തിരുവനന്തപുരം: സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ സർക്കാർ ഒന്നരക്കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് 55 ലക്ഷം, കോട്ടയം മെഡിക്കല്‍ കോളജ് 50 ലക്ഷം, കോഴിക്കോട് മെഡിക്കല്‍ കോളജ് 45 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. അവയവദാനം കൂട്ടുകയും മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ അവയവദാന ശസ്ത്രക്രിയ നടത്തുകയുമാണു ലക്ഷ്യം. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ സജീവമാക്കാനാണ് മെഡിക്കല്‍ കോളജുകള്‍ക്ക് തുക അനുവദിച്ചത്.
കൂടുതല്‍ രോഗികള്‍ക്ക് സഹായകമാകാന്‍ കൂടുതല്‍ അവയവദാനം നടത്താനുള്ള വലിയ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയ സംബന്ധിച്ച ഭരണപരമായ കാര്യങ്ങൾ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് കേരള സ്‌റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാൻസ്പ്ലാന്‍റ് ഓര്‍ഗനൈസേഷന്‍ രൂപവത്കരിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെന്‍റിലേറ്റര്‍, മള്‍ട്ടിപാരമീറ്റര്‍ മോണിറ്ററുകള്‍, പോര്‍ട്ടബിള്‍ എ.ബി.ജി അനലൈസര്‍ മെഷീന്‍, 10 ഐ.സി.യു കിടക്ക, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്കായി തുക ചെലവഴിക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യ വര്‍ക്സ്‌റ്റേഷന്‍, കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള ട്രാൻസ്പ്ലാന്‍റ്ഉപകരണങ്ങള്‍, ലാപ്രോസ്‌കോപ്പി സെറ്റ്, റിനല്‍ട്രാൻസ്പ്ലാന്‍റ് ഐ.സി.യു ഉപകരണങ്ങള്‍ എന്നിവ സജ്ജമാക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സി.ആർ.ആർ.ടി മെഷീന്‍, പോര്‍ട്ടബിള്‍ ഡയാലിസിസ് മെഷീന്‍, അള്‍ട്രാ ലോ ടെമ്പറേച്ചര്‍ ഫ്രീസ് എന്നിവക്കുമാണ് തുക വിനിയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.