രോസിക്യൂഷൻ നടപടികൾ നേരിടുന്നതിനെ എങ്ങനെ ന്യായീകരിക്കും? മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷമുന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഇത്രനാൾ ന്യായീകരിച്ചവർക്ക് ഇനി എന്ത് പറയാനുണ്ട്? ഇത്രയും ഗുരുതര വിഷയത്തിൽ സി.പി.എം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പിണറായി വിജയന് രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. 10 വര്‍ഷം വരെ തടവ് കിട്ടുന്ന കുറ്റമാണിത്. തെളിവുകളെ അതിജീവിക്കാന്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ സാധിക്കില്ല.
കേരള ഹൗസില്‍ മുഖ്യമന്ത്രി ഗവര്‍ണറെയും കൂട്ടി കേന്ദ്ര ധനമന്ത്രിയെ കണ്ടത് കേസില്‍നിന്ന് രക്ഷപ്പെടാനായിരുന്നു. അവിടെ നടന്ന ചര്‍ച്ച മുഖ്യമന്ത്രി പുറത്തുവിട്ടിട്ടില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യംകൊണ്ട് കേസില്‍നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും സുധാകരന് പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.