കോഴിക്കോട്: ചികിത്സയിലുള്ള 14കാരന്റെ നിപ പരിശോധന ഫലം പോസിറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലെ നിപ ഫലമാണ് പോസിറ്റീവായത്. പുണെ വൈറോളജി ലാബിലെ പരിശോധന ഫലം കൂടി ലഭിച്ചാലേ നിപ സ്ഥിരീകരിക്കുകയുള്ളൂ.ഫലം രാത്രിയോടെ ലഭിക്കുമെന്നാണ് കരുതുന്നത്. പുണെ ലാബിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടനുസരിച്ചേ മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളൂവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.പ്രതിരോധത്തിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളജിൽ 30 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുമെന്ന് വീണ ജോർജ് പറഞ്ഞു.
അഞ്ച് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി. പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. അവിടെ നിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. രോഗം ഭേദമാകാതെ തുടർന്ന് 19ന് രാത്രിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിപ സംശയിക്കുന്ന സാഹചര്യത്തിൽ മലപ്പുറം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ തുറന്നു. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ മലപ്പുറത്ത് യോഗം ചേരുകയാണ്. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കും.
ഈ കുട്ടിക്ക് നേരത്തേ ചെള്ളുപനിയും സ്ഥിരീകരിച്ചിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച സമ്പിൾ പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്.
കുട്ടിയുടെ മാതാപിതാക്കളും ബന്ധുവും നിരീക്ഷണത്തിലാണ്. സംഭവത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നടപടികൾ സ്വീകരിച്ചു തുടങ്ങി.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനാൽ വെന്റിലേറ്ററിലാണ് കുട്ടി കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.