തൃശൂർ: ഡി.വൈ.എഫ്.ഐ നേതാവ് കെ.യു. ബിജു കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ടു. 13 ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരായിരുന്നു പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരെയാണ് തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. തെളിവുകൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി വിധി.തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ വി രജനീഷാണ് ശിക്ഷ വിധിച്ചത്.
സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്നു ബിജു. 2008 ജൂൺ 30നാണ് ബിജുവിന് നേരെ ആക്രമണമുണ്ടാകുന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു.
സഹകരണ ബാങ്കിന്റെ കുറി പിരിക്കാൻ ബൈക്കിൽ വരികയായിരുന്ന ബിജുവിനെ ആർ.എസ്.എസ് പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞു നിർത്തി ഇരുമ്പ് പൈപ്പുകൾ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പടെ 14 പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. പ്രായപൂർത്തിയാകാത്ത രണ്ടാം പ്രതിയുടെ വിചാരണ തൃശ്ശൂർ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ നടക്കുകയാണ്. ജോബ്, ഗിരീഷ്, സേവ്യർ, സുബിൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാർ, മനോജ്, ഉണ്ണികൃഷ്‌ണൻ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികൾ
ബി.ജെ.പി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാറിനെയും കേസിൽ പ്രതി ചേർത്തിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. ശരിയായ നിലയിൽ തെളിവുകൾ വിലയിരുത്താൻ കോടതിക്ക് കഴിഞ്ഞില്ല എന്നും അബോധാവസ്ഥയിലായിരുന്ന ബിജു മൊഴി നൽകിയില്ല എന്നുമുള്ള വിചിത്ര വാദമാണ് കോടതി നടത്തിയതെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.അഡ്വ. പാരിപ്പിള്ളി ആർ. രവീന്ദ്രനായിരുന്നു കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 38 സാക്ഷികളെയും രേഖകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്നും നാല് സാക്ഷികളെ വിസ്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.